കോവിഡും ഫെഡും വിപണിയെ ഇടിച്ചു; പഞ്ചസാര കമ്പനികൾ കയറി

തലേന്നത്തെ നേട്ടങ്ങളെല്ലാം നഷ്ടപ്പെടുത്തിക്കൊണ്ടാണ് ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചത്

Update: 2022-01-06 05:20 GMT

അമേരിക്കൻ തകർച്ച മറ്റു വിപണികളെപ്പോലെ ഇന്ത്യൻ ഓഹരി വിപണിയെയും ബാധിച്ചു. രാജ്യത്തു പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 90,000 കടന്നതും വിപണിയെ വലിച്ചു താഴ്ത്താൻ കാരണമായി.

ഫെഡിൻ്റെ മിനിറ്റ്സ് നൽകിയ അപായസൂചനകൾ ക്രൂഡ് ഓയിൽ, സ്വർണം, ക്രിപ്റ്റോ കറൻസികൾ തുടങ്ങിയവയുടെ വിലയും ഇടിച്ചു. പലിശ നേരത്തേ കൂട്ടുമെന്നും അതിവേഗം കൂട്ടുമെന്നും വിപണിയിലെ പണലഭ്യത വേഗം കുറയ്ക്കുമെന്നും ആണ് മിനിറ്റ്സിൽ നിന്നു വിപണി വായിച്ചെടുത്തത്. അത്തരമൊരു നീക്കത്തിൻ്റെ അനന്തരഫലത്തെപ്പറ്റി വിപണിക്കു വലിയ ആശങ്കയുണ്ട്. ഏഷ്യാ-പസഫിക്കിലെ മറ്റ് ഓഹരി വിപണികളും വലിയ താഴ്ചയിലാണ്.
തലേന്നത്തെ നേട്ടങ്ങളെല്ലാം നഷ്ടപ്പെടുത്തിക്കൊണ്ടാണ് ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചത്. പിന്നീടു തുടർച്ചയായി താഴോട്ടു നീങ്ങി. സെൻസെക്സ് 59,352 വരെ താഴ്ന്നിട്ടാണ് നഷ്ടം കുറയ്‌ക്കാൻ ശ്രമിച്ചത്. എങ്കിലും വീണ്ടും താഴ്ചയിലായി. വ്യാപാരം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ സെൻസെക്സ് 59,400 നും നിഫ്റ്റി 17,700-നും താഴെയാണ്.
എല്ലാ വ്യവസായ വിഭാഗങ്ങളും ഇന്നു താഴോട്ടു നീങ്ങി. ഒറ്റപ്പെട്ട കമ്പനികൾ ചെറിയ നേട്ടം കാണിച്ചാലും എല്ലാ മേഖലാ സൂചികകളും ഇടിഞ്ഞു. ആഫ്രിക്കയിലെ ടവറുകൾ വിറ്റതായ റിപ്പോർട്ട് ഭാരതി എയർടെലിൻ്റെ ഓഹരിവില വർധിപ്പിച്ചു. റിലയൻസ് രാവിലെ രണ്ടു ശതമാനം ഇടിഞ്ഞു.
പഞ്ചസാര കമ്പനികളാണ് ഇന്നു ഗണ്യമായ നേട്ടമുണ്ടാക്കിയത്. ബൽറാം പുർ ചീനി, ഡാൽമിയ ഭാരത് , ധാംപുർ ഷുഗർ, ശ്രീ രേണുക, ദ്വാരികേശ്, ത്രിവേണി എൻജിനിയറിംഗ് തുടങ്ങിയവ നാലു മുതൽ എട്ടുവരെ ശതമാനം കയറി. എഥനോൾ വിലയും ഉപയോഗവും വർധിക്കുന്നതു മുതൽ കയറ്റുമതി കൂടുന്നതു വരെ കാരണങ്ങളായി പറയുന്നു.
ലോകവിപണിയിൽ ക്രൂഡ് ഓയിൽ വില താഴുകയാണ്. ഡോളറിൻ്റെ കയറ്റവും പലിശ വർധന വളർച്ചയ്ക്കു വരുത്തുന്ന കോട്ടവും ആണു ക്രൂഡിനു ഭീഷണികൾ. ഇന്നു രാവിലെ വില ഒന്നര ശതമാനം താണ് 79.6 ഡോളറിലെത്തി.
സ്വർണവും ദുർബലമായി. വില 1805 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 160 രൂപ കുറഞ്ഞ് 35,960 രൂപയായി.
പലിശ നിരക്ക് ഉയരുന്നതിൻ്റെ സൂചന നൽകിക്കൊണ്ട് സർക്കാർ കടപ്പത്രങ്ങളുടെ വില കുറഞ്ഞു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 6.537 ശതമാനമാകും വിധമാണ് വില താണത്. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 1.7 ശതമാനമായി കൂടി.
ബിനറ്റ് കോയിൻ ക്രിപ്റ്റോ കറൻസിയുടെ വില 43,000 ഡോളറിലേക്കു താണിട്ടുണ്ട്.
Tags:    

Similar News