വിപണി ചാഞ്ചാടുന്നു; ബാങ്കുകളും സ്റ്റീലും താഴോട്ട്, വോഡഫോൺ ഐഡിയ ഓഹരി വില ഇടിയാൻ കാരണം ഇതാണ്

മുഖ്യസൂചികകൾ ഒരു മണിക്കൂറിനകം നാലു തവണ നഷ്ടത്തിലേക്കു വീണു;

Update:2022-01-11 11:04 IST

ബാങ്ക്, ധനകാര്യ ഓഹരികൾ താഴോട്ടു നീങ്ങിയതും സ്റ്റീൽ അടക്കം മെറ്റൽ ഓഹരികൾ ഇടിഞ്ഞതും ഇന്നു വിപണിയെ ഉലച്ചു. ഉയർന്നു തുടങ്ങിയ വിപണിയിലെ മുഖ്യസൂചികകൾ ഒരു മണിക്കൂറിനകം നാലു തവണ നഷ്ടത്തിലേക്കു വീണു.

സർക്കാരിന് സ്പെക്ട്രം ഫീസിലും റവന്യു വിഹിതത്തിലും നൽകാനുള്ള കുടിശിക ഓഹരിയാക്കി മാറ്റാൻ വോഡഫോൺ ഐഡിയ തീരുമാനിച്ചത് ഓഹരി വില 15 ശതമാനത്തോളം ഇടിയാൻ കാരണമായി. കുടിശിക സർക്കാരിൻ്റെ ഓഹരിയാക്കുമ്പോൾ നിലവിലുള്ള ഓഹരിയുടമകളുടെ പങ്കാളിത്തത്തോത് കുത്തനെ താഴും. പ്രൊമോട്ടർമാർക്കു നിലവിൽ 72 ശതമാനം ഓഹരിയുള്ളതു 43.6 ശതമാനമായി കുറയും. ഗവണ്മെൻ്റിന് 35.8 ശതമാനം ഓഹരി ഉണ്ടാകും. മുഖവിലയായ 10 രൂപയ്ക്കാണു ഗവണ്മെൻ്റിന് ഓഹരി നൽകുക.
ഡിസംബറിലവസാനിച്ച പാദത്തിൽ കമ്പനിയിലൂടെ നടന്ന ഇടപാടുകൾ റിക്കാർഡ് വളർച്ച കാണിച്ചെന്ന പേയ്ടിഎമിൻ്റെ അറിയിപ്പ് ഓഹരി വില അൽപം ഉയർത്തി. ആദ്യം നാലു ശതമാനം വരെ കയറിയെങ്കിലും പിന്നീടു നഷ്ടത്തിലായി. ഇഷ്യു വിലയിൽ നിന്നു 46 ശതമാനം താഴെയാണ് ഓഹരി ഇപ്പോൾ. ഓഹരിവില 900 രൂപയാകുമെന്ന് വിദേശ ബ്രോക്കറേജ് മക്കാറീ കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു.
സ്റ്റീലിൻ്റെ സുവർണകാലം കഴിഞ്ഞെന്ന ജെഫെറിസിൻ്റെ വിലയിരുത്തൽ ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ള്യു സ്റ്റീൽ തുടങ്ങി സ്റ്റീൽ ഓഹരികളുടെ വിലയിടിച്ചു.
ലോക വിപണിയിൽ സ്വർണം 1806 ഡോളറിലാണ്. കേരളത്തിൽ പവനു 160 രൂപ വർധിച്ച് 35,760 രൂപ ആയി.
ഡോളർ ഇന്നും ദുർബലമായി. 10 പൈസ താണ് 73.94 രൂപയിലാണ് ഡോളർ വ്യാപാരം തുടങ്ങിയത്.



Tags:    

Similar News