കുതിപ്പിനു ലാഭമെടുക്കലിൻ്റെ കുരുക്ക്; പൊതുമേഖലാ ബാങ്കുകൾ കയറുന്നു; ഐ.സി.ഐ.സി.ഐ, സിറ്റി യൂണിയന്‍ ബാങ്ക് ഓഹരികള്‍ക്ക് മുന്നേറ്റം
ബാങ്ക് നിഫ്റ്റി ഒരു ശതമാനത്തിലധികം ഉയർന്നു
ഉയർന്ന നേട്ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി വിൽപന സമ്മർദം മൂലം നേട്ടത്തിൽ നിന്നു പിന്നോട്ടു പോയി. 24,980.45ൽ റെക്കോർഡ് കുറിച്ച ശേഷം നിഫ്റ്റി 24,869.80 വരെ താണു. 81,749.34 വരെ ഉയർന്ന സെൻസെക്സ് 81,496.54 വരെ താഴ്ന്നു.
ബാങ്ക് നിഫ്റ്റി ഒരു ശതമാനത്തിലധികം ഉയർന്നു.
ഇന്ത്യാ സിമൻ്റ്സിനെ വാങ്ങുന്ന അൾട്രാ ടെക് സിമൻ്റിൻ്റെ ഓഹരി ഒന്നര ശതമാനം വരെ ഉയർന്നു. ഇന്ത്യാ സിമൻ്റ്സ് ഓഹരി രണ്ടര ശതമാനം കയറിയിട്ടു താഴ്ന്നു. സിമൻ്റ് കമ്പനികൾ ഇന്നു പാെതുവേ കയറ്റത്തിലാണ്.
ലാഭവും ലാഭമാർജിനും കുത്തനെ താഴ്ന്ന ശ്രീ ദ്വിഗ്‌വിജയ് സിമൻ്റ് ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.
റിസൽട്ടിൻ്റെ വെളിച്ചത്തിൽ ബന്ധൻ ബാങ്ക് ഓഹരി 12 ശതമാനം കയറി. അറ്റാദായം 47 ശതമാനം വർധിച്ചു. ആസ്തി നിലവാരം മെച്ചപ്പെട്ടു.
നല്ല റിസൽട്ടിനെ തുടർന്ന് ഐ.സി.ഐ.സി.ഐ ബാങ്ക് ഓഹരി രണ്ടു ശതമാനത്തിലധികം ഉയർന്നു. സിറ്റി യൂണിയൻ ബാങ്ക് റിസൽട്ട് പ്രതീക്ഷയിലും മികച്ചതായ സാഹചര്യത്തിൽ ഏഴു ശതമാനം ഉയർന്നു.
പൊതുമേഖലാ ബാങ്ക് ഓഹരികൾ രണ്ടു മുതൽ ആറു വരെ ശതമാനം കയറി.
വരുമാനം 17 ശതമാനം കൂടിയെങ്കിലും അറ്റാദായം 12 ശതമാനം കുറഞ്ഞ ഇൻഡിഗോ (ഇൻ്റർ ഗ്ലോബ് ഏവിയേഷൻ) ഓഹരി രണ്ടു ശതമാനം താഴ്ചയിലായി.
ഓയിൽ ഇന്ത്യ ഓഹരി മൂന്നു ശതമാനത്തിലധികം ഉയർന്ന് 580 രൂപയിൽ എത്തി. അംബിറ്റ് കാപ്പിറ്റൽ കമ്പനിയുടെ ഓഹരിക്ക് 805 രൂപ ലക്ഷ്യ വിലയായി നിശ്ചയിച്ചു.
രൂപ, സ്വർണം, ക്രൂഡ്
രൂപ ഇന്നു തുടക്കത്തിൽ കയറി. ഡോളർ മൂന്നു പെെസ കുറഞ്ഞ് 83.70 രൂപയിൽ ഓപ്പൺ ചെയ്തു.
സ്വർണം ലോകവിപണിയിൽ 2395 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 120 രൂപകൂടി 50,720 രൂപയായി.
ക്രൂഡ് ഓയിൽ ചെറിയ കയറ്റത്തിലാണ്. ബ്രെൻ്റ് ഇനം 81.41 ഡോളറിൽ എത്തി.