ഓഹരി സൂചികകൾ താങ്ങുകൾ തകർന്ന് താഴേക്ക്; വിപണി തിരുത്തൽ മേഖലയിലേക്കോ?

എല്ലാ മേഖലകളും താഴേക്ക്;

Update:2022-01-24 11:15 IST

ആഗോള ആശങ്കകൾ ഏറ്റുവാങ്ങി ഇന്ത്യൻ വിപണി ഇന്നും ഇടിഞ്ഞു. ആദ്യ 15 മിനിറ്റിനകം നിഫ്റ്റി 200 പോയിൻ്റും സെൻസെക്സ് 550 പോയിൻ്റും നഷ്ടപ്പെടുത്തി. പിന്നീടു നിഫ്റ്റി 17,400-നും സെൻസെക്സ് 58,400 നും താഴെ എത്തി. ഈ പോക്കു തുടർന്നാൽ ഒന്നു രണ്ടു ദിവസത്തിനകം മുഖ്യസൂചികകൾ തിരുത്തൽ മേഖലയിലാകും. താങ്ങു പ്രതീക്ഷിച്ച തലങ്ങളെല്ലാം തകർത്താണു വിപണി ഇടിയുന്നത്.

മികച്ച റിസൽട്ടുകളുടെ ബലത്തിൽ ഉയരാൻ ബാങ്ക് നിഫ്റ്റി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
താഴ്ച സാർവത്രികമായിരുന്നു. എൻഎസ്ഇയിൽ 275 ഓഹരികൾ ഉയർന്നപ്പോൾ 2474 ഓഹരികൾ താഴോട്ടു പോയി.
പ്രതീക്ഷയിലും മികച്ച റിസൽട്ട് റിലയൻസിൻ്റെ വില ഉയർത്തുമെന്നു കരുതിയെങ്കിലും ഓഹരി താഴുകയായിരുന്നു. വിദേശബ്രോക്കറേജുകൾ റിലയൻസിൻ്റെ വിലലക്ഷ്യം ഉയർത്തി നിശ്ചയിച്ചു.
കഴിഞ്ഞ കുറേ ആഴ്ചകളായി മുഖ്യസൂചികകളേക്കാൾ നേട്ടം ഉണ്ടാക്കിയിരുന്ന മിഡ്, സ്മോൾ ക്യാപ് ഓഹരികൾ ഇന്നു കുത്തനേ താണു. സെൻസെക്സ് ഒരു ശതമാനം താണപ്പോൾ മിഡ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടു ശതമാനത്തിലേറെ താഴ്ചയിലായി. സീ എൻറർടെയ്ൻമെൻ്റ്, കോഫോർജ്, മൈൻഡ് ട്രീ, റാംകോ സിമൻ്റ് തുടങ്ങിയവ അഞ്ചു ശതമാനത്തോളം ഇടിഞ്ഞു
സൊമാറ്റോ, പേയ്ടിഎം, നൈക, പിബി ഫിൻടെക്, നൈകാ തുടങ്ങിയവ ഇന്നു കുത്തനേ താണു. നാസ്ഡാക്കിൽ പുതുതലമുറ കമ്പനികളുടെ ഓഹരികൾ കഴിഞ്ഞ ദിവസങ്ങളിൽ ഇടിഞ്ഞതിൻ്റെ ചുവടുപിടിച്ചായിരുന്നു ഇത്. പല ഫണ്ടുകളും ഇവയിൽ നിന്നു പിന്മാറുന്നുണ്ട്. സൊമാറ്റാേ ഇന്നു 18 ശതമാനം ഇടിഞ്ഞപ്പോൾ നൈകായുടെ വില 12 ശതമാനം വരെ കുറഞ്ഞു.
മികച്ച മൂന്നാം പാദ ഫലങ്ങൾ പ്രസിദ്ധീകരിച്ച ശാരദാ ക്രാേപ് കെം ഓഹരികൾ 15 ശതമാനത്തോളം ഉയർന്നു. രണ്ടാം ക്വാർട്ടറിൽ ഇപിഎസ് മൂന്നു മടങ്ങിലേറെ വർധിപ്പിച്ച കമ്പനി മൂന്നാം ക്വാർട്ടറിൽ 144 ശതമാനം വർധന കാണിച്ചു.
ടയർ കമ്പനികൾ (എംആർഎഫ്, അപ്പാേളോ, ജെകെ, സിയറ്റ് ) ഇന്നും താഴോട്ടു പോയി. ഒന്നര മുതൽ മൂന്നര വരെ ശതമാനം താഴ്ച കമ്പനികൾക്കുണ്ടായി. പഞ്ചസാര കമ്പനികളും കുത്തനെ താണു. ബൽറാംപുർ ചീനി, ദ്വാരികേശ്, ത്രിവേണി എൻജിനിയറിംഗ്, ഡാൽമിയ ഭാരത്, ശ്രീ രേണുക, ധാംപുർ തുടങ്ങിയവ മൂന്നു ശതമാനത്തിലധികം താഴ്ചയിലായി.
ലോക വിപണിയിൽ സ്വർണം 1835 ഡോളറിലേക്കു കയറി. കേരളത്തിൽ പവൻവില മാറ്റമില്ലാതെ 36,400 രൂപയിൽ തുടർന്നു.
ഡോളർ അഞ്ചു പൈസ നേട്ടത്തിൽ 74.46 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 74.52 രൂപയിലേക്കു കയറി.


Tags:    

Similar News