നേട്ടത്തില്‍ നിന്നു ചാഞ്ചാട്ടത്തില്‍; പൊതുമേഖലയ്ക്ക് കിതപ്പ്, റെക്കോഡ് തിരുത്തി ഫെഡറല്‍ ബാങ്ക്

ഓഹരി കൈമാറ്റം പി.എന്‍.ബിക്ക് ക്ഷീണമായി, വളം ഓഹരികള്‍ക്ക് ഇന്നും മുന്നേറ്റം

Update:2024-06-20 11:35 IST

Image by Canva

ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു താഴ്ന്നു ചാഞ്ചാട്ടത്തിലായി. നിഫ്റ്റി 23,500നും സെന്‍സെക്‌സ് 77,200നും താഴെ എത്തി.

ഫണ്ടുകള്‍ വാങ്ങല്‍ തുടരുമ്പോള്‍ തന്നെ വില്‍പനയും വര്‍ധിപ്പിച്ചു. പല ഫണ്ടുകളും എന്‍.എ.വി വര്‍ധിപ്പിക്കാനായി വലിയ ലാഭത്തിലുള്ള ഓഹരികള്‍ വിറ്റു പണമാക്കുന്നുമുണ്ട്.
റിയല്‍റ്റി, ഓയില്‍, മെറ്റല്‍ തുടങ്ങിയവ രാവിലെ നേട്ടത്തിലാണ്. തുടക്കത്തില്‍ കയറ്റത്തിലായിരുന്ന ബാങ്കുകള്‍ പിന്നീടു താണു. ഐ.ടി ഓഹരികളും താഴ്ചയില്ലായി. ടാറ്റാ കെമിക്കല്‍സ് അടക്കം കെമിക്കല്‍ കമ്പനികള്‍ ഉയര്‍ച്ചയിലാണ്.
ഓഹരികളുടെ കുതിപ്പും കിതപ്പും 
യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മുന്നറിയിപ്പു നല്‍കിയതായ വാര്‍ത്ത സണ്‍ ഫാര്‍മയുടെ ഓഹരിയെ മൂന്നു ശതമാനം താഴ്ത്തി.
പി.എന്‍.ബി ഹൗസിംഗിന്റെ 5.2 ശതമാനം ഓഹരി കൈമാറ്റം ചെയ്യപ്പെട്ടത് ഓഹരിയെ നാലര ശതമാനം ഇടിച്ചു.
പി.എഫ്.സി, ആര്‍.ഇ.സി, പവര്‍ ഗ്രിഡ്, ഭെല്‍, ബെല്‍, ഓയില്‍ ഇന്ത്യ തുടങ്ങിയ പൊതുമേഖലാ ഓഹരികള്‍ ഇന്നു രാവിലെ താണു.
ഇന്നലെ 177.45 രൂപ വരെ കയറിയ ഫെഡറല്‍ ബാങ്ക് ഇന്നു രാവിലെ 177.85 രൂപയിലെത്തി റെക്കോര്‍ഡ് തിരുത്തി.
ധനലക്ഷ്മി ബാങ്ക് ഓഹരി അഞ്ചു ശതമാനം കയറി 44.88 രൂപയായി. ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായി കെ.കെ. അജിത് കുമാര്‍ നിയമിക്കപ്പെട്ടു. ഫെഡറല്‍ ബാങ്കില്‍ പ്രസിഡന്റ് പദവിയിലാണ് അദ്ദേഹം.
സൗത്ത് ഇന്ത്യന്‍ ബാങ്ക് 1.8 ശതമാനവും സി.എസ്.ബി ബാങ്ക് രണ്ടു ശതമാനവും ഉയര്‍ന്നു.
ഫാക്ട് ഓഹരി ഇന്ന് ആറര ശതമാനം കയറി 973.35 രൂപയില്‍ എത്തി റെക്കോര്‍ഡ് കുറിച്ചു. ആര്‍.സി.എഫ്, ചംബല്‍, നാഷണല്‍ ഫെര്‍ട്ടിലൈസര്‍, നാഗാര്‍ജുന, സുവാരി അഗ്രോ, സ്പിക്, ദീപക് തുടങ്ങിയവയും നല്ല നേട്ടത്തിലാണ്. ഖാരിഫ് വിളകളുടെ താങ്ങുവില കൂട്ടിയതും ജി.എസ്.ടി കൂട്ടുമെന്ന പ്രതീക്ഷയുമാണു കാരണം.
നാളെ എഫ്.ടി.എസ.്ഇ സൂചികയില്‍ നിന്നു വിപ്രോയെ മാറ്റി അദാനി പോര്‍ട്‌സിനെ ഉള്‍പെടുത്തും. അദാനി പോര്‍ട്‌സ് ഓഹരിയിലേക്കു വലിയ നിക്ഷേപം എത്താന്‍ കാരണമാകും.
രൂപ, സ്വര്‍ണം, ക്രൂഡ്
രൂപ ഇന്നു രാവിലെ നേട്ടം കാണിച്ചു. പിന്നീടു താഴ്ന്നു. ഡോളര്‍ മൂന്നു പൈസ കുറഞ്ഞ് 83.43 രൂപയില്‍ വ്യാപാരം തുടങ്ങി. പിന്നീട് 83.50 രൂപയായി.
സ്വര്‍ണം ലോക വിപണിയില്‍ 2034 ഡോളറിലായി. കേരളത്തില്‍ സ്വര്‍ണം പവന് 120 രൂപ കൂടി 53,120 രൂപയായി.
ക്രൂഡ് ഓയില്‍ താഴുന്ന പ്രവണതയാണു കാണിക്കുന്നത്. ബ്രെന്റ് ഇനം 85.08 ഡോളറിലേക്കു താണു.


Tags:    

Similar News