ഉയർന്നു തുടങ്ങി; പിന്നീടു താഴ്ച; ഹീറോ ഓഹരി വില ഇടിയാൻ കാരണം ഇതാണ്
ഓഹരി വിപണിയിലെ തുടക്കത്തിലെ ആവേശം നിലനിർത്താനായില്ല
ആഗോള സൂചനകളുടെ ചുവടുപിടിച്ച് വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. എന്നാൽ തുടക്കത്തിലെ ആവേശം തണുക്കുന്നതാണു പിന്നീടു കണ്ടത്. ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കു മുഖ്യസൂചികകൾ നഷ്ടത്തിലായി.
വാഹന വിൽപന കുറയുന്നത് വാഹന ഓഹരികളുടെ വില താഴ്ത്തി. യാത്രാ വാഹന ഡിമാൻഡ് ഗണ്യമായി കുറയുന്നു എന്നാണു റിപ്പോർട്ടുകൾ.
മീഡിയാ ഓഹരികളും ഇന്നു തുടക്കത്തിൽ താഴോട്ടു പോയി. നിഫ്റ്റി ബാങ്ക് ഇന്നു ചെറിയ നേട്ടമേ കാണിച്ചുള്ളു. സ്മോൾ ക്യാപ്പും മിഡ് ക്യാപ്പും തുടക്കത്തിൽ നേട്ടത്തിലായിരുന്നു.
കൺസ്യൂമർ ഡ്യുറബിൾസ് കമ്പനികൾക്ക് ഈ ക്വാർട്ടറിൽ വിൽപന ഗണ്യമായി കൂടി. പണപ്പെരുപ്പം കൂടിയതിനാൽ ഈ ഉപകരണങ്ങളുടെ വില കൂടുമെന്ന ധാരണയിൽ വാങ്ങുന്നതിന് ഉപയോക്താക്കൾ ഉത്സാഹമെടുക്കുന്നതാണു കാരണം. വോൾട്ടാസ് അടക്കമുള്ള കമ്പനികളുടെ ഓഹരിവില കൂടി.
ഹീറോ മോട്ടോ കോർപ് കമ്പനിയുടെ ഓഫീസുകളിലും സിഎംഡി പവൻ മുൻജലിൻ്റെയും സീനിയർ എക്സിക്യൂട്ടീവുമാരുടെയും വസതികളില്ല ആദായ നികുതി വകുപ്പ് റെയിഡ് നടത്തുന്നു എന്ന വാർത്ത കമ്പനിയുടെ ഓഹരി വില മൂന്നു ശതമാനത്തോളം ഇടിച്ചു.
സിഎൻജിയുടെയും പിഎൻജിയുടെയും വില മൂന്നു ശതമാനം വീതം വർധിപ്പിച്ചത് ഇന്ദ്രപ്രസ്ഥ ഗ്യാസ്, മഹാനഗർ ഗ്യാസ്, ഗുജറാത്ത് ഗ്യാസ് തുടങ്ങിയവയുടെ വില ഗണ്യമായി ഉയർത്തി. ഇന്ധന വില വർധിപ്പിക്കുന്നത് ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഓഹരി വില വീണ്ടും ഉയരാൻ സഹായിച്ചു. ഇപ്പോഴത്തെ നിലയ്ക്ക് പെട്രോളിനും ഡീസലിനും 25 രൂപ വീതം വർധിപ്പിക്കേണ്ടി വരും. കഴിഞ്ഞ രണ്ടു ദിവസവും 90 പൈസയ്ക്കടുത്തായിരുന്നു വർധന.
തുടർച്ചയായി വിലയിടിഞ്ഞ വൺ 97 കമ്യൂണിക്കേഷൻസി (പേയ്ടിഎം) നോടു ബിഎസ്ഇ വിശദീകരണം ചോദിച്ചതിന് പ്രസക്തമായ ഒരു വിവരവും മറച്ചു വച്ചിട്ടില്ലെന്നും കമ്പനിയുടെ ബിസിനസ് നന്നായി നടക്കുന്നുവെന്നും മറുപടി നൽകി. ഓഹരിവില ഇന്ന് അൽപം ഉയർന്നു.
രൂപ ഇന്ന് നേട്ടമുണ്ടാക്കി. ഡോളറിനു 19 പൈസ കുറഞ്ഞ് 75.99 രൂപയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് 76.04 രൂപയിലേക്കു കയറി.
രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 1922-1923 ഡോളറിലേക്കു താണു.കേരളത്തിൽ പവനു 320 രൂപ കുറഞ്ഞ് 37,880 രൂപയായി.