വിപണി ചാഞ്ചാടുന്നു; ഗോദ്റെജ് പ്രോപ്പർട്ടീസിന് എന്തു പറ്റി?
മെറ്റൽ ഓഹരികൾ ഇന്നു കുതിച്ചപ്പോൾ റിയൽറ്റിയും ഐടിയും താഴ്ന്നു
ദിശാബോധം വീണ്ടെടുക്കാത്ത വിപണിയാണ് ഇന്നു രാവിലെ ദൃശ്യമായത്. പ്രീ ഓപ്പണിൽ നല്ല നേട്ടം കാണിച്ച മുഖ്യ സൂചികകൾ വിപണി തുടങ്ങിയപ്പോൾ കുത്തനേ താണു. സെൻസെക്സ് 58,475.97 വരെ താണ ശേഷം തിരിച്ചു കയറി 58,943.62 വരെ എത്തി. പിന്നീടും കയറിയിറങ്ങി. നിഫ്റ്റിയും ഇതേ പാതയിലാണ്.
മെറ്റൽ ഓഹരികൾ ഇന്നു കുതിച്ചപ്പോൾ റിയൽറ്റിയും ഐടിയും താഴ്ന്നു.
ജെകെ ടയേഴ്സിൻ്റെ ലാഭ മാർജിൻ കുത്തനെ കുറഞ്ഞതിനെ തുടർന്ന് ഓഹരി വില രണ്ടു ശതമാനത്തോളം താഴ്ന്നു.. ലാഭ മാർജിൻ 9.1 ശതമാനം ഇടിഞ്ഞിരുന്നു.
ഐടിസിയുടെ മൂന്നാം പാദ വിറ്റുവരവും ലാഭവും പ്രതീക്ഷയേക്കാൾ മികച്ചതായി. പക്ഷേ ഓഹരിവില കുറഞ്ഞു.
സുമിടോമോ കെമിക്കൽസിൻ്റെ ലാഭ മാർജിൻ 3.8 ശതമാനം ഉയർന്നത് ഓഹരിവില മൂന്നു ശതമാനം ഉയരാൻ കാരണമായി.
ഗോദ്റെജ് പ്രോപ്പർട്ടീസിൻ്റെ ക്വാർട്ടർ ഫലം പ്രതീക്ഷയിലും മികച്ചതായി. അറ്റാദായം 170 ശതമാനം ഉയർന്നു. കമ്പനി 400 കോടി രൂപ മുടക്കി ഡിബി റിയൽറ്റിയിൽ 10 ശതമാനം ഓഹരിയെടുക്കാൻ നടപടി തുടങ്ങി. ഇതിനോടു വിപണി അനുകൂലമായല്ല പ്രതികരിച്ചത്. ഗോദ്റെജ് പ്രോപ്പർട്ടീസിൻ്റെ ഓഹരിവില ഏഴു ശതമാനം താഴ്ന്നു. ഡിബി റിയൽറ്റിയുടെ ഓഹരി രാവിലെ അഞ്ചു ശതമാനം കയറി. ഡിബി കഴിഞ്ഞ അഞ്ചു ദിവസം കൊണ്ട് 22 ശതമാനവും ആറു മാസം കൊണ്ട് 290 ശതമാനവും ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ 15 ശതമാനത്തോളം വില കയറിയ സ്പന്ദന സ്ഫൂർത്തി ഓഹരി ഇന്ന് ഏഴു ശതമാനത്തോളം ഉയർന്നു. കഴിഞ്ഞ വർഷം 820 രൂപ വരെ വില വന്ന ഓഹരി ഇപ്പോൾ പകുതിയിൽ താഴെ വിലയിലാണ്. ആക്സിസ് ബാങ്കിൽ ലയിപ്പിക്കാനുള്ള നീക്കം കഴിഞ്ഞ മാസം അവസാനിപ്പിച്ചിരുന്നു.
20 ലക്ഷം വീപ്പ എണ്ണ കൊള്ളുന്ന സൂപ്പർ ടാങ്കർ നൈജീരിയൻ തീരത്ത് പൊട്ടിത്തെറിച്ചത് ക്രൂഡ് വില കുതിക്കാൻ കാരണമായി. ബ്രെൻ്റ് ഇനം 92.4 ഡോളർ വരെ കയറിയിട്ട് അൽപം താണു. 2014 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയിലാണു ക്രൂഡ്.
ലോകവിപണിയിൽ സ്വർണം 1808 ഡോളറിലെത്തി. കേരളത്തിൽ വില മാറ്റമില്ലാതെ തുടരുന്നു.
ഡോളറിനു 12 പൈസ കുറഞ്ഞ് 74.74 രൂപയായി.