ആഗോള തകർച്ചയിൽ ഇന്ത്യയും; വിപണി ആഴമേറിയ തിരുത്തലിലേക്കോ?
തകർച്ചയ്ക്ക് മുന്നിൽ ഐ റ്റി മേഖല
ആഗോള പ്രവണതകൾ ഇന്ന് ഇന്ത്യൻ ഓഹരികളെയും താഴ്ത്തി. ആഴമേറിയ ഒരു തിരുത്തലിനു നീങ്ങുന്നു എന്ന പ്രതീതിയാണു വിപണിയിലുള്ളത്. സെൻസെക്സ് 1100 പോയിൻ്റും നിഫ്റ്റി 335 പോയിൻ്റും ഇടിഞ്ഞിട്ട് അൽപം കയറി.യുഎസ് ഫ്യൂച്ചേഴ്സ് അൽപം ഉയർന്നത് വലിയ തകർച്ച ഒഴിവാക്കി.
ഐടി മേഖലയാണ് തകർച്ചയ്ക്കു മുന്നിൽ നിന്നത്. നിഫ്റ്റി രണ്ടു ശതമാനം താഴ്ന്നപ്പോൾ എൻഎസ്ഇയിലെ ഐടി സൂചിക നാലു ശതമാനം ഇടിഞ്ഞു. ബാങ്ക്, ധനകാര്യ, വാഹന കമ്പനികളും കുത്തനേ താഴ്ന്നു.
പ്രതീക്ഷയിലും മികച്ച നാലാംപാദ റിസൽട്ട് ഐടിസി ഓഹരിയുടെ വില നാലര ശതമാനം ഉയർത്തി. ഓഹരി മൂന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ്.
എൽഐസി ഓഹരി ഇന്ന് ഒന്നര ശതമാനത്തോളം താഴ്ചയിലായി.
പലിശവരുമാനം 10 ശതമാനം കുറഞ്ഞതും പ്രശ്നകടങ്ങൾ വർധിച്ചതും മണപ്പുറം ജനറൽ ഫിനാൻസിൻ്റെ ഓഹരിവില 12 ശതമാനത്തോളം താഴ്ത്തി. കമ്പനിയുടെ അറ്റാദായം 45 ശതമാനം ഇടിഞ്ഞു.
അമേരിക്കൻ ബിസിനസിലെ ഇടിവ് ലൂപ്പിൻ ഓഹരിയുടെ വില എട്ടു ശതമാനം താഴ്ത്തി.
ഡോളർ ഇന്നു 14 പൈസ നേട്ടത്തിൽ 77.72 രൂപയിലാണ് ഓപ്പൺ ചെയ്തത്. പിന്നീട് 77.64 രൂപയിലേക്കു താണു.
ലോക വിപണിയിൽ സ്വർണ വില 1816 ഡോളറിലാണ്. കേരളത്തിൽ പവന് 160 രൂപ വർധിച്ച് 37,040 രൂപയായി.