വീണ്ടും ഇടിവ്; ഐടിയിലും തളർച്ച, ഗ്രീവ്സ് കോട്ടൺ ഉയർച്ച തുടരുന്നു

മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഉയരത്തിൽ;

Update:2022-01-20 11:00 IST

താഴ്ചയിൽ തുടങ്ങി; വീണ്ടും താണു. എങ്കിലും വലിയ തകർച്ചയിലേക്കു നീങ്ങിയില്ല. ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് ഇന്ന് ഇന്ത്യൻ വിപണിയുടെ നീക്കം.

വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ നിഫ്റ്റി 100 പോയിൻ്റോളം താഴ്ചയിലാണ്. സെൻസെക്സ് 59,700 നടുത്തും.
ഏഷ്യൻ വിപണികൾ രാവിലത്തെ ചാഞ്ചാട്ടത്തിനു ശേഷം നല്ല ഉയരത്തിലായി. ചൈനീസ് കേന്ദ്ര ബാങ്ക് പലിശ കുറയ്ക്കാൻ നടപടി എടുത്തത് ഏഷ്യൻ വിപണികളെ സഹായിച്ചു.
അമേരിക്കൻ വിപണിയെ പിന്തുടർന്ന് ഇന്ത്യയിലും ഐടി ഓഹരികൾ ഇടിഞ്ഞു. നിഫ്റ്റി ഐടി സൂചിക ഒരു ശതമാനം താണു.
ബാങ്ക് നിഫ്റ്റി മാറി മാറി നേട്ടവും നഷ്ടവും കുറിച്ചു.
ഒന്നാം ക്വാർട്ടർ ഫലങ്ങൾ മോശമായതിനെ തുടർന്ന് സിയറ്റ് ഓഹരി രണ്ടു ശതമാനം താണു. അപ്പോളോ ടയേഴ്സ് രണ്ടര ശതമാനം താഴ്ചയിലാണ്.
പ്രതീക്ഷയിലും മികച്ച റിസൽട്ട് പുറത്തു വിട്ടെങ്കിലും ബജാജ് ഓട്ടാേ ഓഹരി ഒരു ശതമാനത്തോളം താണു. പിന്നീടു നഷ്ടം മാറ്റി നേട്ടത്തിലായി.
മൂന്നാം പാദ ഫലങ്ങൾ മോശമായതിനെ തുടർന്ന് തേജസ് നെറ്റ് വർക്സ് ഓഹരി അഞ്ചു ശതമാനത്തോളം ഇടിഞ്ഞു.
കമ്പനി ഭരണം സംബന്ധിച്ച പ്രശ്നങ്ങൾ പിടിസി ഇൻഡസ്ട്രിയൽ ഫിനാൻസിൻ്റെ ഓഹരി 15 ശതമാനത്തോളം ഇടിയാൻ വഴിതെളിച്ചു.
പ്രതീക്ഷിച്ച വളർച്ച മൂന്നാം പാദത്തിൽ ഉണ്ടാകാത്തതിനെ തുടർന്ന് മാസ്ടെക് ഓഹരി 11 ശതമാനവും ഓറക്കിൾ ഓഹരി അഞ്ചു ശതമാനവും താഴ്ന്നു.
മുഖ്യസൂചികകൾ താഴാേട്ടു പോകുമ്പോഴും മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഉയരത്തിലാണ്. റീട്ടെയിൽ നിക്ഷേപകർ ഇത്തരം ഓഹരികളിൽ ആകൃഷ്ടരായി അവയിൽ വലിയ നിക്ഷേപം നടത്തുന്നുണ്ട്.
ഐടി വിഭാഗത്തിൽ ടാറ്റാ എൽക്സി അഞ്ചു ശതമാനം നേട്ടമുണ്ടാക്കി വ്യത്യസ്തത പുലർത്തി. കുറേ ദിവസങ്ങളായി ഉയരുന്ന ഗ്രീവ്സ് കോട്ടൺ ഇന്നും കയറി.
സ്വർണം ലോകവിപണിയിൽ 1840 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവനു 360 രൂപ ഉയർന്ന് 36,440 രൂപയായി.


Tags:    

Similar News