വില്‍പന സമ്മര്‍ദ്ദം; ഓഹരി വിപണി താഴുന്നു, കിറ്റെക്‌സിനും ഭാരത് ഇലക്ട്രോണിക്‌സിനും കുതിപ്പ്
മെറ്റല്‍, പി.എസ്.യു ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ് ഒഴികെയുള്ള മേഖലകള്‍ നഷ്ടത്തില്‍
വിപണിയില്‍ വീണ്ടും വില്‍പന സമ്മര്‍ദ്ദവും രാഷ്ട്രീയ ആശങ്കയും. ഉയര്‍ന്നു വ്യാപാരം തുടങ്ങുമെന്ന ഡെറിവേറ്റീവ് വിപണിയിലെ സൂചനകള്‍ പാഴായി. വിപണി താഴ്ന്നു തുടങ്ങിയിട്ടു ചാഞ്ചാട്ടത്തിലായി. ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നിഫ്റ്റി 0.15 ശതമാനവും സെന്‍സെക്‌സ് 0.25 ശതമാനവും താഴ്ചയിലാണ്.
മെറ്റല്‍, പി.എസ്.യു ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ ഒഴികെ എല്ലാ മേഖലകളും രാവിലെ നഷ്ടത്തിലാണ്.
വിറ്റുവരവ് 77 ശതമാനവും ലാഭം 500 ശതമാനവും വര്‍ധിപ്പിച്ച കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരി 10 ശതമാനം കുതിച്ചു. പിന്നീടു നേട്ടം കുറഞ്ഞു. നാലാം പാദ വിറ്റുവരവ് 97.7 കോടിയില്‍ നിന്ന് 173 കോടി രൂപയായി. അറ്റാദായം 3.36 കോടിയില്‍ നിന്ന് 20.13 കോടി രൂപയായി.
വരുമാനവും ലാഭവും കൂടിയ നാലാം പാദ റിസല്‍ട്ടിനെ തുടര്‍ന്ന് ഭാരത് ഇലക്ട്രോണിക്‌സ് എട്ടു ശതമാനം കയറി. കഴിഞ്ഞ ദിവസം ഒന്‍പതു ശതമാനം ഉയര്‍ന്നതാണ്. ജെഫറീസ് 305 രൂപയിലേക്ക് ലക്ഷ്യവില ഉയര്‍ത്തി മികച്ച ലാഭവര്‍ധന കാണിച്ച ഐ.ആര്‍.എഫ്.സി നാലു ശതമാനം കയറി.
നാലാം പാദത്തില്‍ നഷ്ടത്തിലേക്ക് വീണ ലോജിസ്റ്റിക്‌സ് കമ്പനി ഡെല്‍ഹിവെറി ഇന്നു രാവിലെ 10 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ ദിവസം അഞ്ചു ശതമാനം താഴ്ന്നിരുന്നു.
നാലാം പാദ വിറ്റുവരവ് 36 ശതമാനവും ലാഭം 86 ശതമാനവും ഇടിഞ്ഞ ശോഭ ഡവലപ്പേഴ്‌സ് ഓഹരി ഇന്നു രാവിലെ ആറു ശതമാനം താഴ്ന്നു.
രൂപയും സ്വർണവും
രൂപ ഇന്നും നേട്ടം ഉണ്ടാക്കി. ഡോളര്‍ മൂന്നു പൈസ കുറഞ്ഞ് 83.31 രൂപയിലാണ് ഓപ്പണ്‍ ചെയ്തത്.
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. രാവിലെ 2,435 ഡോളര്‍ വരെ ഉയര്‍ന്ന സ്വര്‍ണം പിന്നീട് 2,411ലേക്കു താണു. കേരളത്തില്‍ സ്വര്‍ണം പവന് 480 രൂപ കുറഞ്ഞ് 54,640 രൂപയായി.
ക്രൂഡ് ഓയില്‍ വില താഴോട്ടു നീങ്ങി. ബ്രെന്റ് ഇനം 83.21 ഡോളറിലേക്കു താണു.