വിപണി കയറിയിറങ്ങുന്നു; ടി.സി.എസ് തുണച്ചു, ഐ.ടി കുതിച്ചു, റിസല്‍ട്ട് പ്രതീക്ഷയില്‍ ഐ.ആര്‍.ഇ.ഡി.എ
ഷിപ്പിംഗ് കോര്‍പ്പറേഷന്‍ 10 ശതമാനം ഉയര്‍ന്നു, ക്രൂഡ് ഓയില്‍ താഴുന്നു
ഐ.ടിയില്‍ കുതിപ്പ്, ബാങ്കിംഗില്‍ ചാഞ്ചാട്ടം. ഇന്ന് ഇന്ത്യന്‍ വിപണി തുടക്കം മുതല്‍ നേട്ടത്തിലാണ്. എങ്കിലും വില്‍പന സമ്മര്‍ദം സൂചികകളെ ഇടയ്ക്കു താഴ്ത്തുന്നുമുണ്ട്.
നിഫ്റ്റി 24,440.75 വരെ കയറിയിട്ട് 24,331.15 വരെ താഴ്ന്നു. സെന്‍സെക്‌സ് 80,294.69 വരെ കയറുകയും 79,843.39 വരെ താഴുകയും ചെയ്തു.
ടി.സി.എസ് പ്രതീക്ഷയിലും മികച്ച റിസല്‍ട്ട് പുറത്തുവിട്ടത് ഐ.ടി ഓഹരികളെ ഉയര്‍ത്തി. ടി.സി.എസ് മൂന്നു ശതമാനത്തോളം ഉയര്‍ന്നു 4000 രൂപയ്ക്കു മുകളിലായി. ഇന്‍ഫോസിസും വിപ്രോയും ഇന്നു റിസല്‍ട്ട് പ്രസിദ്ധീകരിക്കുന്ന എച്ച്.സി.എല്ലും ഒന്നു മുതല്‍ രണ്ടു വരെ ശതമാനം കയറി. എംഫസിസ്, കോഫോര്‍ജ്, പെര്‍സിസ്റ്റന്റ്, എൽ.ടി.ഐ മൈന്‍ഡ് ട്രീ തുടങ്ങിയ മിഡ് ക്യാപ്പുകളും ഉയര്‍ന്നു. ഐ.ടി സൂചിക രണ്ടു ശതമാനം വരെ കയറി.
ഓയില്‍ ഇന്ത്യയുടെ റേറ്റിംഗ് മോര്‍ഗന്‍ സ്റ്റാന്‍ലി ഉയര്‍ത്തിയത് ഓഹരിയെ ഏഴു ശതമാനം കയറ്റി.
ഫെഡറല്‍ ബാങ്ക് ഓഹരി രാവിലെ 196.42 രൂപയില്‍ റെക്കോര്‍ഡ് കുറിച്ചു. പിന്നീട് അല്‍പം താണു.
ഇന്നു റിസല്‍ട്ട് വരാനിരിക്കെ ഐ.ആര്‍.ഇ.ഡി.എ ഓഹരി ആറു ശതമാനം ഉയര്‍ന്നു.
ഇന്നലെ 20 ശതമാനം ഉയര്‍ന്ന ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഹരി ഇന്നു രാവിലെ10 ശതമാനത്തോളം ഉയര്‍ന്നു. ഓയില്‍ ടാങ്കറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ സംയുക്ത കമ്പനി ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഷിപ്പിംഗ് കോര്‍പറേഷനോടു നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇന്നലെ 14 ശതമാനം ഉയര്‍ന്ന ശ്രേയസ് ഷിപ്പിംഗ് ഇന്ന് ഒന്‍പതു ശതമാനം വരെ ഉയര്‍ന്നിട്ട് അല്‍പം താണു. എസാര്‍ ഷിപ്പിംഗ് ഇന്നലെയും ഇന്നും 10 ശതമാനം വീതം കയറി. ഇന്നലെ വലിയ നേട്ടം കുറിച്ച ജി.ഇ ഷിപ്പിംഗ് ഇന്നുരാവിലെ അഞ്ചു ശതമാനം ഉയര്‍ന്നു.
രൂപ, സ്വര്‍ണം, ക്രൂഡ്
രൂപ ഇന്നും തുടക്കത്തില്‍ നേട്ടം ഉണ്ടാക്കി. ഡോളര്‍ മൂന്നു പൈസ കുറഞ്ഞ് 83.53 രൂപയില്‍ ഓപ്പണ്‍ ചെയ്തു.
സ്വര്‍ണം ലോകവിപണിയില്‍ 2,409 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 240 രൂപ വര്‍ധിച്ച് 54,080 രൂപയായി.
ക്രൂഡ് ഓയില്‍ വില സാവധാനം താഴ്ന്നു. ബ്രെന്റ് ഇനം 85.59 ഡോളറില്‍ എത്തി.