വിപണിയില്‍ ഇടിവ്; സ്വർണവില ഉയര്‍ന്നത് സ്വർണപ്പണയ കമ്പനികള്‍ക്ക് നേട്ടമായി, അദാനി ഓഹരികള്‍ നഷ്ടത്തില്‍
ഉയർന്ന വിലയിൽ ലാഭമെടുത്തു മാറാനുള്ള പ്രവണത വിപണിയെ വലിച്ചു താഴ്ത്തി
ചെറിയ നഷ്ടത്തിൽ തുടങ്ങി കൂടുതൽ നഷ്ടത്തിലേക്ക് വിപണി നീങ്ങി. ഉയർന്ന വിലയിൽ ലാഭമെടുത്തു മാറാനുള്ള പ്രവണത വിപണിയെ വലിച്ചു താഴ്ത്തി. സെൻസെക്സ് രാവിലെ 82,653 വരെയും നിഫ്റ്റി 25,292 വരെയും താഴ്ന്നു. പിന്നീടു നഷ്ടം കുറച്ചു. ബാങ്ക് നേട്ടത്തിൽ നിന്നു നഷ്ടത്തിലായി.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ മുക്കാൽ ശതമാനം ഉയർന്നു.
റിയൽറ്റി, മെറ്റൽ, മീഡിയ, പി എസ് യു ബാങ്ക്, ഓയിൽ - ഗ്യാസ്, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകൾ നേട്ടത്തിലാണ്.
സ്വർണവില ഉയരുന്നത് സ്വർണപ്പണയ കമ്പനികളുടെ ഓഹരികൾക്കു നേട്ടമായി. മുത്തൂറ്റ് ഫിനാൻസും മണപ്പുറം ഫിനാൻസും രണ്ടു ശതമാനത്തിലധികം ഉയർന്നു.
അദാനി ഗ്രൂപ്പിൻ്റെ ചില ബാങ്ക് അക്കൗണ്ടുകൾ സ്വിറ്റ്സർലൻഡ് മരവിപ്പിച്ചതായ റിപ്പോർട്ടുകളെ തുടർന്ന് അദാനി കമ്പനികളുടെ വില താഴ്ന്നു. റിപ്പോർട്ട് അദാനി ഗ്രൂപ്പ് നിഷേധിച്ചു.
ക്രൂഡ് ഓയിൽ വിലക്കയറ്റം ഏഷ്യൻ പെയിൻ്റ്സ്, പിഡിലൈറ്റ് തുടങ്ങിയവയെ താഴ്ത്തി.
എച്ച്എസ്ബിസി, തെർമാക്സിൻ്റെ ലക്ഷ്യവില ഉയർത്തിയതിനെ തുടർന്ന് ഓഹരി നാലു ശതമാനത്തിലധികം ഉയർന്നു.
പുതിയ ഓർഡറുകൾ ലഭിച്ചതിനെ തുടർന്ന് എച്ച്ജി ഇൻഫ്ര നാലു ശതമാനം കയറി.
രൂപ ഇന്നു രാവിലെ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ആറു പൈസ കുറഞ്ഞ് 83.91 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 83.93 രൂപയായി.
സ്വർണം കുതിപ്പ് തുടരുകയാണ്. ഇന്നു രാവിലെ ഔൺസിന് 2569 ഡോളറിലേക്ക് സ്വർണം കയറി. കേരളത്തിൽ സ്വർണം പവന് 960 രൂപ വർധിച്ച് 54,640 രൂപയായി. കസ്റ്റംസ് ഡ്യൂട്ടി കുറച്ച ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.
ക്രൂഡ് ഓയിൽ ഉയർന്നു നിൽക്കുന്നു. ബ്രെൻ്റ് ഇനം 72.30 ഡോളറിലാണ്.