വില്‍പന സമ്മര്‍ദത്തില്‍ സൂചികകള്‍; ഫെഡറല്‍ ബാങ്ക് റെക്കോഡ് തിരുത്തി, മൂഡീസ് റേറ്റിംഗില്‍ ഉയര്‍ന്ന് യെസ് ബാങ്ക്
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും ഗാര്‍ഡന്‍ റീച്ചും മസഗോണ്‍ ഡോക്കും കയറ്റത്തിലേക്ക് തിരിച്ചെത്തി
വിപണിയില്‍ വില്‍പന സമ്മര്‍ദം ശക്തമായി തുടരുകയാണ്. രാവിലെ ഉയര്‍ന്നു വ്യാപാരം തുടങ്ങിയ സെന്‍സെക്‌സും നിഫ്റ്റിയും പിന്നീടു താഴ്ന്നു നഷ്ടത്തിലായി. വീണ്ടും നേട്ടത്തിലേക്കു കയറി. ബാങ്ക് നിഫ്റ്റിയും നഷ്ടത്തില്‍ വീണിട്ടു തിരിച്ചു കയറി.
ഇന്നു റിസല്‍ട്ട് പ്രസിദ്ധീകരിക്കുന്ന ടി.സി.എസ് അടക്കം ഐ.ടി കമ്പനികള്‍ പലതും ഇന്നു നേട്ടം കാണിച്ചു.
റിസല്‍ട്ട് പ്രതീക്ഷയോളം വരാത്തതിനാല്‍ ടാറ്റാ എല്‍ക്‌സി ഓഹരി അഞ്ചു ശതമാനം വരെ ഇടിഞ്ഞു. പിന്നീടു നഷ്ടം കുറച്ചു.
മൂഡീസ് റേറ്റിംഗ് ഉയര്‍ത്തിയതിനെ തുടര്‍ന്ന് യെസ് ബാങ്ക് ഓഹരി എട്ടു ശതമാനത്തോളം കുതിച്ചു.
മികച്ച റിസല്‍ട്ട് കെ.സി.പി ഷുഗര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസിനെ 15 ശതമാനം ഉയര്‍ത്തി. പഞ്ചസാര ഓഹരികള്‍ പൊതുവേ കയറ്റത്തിലാണ്. നവംബറിനു മുമ്പേ പഞ്ചസാര കയറ്റുമതി അനുവദിക്കുമെന്ന പ്രതീക്ഷയാണു വിപണിക്കുള്ളത്.
ഫെഡറല്‍ ബാങ്ക് ഇന്നു റെക്കോര്‍ഡ് തിരുത്തി 189.65 രൂപ വരെ കയറി.
2,100 കോടി രൂപയുടെ സ്മാര്‍ട്ട് മീറ്റര്‍ കരാര്‍ ലഭിച്ചത് എച്ച്.പി.എല്‍ ഇലക്ട്രിക് ആന്‍ഡ് പവര്‍ ലിമിറ്റഡ് ഓഹരിയെ 14 ശതമാനം ഉയര്‍ത്തി.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഇന്ന് അഞ്ചു ശതമാനം കയറി. ഗാര്‍ഡന്‍ റീച്ചും മസഗോണ്‍ ഡോക്കും കയറ്റത്തിലാണ്.
രൂപ ഇന്നും കാര്യമായ മാറ്റം ഇല്ലാതെ തുടര്‍ന്നു. ഡോളര്‍ രണ്ടു പൈസ കുറഞ്ഞ് 83.50 രൂപയില്‍ ഓപ്പണ്‍ ചെയ്തു.
സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 2,380 ഡോളറിലേക്കു കയറി. കേരളത്തില്‍ സ്വര്‍ണം പവന് 160 രൂപകൂടി 53,840 രൂപയായി.
ക്രൂഡ് ഓയില്‍ വില കയറുകയാണ്. ബ്രെന്റ് ഇനം 85.75 ഡോളറില്‍ എത്തി.