മൊബൈല്‍ഫോണ്‍ നിര്‍മ്മാണത്തില്‍ കൂടുതല്‍ ശ്രദ്ധ; ഈ ഓഹരി മുന്നേറിയേക്കാം

ഏസറിനായി ലാപ്‌ടോപ്പുകള്‍ നിര്‍മ്മിക്കുന്ന കമ്പനി; ലെനോവോ, നോക്കിയ, ഷവോമി തുടങ്ങിയവയുമായും കരാര്‍

Update:2023-12-23 16:34 IST

ഏസര്‍ ലാപ്‌ടോപ്പുകള്‍, വിവിധ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ഉല്‍പ്പന്നങ്ങള്‍ (ലൈറ്റിംഗ്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്), ഗൃഹോപകരണങ്ങള്‍ എന്നിവ നിര്‍മിക്കുന്ന കമ്പനികള്‍ക്കായി ഘടകങ്ങള്‍ തുടങ്ങിയവ നിര്‍മിക്കുന്ന ഡിക്സണ്‍ ടെക്‌നോളോജിസ് (Dixon Technologies) ഓഹരിക്ക് മുന്നേറ്റ സാധ്യത.

കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, മൊബൈല്‍ ഹാന്‍ഡ് സെറ്റ് നിര്‍മാണ രംഗത്ത് ശക്തമായ സാന്നിധ്യമുറപ്പിച്ചിരിക്കുന്ന ഈ കമ്പനി ഓഹരിയുടെ സാധ്യതകൾ 

1. ഏസര്‍ ലാപ് ടോപ്പുകളുടെ നിര്‍മാണം - വാര്‍ഷിക ഉത്പാദനം രണ്ടു മുതല്‍ മൂന്ന് ലക്ഷം വരെ. കേന്ദ്ര സര്‍ക്കാരിന്റെ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ) പദ്ധതി പ്രകാരം ലെനോവോ ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍ ഉത്പാദിപ്പിക്കാനുള്ള കരാര്‍ ലഭിച്ചു. ഇതിനായി 250 കോടി രൂപയുടെ മൂലധന ചെലവ് നടത്തും. 2024-25 ആദ്യ പാദത്തില്‍ ഉത്പാദനം ആരംഭിക്കും. ലെനോവോയുടെ 10-15% ലാപ് ടോപ്- ടാബ്ലറ്റ് നിര്‍മാണവും ഡിക്‌സണ്‍ ടെക്നോളജീസിന് ഏറ്റെടുക്കാന്‍ സാധിച്ചേക്കും. ഇതില്‍ നിന്ന് 1500-2000 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

2. മറ്റു ചില ബിസിനസ് വിഭാഗങ്ങളിലെ വരുമാനത്തില്‍ കുറവ് ഉണ്ടായപ്പോഴും മൊബൈല്‍, ഇലക്ട്രോണിക്‌സ് നിര്‍മാണ വിഭാഗങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടു. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 77% വര്‍ധിച്ച് 2,819 കോടി രൂപയായി. പ്രവര്‍ത്തന ലാഭം 93 കോടി രൂപ (119% വാര്‍ഷിക വളര്‍ച്ച). നോക്കിയ, മോട്ടോറോള, ജിയോ, ഷവോമി തുടങ്ങിയ മൊബൈല്‍ ഹാന്‍ഡ് സെറ്റ് നിര്‍മാതാക്കള്‍ക്ക് വേണ്ടി ഉല്‍പാദനം നടത്തുന്നുണ്ട്. നോയിഡയില്‍ 3.2 ലക്ഷം ചതുരശ്ര അടി വിസ്തൃതി ഉള്ള പുതിയ മൊബൈല്‍ നിര്‍മാണ കേന്ദ്രം ആരംഭിച്ചു. നിലവില്‍ ഇവിടെ പ്രതിമാസം 3 ലക്ഷം ഫോണുകള്‍ നിര്‍മിക്കുന്നതില്‍ നിന്ന് 25 ലക്ഷം വരെ ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

3. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ വരുമാനം 4% കുറഞ്ഞെങ്കിലും സാംസംഗ്, ഗൂഗിള്‍ എന്നിവരുമായി ധാരണയില്‍ എത്തിയത് കമ്പനിയുടെ വളര്‍ച്ചയ്ക്ക് സഹായകരമാകും. സാംസംഗ് ടൈസന്‍ (Tizen OS) ഓപ്പറേറ്റിംഗ് സംവിധാനം നിര്‍മിക്കാനുള്ള ലൈസെന്‍സ് ലഭിച്ചിട്ടുണ്ട്.

4.എല്‍.ഇ.ഡി ലൈറ്റിംഗ് വിഭാഗത്തില്‍ പുതിയ ഉല്‍പന്നങ്ങള്‍ പുറത്തിറക്കുകയും ജര്‍മനി, യു.കെ എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുകയും ചെയ്യുന്നു.

5. ഐ.ടി ഹാര്‍ഡ് വെയര്‍ വിഭാഗത്തില്‍ കൂടുതല്‍ ശക്തരാകുകയാണ് കമ്പനി. ക്രമേണ ഈ ബിസിനസ് ഏറ്റവുമധികം വരുമാനം നല്‍കുന്ന രണ്ടാമത്തെ വിഭാഗമായി മാറുകയാണ്. ബാറ്ററി, ചാര്‍ജര്‍, കാബിനറ്റ്, ഡിസ്‌പ്ലേ എന്നിവയുടെ ഉത്പാദനവും ആരംഭിക്കാന്‍ പദ്ധതിയുണ്ട്. സ്വന്തം ബ്രാന്‍ഡ് ഇറക്കാതെ ബി2ബി യായി പ്രവര്‍ത്തിക്കുന്നത് വിവിധ കമ്പനികള്‍ക്ക് സേവനം നല്‍കി വളരാനുള്ള അവസരമൊരുക്കും. 

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില - 7,320 രൂപ

നിലവില്‍ - 6400 രൂപ

(Stock Recommendation by Nirmal Bang Research)


(Equity investing is subject to market risk. Always do your own research or consult a financial expert before investing)


Tags:    

Similar News