തുടക്കം മുതൽ ചാഞ്ചാട്ടം; സൂചികകൾ ഉയരത്തിൽ

മിഡ് ക്യാപ്‌, സ്മോൾ ക്യാപ് ഓഹരികൾ ഇന്നു നല്ല നേട്ടമുണ്ടാക്കി;

Update:2022-04-20 11:00 IST

Representational image 

തുടക്കത്തിൽ ചാഞ്ചല്യം കാണിച്ചെങ്കിലും ഓഹരികൾ ഇന്നു മികച്ച നേട്ടത്തോടെ വ്യാപാരത്തിൽ മുന്നേറി. നിഫ്റ്റി 17,100 നും സെൻസെക്സ് 57,000 നും മുകളിൽ കയറി. പിന്നീട് സൂചികകൾ താണു. മിഡ് ക്യാപ്‌, സ്മോൾ ക്യാപ് ഓഹരികൾ ഇന്നു നല്ല നേട്ടമുണ്ടാക്കി. ബാങ്ക് ഓഹരികളുടെ വില കയറിയിറങ്ങിയതു മുഖ്യസൂചികകളിൽ ചാഞ്ചാട്ടത്തിനു കാരണമായി.

മാരുതി സുസുകി, ടാറ്റാ മോട്ടാേഴ്സ്, ഐഷർ മോട്ടോഴ്സ്, മഹീന്ദ്ര തുടങ്ങിയ വാഹന ഓഹരികൾ രണ്ടു മുതൽ നാലുവരെ ശതമാനം നേട്ടമുണ്ടാക്കി. വാഹന കമ്പനികളുടെ ഗ്രഹണകാലം കഴിഞ്ഞെന്നാണു വിപണി വിലയിരുത്തൽ.
ക്രൂഡ് ഓയിൽ സംസ്കരണത്തിലെ ലാഭ മാർജിൻ വർധിച്ചത് മാംഗളൂർ റിഫൈനറി (എംആർപിഎൽ) യുടെ വില എട്ടു ശതമാനത്തോളം ഉയർത്തി.
ക്രൂഡ് ഓയിൽ സംസ്കരണ മാർജിനും മൊബൈൽ വരിക്കാരുടെ എണ്ണവും വർധിച്ചത് റിലയൻസ് ഓഹരിയെ രണ്ടര ശതമാനത്തിലേക്ക് ഉയർത്തി 2700 രൂപയ്ക്കു മുകളിലാക്കി. 2751 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില.
എച്ച്ഡിഎഫ്സി ബാങ്കുമായുള്ള ലയനം പ്രഖ്യാപിച്ച ശേഷം 20 ശതമാനത്തോളം വിലയിടിഞ്ഞ എച്ച്ഡിഎഫ്സി ഓഹരി ഇന്ന് ഒന്നര ശതമാനത്തിലേറെ ഉയർന്നു. കമ്പനി എച്ച്ഡിഎഫ്സി കാപ്പിറ്റലിലെ 10 ശതമാനം ഓഹരി അബുദാബി ഇൻവെസ്റ്റ്മെൻ്റ് കോർപ്പറേഷനു വിൽക്കുന്നു എന്ന റിപ്പോർട്ടാണു സഹായിച്ചത്. എച്ച്ഡിഎഫ്സി ബാങ്കും ഇന്ന് നേട്ടത്തിലാണ്.
ലാഭമാർജിൻ വർധിച്ചെങ്കിലും വരുമാനം കുറഞ്ഞതിൻ്റെ പേരിൽ എൽ ആൻഡ് ടി ഇൻഫോടെക്കിൻ്റെ വില മൂന്നു ശതമാനത്തിലേറെ ഇടിഞ്ഞു.
നാലാംപാദത്തിൽ ലാഭ മാർജിൻ കുറവായത് ടാറ്റാ സ്റ്റീൽ ലോംഗ് പ്രൊഡക്റ്റ്സിൻ്റെ ഓഹരിവില നാലര ശതമാനത്തോളം താഴ്ത്തി.
രൂപ ഇന്നു നേട്ടത്തിലാണു തുടങ്ങിയത്. ഡോളറിനു 19 പൈസ കുറഞ്ഞ് 56.32 രൂപയായി.
ക്രൂഡ് ഓയിൽ വില ലോകവിപണിയിൽ അൽപം ഉയർന്നു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 108.48 ഡോളർ ആയി.
സ്വർണം ലോകവിപണിയിൽ 1943 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ പവന് 560 രൂപ കുറഞ്ഞ് 39,320 രൂപയായി.


Tags:    

Similar News