വിപണി ചാഞ്ചാട്ടത്തില്‍; പ്രതിരോധ ഓഹരികള്‍ ഉയരുന്നു, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് കയറിയത് 3 ശതമാനം
ഇന്ന് കയറിയ ഓഹരികളില്‍ പലതും ഓഗസ്റ്റില്‍ 30 ശതമാനം വരെ ഇടിഞ്ഞവ
തുടര്‍ച്ചയായി 13 ദിവസം ഉയര്‍ന്ന ഇന്ത്യന്‍ വിപണി ഇന്നു താഴുന്ന സൂചനയാണ് രാവിലത്തെ വ്യാപാരത്തില്‍ ഉള്ളത്. ചെറിയ താഴ്ചയില്‍ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു ചാഞ്ചാട്ടത്തിലായി. മുഖ്യസൂചികകള്‍ താഴ്ന്നപ്പോഴും മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഉയര്‍ന്നു.
പ്രതിരോധ ഓഹരികള്‍ രാവിലെ ഉയര്‍ന്നു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് മൂന്നു ശതമാനത്തോളം കയറി. ഗാര്‍ഡന്‍ റീച്ച്, മസഗണ്‍ ഡോക്ക്, ബി.ഇ.എം.എല്‍, എച്ച.എ.എല്‍, ഭാരത് ഡൈനാമിക്‌സ്, ഭാരത് ഇലക്ട്രോണിക്‌സ് തുടങ്ങിയവ ആറു ശതമാനം വരെ ഉയര്‍ന്നു. ഈ ഓഹരികള്‍ പലതും ഓഗസ്റ്റില്‍ 30 ശതമാനം വരെ ഇടിഞ്ഞവയാണ്.
ഇര്‍കോണ്‍, ഐ.ആര്‍.എഫ്.സി, ഐ.ആര്‍.സി.ടി.സി എന്നിവ ഉയര്‍ന്നപ്പോള്‍ ആര്‍.വി.എന്‍.എലും റെയില്‍ടെലും താഴ്ന്നു.
ഉപകമ്പനിയായ ബെല്‍സ്റ്റാര്‍ മൈക്രോ ഫിനാന്‍സിന് ഐപിഒ നടത്താന്‍ സെബിയുടെ അനുമതി ലഭിച്ചത് ആദ്യം മുത്തൂറ്റ് ഫിനാന്‍സ് ഓഹരിയെ ഉയര്‍ത്തിയെങ്കിലും പിന്നീട് അല്‍പം താഴ്ചയിലാക്കി.
ഓഹരികള്‍ തിരിച്ചു വാങ്ങും എന്ന റിപ്പോര്‍ട്ട് മാട്രിമണി ഡോട്ട് കോം ഓഹരിയെ 11 ശതമാനം ഉയര്‍ത്തി.
ടാറ്റാ സ്റ്റീല്‍ അടക്കം സ്റ്റീല്‍ ഓഹരികള്‍ ഇന്നും താഴ്ന്നു.
ഗുജറാത്തിലെ സനന്ദില്‍ സെമി കണ്ടക്ടര്‍ നിര്‍മാണ യൂണിറ്റ് തുടങ്ങുമെന്ന കേയ്ന്‍സ് ടെക്‌നോളജീസിന്റെ പ്രഖ്യാപനം ഓഹരിയെ ആറു ശതമാനം കയറ്റി.
രൂപ ഇന്നു രാവിലെ ക്ഷീണത്തിലായി. ഡോളര്‍ രണ്ടു പൈസ കൂടി 83.94 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.95 രൂപയായി.
സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 2495 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് വില മാറ്റമില്ല.
ക്രൂഡ് ഓയില്‍ താഴ്ച തുടരുന്നു. ബ്രെന്റ് ഇനം 77.23 ഡോളറിലായി.