ഉത്സാഹത്തോടെ തുടങ്ങി; ചൈനീസ് വളർച്ച ഇടിഞ്ഞു

ഇന്നും തുടക്കം മുതലേ ഐടി സൂചിക താഴ്ചയിലായി

Update: 2022-07-15 05:30 GMT

Photo : Canva

ഏഷ്യൻ വിപണികൾ ചാഞ്ചാടുകയാണെങ്കിലും ഇന്ത്യൻ വിപണി ഇന്നു മികച്ച തുടക്കം കുറിച്ചു. എന്നാൽ തുടക്കത്തിലെ നേട്ടം അതേപടി നില നിർത്താനായില്ല. മുഖ്യസൂചികകൾ ആദ്യം അര ശതമാനത്തിലേറെ കയറിയതു പിന്നീട് അൽപം താണു. 16,000-നു മുകളിൽ തുടക്കമിട്ട നിഫ്റ്റി താഴെ വന്നു.

റിസൽട്ടുകൾ വരാനിരിക്കെ പ്രമുഖ സ്റ്റീൽ കമ്പനികൾക്കു വിലയിടിഞ്ഞു. ജെഎസ്പിഎൽ, ജെഎസ്ഡബ്ള്യു, ടാറ്റാ സ്റ്റീൽ, സെയിൽ തുടങ്ങിയവ ഒന്നു മുതൽ രണ്ടര വരെ ശതമാനം താണു. ഹിൻഡാൽകോ, വേദാന്ത തുടങ്ങിയ മെറ്റൽ ഓഹരികളും താഴോട്ടാണ്. സിമൻ്റ് ഭീമൻ എസിസിയുടെയും വില ഇടിഞ്ഞു.
ഐടി യിലെ ഇടിവു തുടരുകയാണ്. ഇന്നും തുടക്കം മുതലേ ഐടി സൂചിക താഴ്ചയിലായി. മികച്ച റിസൽട്ടിൻ്റെ ബലത്തിൽ എൽ ആൻഡ് ടി ഇൻഫോടെക്കും ടാറ്റാ എൽക്സിസിയും ഉയർന്നു.
അതേ സമയം എഫ്എംസിജി, ഫാർമ കമ്പനികൾ നേട്ടമുണ്ടാക്കി.
തുടക്കത്തിൽ നേട്ടത്തിലായിരുന്ന ബാങ്ക്, ധനകാര്യ ഓഹരികൾ പിന്നീടു താഴ്ചയിലായി. ഇതോടെ മുഖ്യസൂചികകളുടെ നേട്ടം വളരെ കുറവായി.
ഡോളർ ഇന്ന് 79.94 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് അൽപം താഴ്ന്നിട്ട് 79.9525 രൂപയിലേക്കു കയറി. റിസർവ് ബാങ്ക് വിപണിയിൽ സജീവമായതിനാൽ ഡോളർ അതിവേഗം ഉയരുന്നില്ല.
ലോകവിപണിയിൽ സ്വർണം 1709 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ പവനു 320 രൂപ കുറഞ്ഞ് 37,200 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്.
ചൈനയുടെ രണ്ടാം പാദ (ഏപ്രിൽ - ജൂൺ) ജിഡിപി വളർച്ച 0.4 ശതമാനം മാത്രമെന്നു നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (എൻബിഎസ്). ഒന്നാം പാദത്തിൽ 4.8 ശതമാനം വളർന്നതാണ്. രണ്ടാം പാദം കോവിഡ് തുടങ്ങിയ 2020 ഒന്നാം പാദത്തിനു ശേഷമുള്ള ഏറ്റവും മോശം വളർച്ചയാണ്. സീറോ-കോവിഡ് നയം കർശനമായി നടപ്പാക്കിയതു മൂലമാണ് വളർച്ച ഇങ്ങനെ കുറഞ്ഞതെന്നു വിമർശനമുണ്ട്. പ്രസിഡൻ്റും കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയുമായ ഷി ചിൻപിംഗിൻ്റെ നേതൃത്വത്തിനു വെല്ലുവിളിയാണ് ഈ കുറഞ്ഞ വളർച്ച.


Tags:    

Similar News