താഴ്ച, ചാഞ്ചാട്ടം

അര മണിക്കൂറിനുള്ളിൽ 500 പോയിൻറിലേറെ ചാഞ്ചാടി ഓഹരി വിപണി

Update: 2021-05-03 05:08 GMT

താഴ്ന്നു തുടങ്ങിയിട്ട് വീണ്ടും താണു. തിരിച്ചു കയറി. പിന്നീടു താണു. ഇന്നു രാവിലെ അരമണിക്കൂറിനുള്ളിൽ 500 പോയിൻറിലേറെ ചാഞ്ചാട്ടമാണു സെൻസെക്സിലുണ്ടായത്. 48,028 വരെ താണ സെൻസെക്സ് നാനൂറിലേറെ പോയിൻ്റ് തിരിച്ചുപിടിച്ചു.

റിലയൻസ് ഇൻഡസ്ട്രീസാണ് ഇന്നു വിപണിയെ വലിച്ചു താഴ്ത്തിയത്. മുഖ്യസൂചികകൾ അര ശതമാനം താണപ്പോൾ റിലയൻസ് രണ്ടു ശതമാനത്തിലേറെ താഴോട്ടു പോയി. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തു വന്ന റിലയൻസിൻ്റെ പാദ-വാർഷിക റിസൽട്ടുകൾ പ്രതീക്ഷയോളം വന്നില്ല. പല വിദേശബ്രോക്കറേജുകളും ഓഹരി വിൽക്കാൻ ശിപാർശ നൽകി. സൗദി അരാംകോയുമായുള്ള ഇടപാട് ഉദ്ദേശിച്ച വേഗത്തിലും രീതിയിലും മുന്നേറാത്തതും റിലയൻസിലുള്ള താൽപര്യം കുറച്ചു.
എസ്ബിഐ അടക്കമുള്ള ബാങ്കുകളും സൂചികകളെ താഴ്ത്തി. നിഫ്റ്റി ബാങ്ക് സൂചിക 500-ലേറെ പോയിൻ്റ് താണു. ഫിനാൻസ് കമ്പനികളും ക്ഷീണത്തിലാണ്‌.
ഡോളർ ഇന്നു കരുത്തു കാണിച്ചു. 20 പൈസ നേട്ടത്തിൽ 74.26 രൂപയിലാണു വ്യാപാരം തുടങ്ങിയത്.പിന്നീട് 74.31 രൂപയിലേക്കു കയറി.
വിദേശത്തു സ്വർണം അൽപം ഉയർന്ന് 1774 ഡോളറിലെത്തി. കേരളത്തിൽ പവനു 160 രൂപ വർധിച്ച് 35, 200 രൂപയായി.
ക്രൂഡ് ഓയിൽ വില താണ് വീപ്പയ്ക്ക് 66.48 ഡോളറായി. ഇന്ത്യയിലും ബ്രസീലിലും മറ്റും ഇന്ധന ഉപയോഗം കുറയുന്നതാണു കാരണം.


Tags:    

Similar News