താഴ്ചയിൽ നിന്നു നേട്ടത്തിലേക്ക്, പിന്നീടു ചാഞ്ചാട്ടം; തിരിച്ചു കയറി റിലയന്‍സ്, ഓഹരി വില്‍പ്പനയില്‍ താഴ്ന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌

ഐ.ടി, വാഹന ഓഹരികള്‍ താഴ്ചയില്‍

Update:2024-10-16 10:43 IST

ഇന്ത്യൻ വിപണി ആഗോള വിപണികളിൽ നിന്നു വേറിട്ട നിലപാട് എടുക്കുന്ന ദിവസമായി ഇന്ന്. രാവിലെ താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണി പിന്നീട് നേട്ടത്തിലേക്കു മാറി. അതിനു ശേഷം ചാഞ്ചാട്ടമായി. നിഫ്റ്റി 24,993 വരെ താഴ്ന്നിട്ടു തിരിച്ചു കയറി 25,080 വരെ രാവിലെ ഉയർന്നു. ബാങ്ക് നിഫ്റ്റിയും താഴ്ചയിൽ നിന്നു നേട്ടത്തിലേക്കു കയറി.

ഐ.ടി ഓഹരികൾ രാവിലെ മുതൽ താഴ്ചയിലാണ്. ടി.സി.എസ് ഒരു ശതമാനം താണിട്ടു നഷ്ടം കുറച്ചു. വാഹനമേഖലയും താഴ്ചയിലായി.
ഇന്നലെ രണ്ടു ശതമാനത്തിലധികം താഴ്ന്ന റിലയൻസ് ഇൻഡസ്ട്രീസ് ഇന്നു രാവിലെ താഴ്ന്നിട്ട് ഉയർച്ചയിലേക്കു മാറി.
ഉപഗ്രഹ വാർത്താവിനിമയത്തിനുള്ള സ്പെക്ട്രം ലേലം ചെയ്യാതെ ടെലികോം വകുപ്പ് ഭരണപരമായ തീരുമാനത്തിലൂടെ വിൽക്കും എന്ന കേന്ദ്ര സർക്കാരിൻ്റെ തീരുമാനം ഇന്ത്യൻ ടെലികോം കമ്പനികൾക്ക് ഹിതകരമല്ല. ഇന്ത്യൻ കമ്പനികൾ ലേലം ആവശ്യപ്പെട്ടിരുന്നു. സ്റ്റാർ ലിങ്കിൻ്റെ ഇലോൺ മസ്ക് ലേലത്തെ എതിർത്തു. സർക്കാർ നിലപാട് ഇന്ത്യൻ കമ്പനികൾ മൊബൈൽ നിരക്കുകൾ വർധിപ്പിക്കാൻ വഴിയൊരുക്കും.
വിദേശ ബ്രോക്കറേജ് ജെഫറീസ് റേറ്റിംഗ് താഴ്ത്തിയതിനെ തുടർന്ന് ബി.എസ്.ഇ  ലിമിറ്റഡ് ഓഹരി ആറു ശതമാനത്തോളം ഇടിഞ്ഞു. ഓഹരിക്ക് 27 ശതമാനം ഇടിവാണ് ജെഫറീസ് പ്രവചിച്ചത്.
സർക്കാർ അഞ്ചു ശതമാനം ഓഹരി ഓഫർ ഫോർ സെയിലിൽ വിൽക്കുന്നതിനെ തുടർന്ന് കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരി നാലു ശതമാനം വരെ താഴ്ന്നു.
ക്രൂഡ് ഓയിൽ വില താഴ്ന്നതിനെ തുടർന്ന് എച്ച്.പി.സി.എൽ മൂന്നു ശതമാനം കയറി. മറ്റ് എണ്ണ വിപണന കമ്പനികളും കയറ്റത്തിലാണ്.
അറ്റാദായം 20 ശതമാനവും ഇ.പി.എസ് 47 ശതമാനവും വർധിപ്പിച്ച റാലിസ് ഇന്ത്യ ഓഹരി 14 ശതമാനം കുതിച്ചു.
ലാഭവും വിപണി പങ്കും വർധിപ്പിക്കുകയും വരുമാന പ്രതീക്ഷ ഉയർത്തുകയും ചെയ്ത എച്ച്.ഡി.എഫ്.സി ലൈഫ് ഓഹരി രണ്ടര ശതമാനം വരെ ഉയർന്നു.

രൂപ,  സ്വർണം, ക്രൂഡ്

രൂപ ഇന്നു മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. പിന്നീട് താണു. ഡോളർ 84.04 രൂപയിൽ ഓപ്പൺ ചെയ്തിട്ട് 84.06 രൂപയിലേക്കു കയറി. സ്വർണം ലോകവിപണിയിൽ ഔൺസിന് 2667 ഡോളറിലേക്കു കയറി. കേരളത്തിൽ ആഭരണ സ്വർണം പവന് 360 രൂപ കൂടി 57,120 രൂപ എന്ന റെക്കോർഡ് വിലയിൽ എത്തി. ഇതാദ്യമാണ് പവൻ വില 57,000 കടന്നത്. ക്രൂഡ് ഓയിൽ വില നേരിയ തോതിൽ കയറി. ബ്രെൻ്റ് ഇനം 74.50 ഡോളർ ആയി.


Tags:    

Similar News