വിപണി ചാഞ്ചാടുന്നു; എൽഐസി ഉയരുന്നു
വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ മുഖ്യസൂചികകൾ നാമമാത്ര നേട്ടത്തിലാണ്
നേട്ടത്തോടെ വ്യാപാരം തുടങ്ങാൻ ശ്രമിച്ചെങ്കിലും മുഖ്യസൂചികകൾ നഷ്ടത്തിലാണു രാവിലെ വ്യാപാരമാരംഭിച്ചത്. പിന്നീടു രണ്ടു മൂന്നു തവണ നേട്ടത്തിലായെങ്കിലും ആ നേട്ടം നിലനിർത്താനായില്ല. മെറ്റൽ, എഫ്എംസിജി, ഓയിൽ -ഗ്യാസ്, റിയൽറ്റി എന്നിവ ഒഴികെയുളള ബിസിനസ് വിഭാഗങ്ങളെല്ലാം ഇന്നു മുന്നേറി. ബാങ്ക് ഓഹരികൾ കയറിയിറങ്ങി. തുടക്കത്തിൽ ഒരു ശതമാനം നഷ്ടത്തിലായ റിലയൻസ് ഇൻഡസ്ട്രീസ് പിന്നീട് ഉയർന്നു. അതോടെ മുഖ്യസൂചികകൾ നേട്ടത്തിലായി. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ മുഖ്യസൂചികകൾ നാമമാത്ര നേട്ടത്തിലാണ്.
ടാറ്റാ കമ്യൂണിക്കേഷൻസിൻ്റെ വിലലക്ഷ്യം വിദേശ ബ്രോക്കറേജുകൾ താഴ്ത്തിയതിനെ തുടർന്ന് ഓഹരിവില എട്ടു ശതമാനത്തോളം ഇടിഞ്ഞു.
എൽഐസി ഓഹരിവില ഇന്ന് അഞ്ചു ശതമാനത്തിലധികം കയറി 700 രൂപയ്ക്കു മുകളിലായി.
ഐപിഎൽ മീഡിയാ അവകാശം നേടിയത് സീ എൻ്റർപ്രൈസസ്, ടിവി 18, സൺ ടിവി, യുനൈറ്റഡ് സ്പിരിറ്റ്സ് തുടങ്ങിയവയുടെ ഓഹരിവില രണ്ടു മുതൽ നാലു വരെ ശതമാനം ഉയർത്തി. സൺ ടിവിയുമായി ചേർന്നാണ് യുനൈറ്റഡ് സ്പിരിറ്റ്സ് ലേലത്തിൽ പങ്കെടുത്തത്.
ലോക വിപണിയിൽ സ്വർണം 1815 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 200 രൂപ കുറഞ്ഞ് 37,720 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്. രണ്ടു ദിവസം കൊണ്ട് പവനു 960 രൂപ കുറഞ്ഞു.
ഡോളർ ഇന്ന് രണ്ടു പൈസ നേട്ടത്തിൽ 78 രൂപയിലാണ് ഓപ്പൺ ചെയ്തത്. പിന്നീട് 78.055 രൂപയിലേക്കു കയറി.