വിപണി ഉത്സാഹത്തോടെ കയറിയിറങ്ങുന്നു; അഡാനി ഗ്രൂപ്പ് ഇന്നും കുതിക്കുന്നു
റിലയൻസിനു തൊട്ടടുത്തേക്കു അഡാനി ഗ്രൂപ്പിൻ്റെ വിപണിമൂല്യം
തുടക്കത്തിൽ നല്ല നേട്ടം; പിന്നീടു ചെറിയ ഇടിവ്. ഇന്ന് ഓഹരി വിപണി ചെറിയ കയറ്റിറക്കങ്ങളിലാണ്. തുടക്കത്തിൽ നേട്ടത്തിലായിരുന്ന ബാങ്ക് നിഫ്റ്റി പിന്നീടു നഷ്ടത്തിലേക്കു നീങ്ങി.
റിലയൻസും വയാകോം 18-ഉം ചേർന്ന് ഇന്ത്യയിലെ വമ്പൻ ടിവി - ഡിജിറ്റൽ സ്ട്രീമിംഗ് കമ്പനികളിലൊന്നിനു രൂപം നൽകുന്നു. ജയിംസ് മർഡക്കും ഉദയ് ശങ്കറും ചേർന്നുള്ള ബോധി ട്രീ സിസ്റ്റംസുമായി സഹകരിച്ചാണിത്. ബോധി ട്രീ 13,500 കോടി രൂപ പദ്ധതിയിൽ നിക്ഷേപിക്കും. വയാകാേമിനു ടിവി ചാനലുകളും വൂട് (VOOT) എന്ന ഒടിടി പ്ലാറ്റ്ഫോമും ഉണ്ട്. റിലയൻസ് 1645 കോടി രൂപ നിക്ഷേപിക്കും. വയാകോം 18 ന് സിബിഎസ്, എംടിവി, ഷോടൈം നെറ്റ് വർക്സ്, നിക്കളോഡിയോൺ, പാരമൗണ്ട് പിക്ചേഴ്സ് തുടങ്ങിയവയിലും നിയന്ത്രണമുണ്ട്. റിലയൻസിൻ്റെ കീഴിലുള്ള ടിവി 18 ബ്രോഡ് കാസ്റ്റ്, നെറ്റ് വർക്ക് 18 എന്നിവയുടെ ഓഹരി വില 12 ശതമാനത്തിലധികം താഴ്ചയിലായി.
ഫ്യൂച്ചർ ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില ഇപ്പോഴും താഴുകയാണ്. ഓരോ ദിവസവും ലോവർ സർക്യൂട്ട് വരെ വില താഴുന്നുണ്ട്.
അഡാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില ഇന്നും വർധിച്ചു. റിലയൻസിനു തൊട്ടടുത്തേക്കു ഗ്രൂപ്പിൻ്റെ വിപണിമൂല്യം എത്തിക്കഴിഞ്ഞു.
പ്രതീക്ഷയിലും മികച്ച നാലാം ക്വാർട്ടർ ഫലങ്ങൾ പുറത്തു വിട്ടെങ്കിലും ബജാജ് ഓട്ടോയുടെ വില രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു.
ലോക വിപണിയിൽ സ്വർണവില 1975- 1976 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 360 രൂപ കുറഞ്ഞ് 38,400 രൂപയായി.
ഡോളർ ഇന്ന് ഏഴു പൈസ നേട്ടത്തിൽ 76.59 രൂപയിൽ വ്യാപാരം തുടങ്ങി.