ഉയരത്തിൽ നിന്ന് വീണ് ഓഹരി സൂചിക; എണ്ണയ്ക്ക് തീ പിടിപ്പിച്ച് പശ്ചിമേഷ്യൻ സംഘർഷം

ക്രൂഡ് ഓയിൽ വില ഏഴു വർഷങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന തലത്തിൽ

Update: 2022-01-18 05:45 GMT

ഉയർന്നു തുടങ്ങി; വീണ്ടും ഉയർന്നു. പിന്നെ താണു. അര മണിക്കൂറിനുള്ളിൽ സെൻസെക്സ് നൂറിലേറെ പോയിൻ്റ് കയറുകയും നൂറിലേറെ പോയിൻ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു. പിന്നീടു വിപണി കൂടുതൽ താണു. സെൻസെക്സ് 61,000 പോയിൻ്റിനും നിഫ്റ്റി 18,200 പോയിൻ്റിനും താഴെയായി.

പശ്ചിമേഷ്യയിലെ സംഘർഷം ക്രൂഡ് ഓയിൽ വില കുതിക്കാൻ ഇടയാക്കി. ബ്രെൻറ് ഇനം 87.5 ഡോളർ വരെ കയറി. ഏഴു വർഷങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. യെമനിലെ ഹൂതി വിമതർ അബുദാബിയിൽ നടത്തിയ ആക്രമണവും അതിനു സൗദി അറേബ്യ നടത്തുന്ന പ്രത്യാക്രമണവും എണ്ണ ലഭ്യത സംബന്ധിച്ച് ആശങ്ക ഉളവാക്കി.
വാഹന മേഖല ഇന്നു വലിയ താഴ്ചയിലായി. ലോഹങ്ങളും താഴ്ചയിലാണ്. ബാങ്കുകളും റിയൽറ്റിയും രാവിലെ ഉയർന്നു. ഫാർമയും ഹെൽത്ത് കെയറും രാവിലെ വലിയ നഷ്ടം കാണിച്ചു.
പ്രസ്റ്റീജ് എസ്റ്റേറ്റ്സിൻ്റെ വിൽപന രണ്ടു മടങ്ങ് വർധിച്ചത് മറ്റു റിയൽറ്റി കമ്പനികളുടെ ഓഹരികളും കുതിക്കാൻ കാരണമായി.
ഡോളർ ഇന്നും കയറി. 18 പൈസ നേട്ടത്തിൽ 74.4 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്.`
രാജ്യാന്തര വിപണിയിൽ സ്വർണം 1822 ഡോളറായി. കേരളത്തിൽ സ്വർണ വില മാറിയില്ല.


Tags:    

Similar News