ചെറിയ നേട്ടങ്ങളോടെ ഓഹരി വിപണി; ഇ.ഡി റെയ്ഡില്‍ കോടതി തീരുമാനം വന്നതോടെ മണപ്പുറം ഓഹരികള്‍ കുതിച്ചുയര്‍ന്നു

സൊമാറ്റോ ഓഹരി ഇന്ന് ആറു ശതമാനത്തോളം ഉയർന്നു, പിന്നീടു നേട്ടം കുറഞ്ഞു

Update: 2023-08-28 06:05 GMT

Representational image 

വിപണി ഇന്നു നേട്ടത്തിൽ വ്യാപാരം തുടങ്ങിയിട്ട് ചാഞ്ചാട്ടത്തിലായി. പിന്നീടു കയറ്റം തുടർന്നു. ഏഷ്യൻ വിപണികളിലെ ഉണർവ് സഹായകമായി. മണപ്പുറം ജനറൽ ഫിനാൻസ് എംഡി വി.പി. നന്ദകുമാറിനെതിരായ എൻഫോഴ്സ്മെന്റ് കേസ് കേരള ഹെെക്കോടതി റദ്ദാക്കി. ഓഹരി നേട്ടത്തിലായി.

സൊമാറ്റോ ഓഹരി ഇന്ന് ആറു ശതമാനത്തോളം ഉയർന്നു, പിന്നീടു നേട്ടം കുറഞ്ഞു. ഒരു വിഭാഗം പ്രാരംഭ നിക്ഷേപകരുടെ വിൽപന വിലക്കു കാലാവധി അവസാനിച്ച സാഹചര്യത്തിലാണിത്. എല്ലാ ഓർഡറുകൾക്കും രണ്ടു രൂപ പ്ലാറ്റ്ഫോം ഫീസ് ഏർപ്പെടുതിയതും വില ഉയരാൻ സഹായിച്ചു.

അദാനി ഗ്രൂപ്പ് ഓഹരികൾ 

അദാനി ഗ്രൂപ്പ് ഓഹരികൾ രാവിലെ നല്ല നേട്ടത്തിലായിരുന്നു. പിന്നീടു നേട്ടം കുറഞ്ഞു. അരി കയറ്റുമതിക്കു കൂടുതൽ നിയന്ത്രണങ്ങൾ വന്നത് കെആർബിഎൽ ഓഹരിയെ നാലു ശതമാനത്തോളം താഴ്ത്തി. എൽടി ഫുഡ്സും താഴ്ചയിലാണ്. ബസ്മതി അരിയുടെ കുറഞ്ഞ കയറ്റുമതി വില ടണ്ണിന് 1200 ഡോളറാക്കിയിട്ടുണ്ട്. പുഴുക്കലരി കയറ്റുമതിക്ക് 20 ശതമാനം തീരുവ ചുമത്തി.

രൂപ, സ്വർണം, ഡോളർ 

രൂപ ഇന്നു നേട്ടത്തിലാണ്. ഡോളർ 10 പെെസ നഷ്ടത്തിൽ 82.55 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 82.51 രൂപയിലേക്കു താണു. സ്വർണം ലോക വിപണിയിൽ 1916 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 43,600 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.  

Tags:    

Similar News