കോവിഡിൽ തകർച്ച; ഓഹരി വിപണിയിൽ തിരുത്തൽ ആഴത്തിലാകുമോ?

സമീപകാല നേട്ടങ്ങളെല്ലാം വിപണി നഷ്ടപ്പെടുത്തി;

Update:2021-11-26 11:00 IST

കോവിഡിനെപ്പറ്റിയുള്ള ആശങ്ക ആഗോള വിപണികൾക്കൊപ്പം ഇന്ത്യൻ വിപണിയെയും വലിച്ചു താഴ്ത്തി.സമീപകാല നേട്ടങ്ങളെല്ലാം വിപണി നഷ്ടപ്പെടുത്തി. ആഴത്തിലുള്ള തിരുത്തൽ വിപണിയിൽ ഉണ്ടാകാം. താങ്ങു നൽകേണ്ട നിരകളെല്ലാം തകർത്താണു വിപണിയുടെ പതനം.

രാവിലെ ഒന്നേകാൽ ശതമാനം വരെ താണ മുഖ്യ സൂചികകൾക്കൊപ്പം വിശാല വിപണിയും ഇടിഞ്ഞു. സമീപകാലത്തെ താഴ്ന്ന നിലവാരമായ 17,200 നും താഴേക്കു നീങ്ങി. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ സെൻസെക്സ് 57,650-നു താഴെയാണ്.
ബാങ്കുകൾ, ധനകാര്യ കമ്പനികൾ, റിയൽറ്റി, വാഹന കമ്പനികൾ തുടങ്ങി ഒട്ടുമിക്ക മേഖലകളും നഷ്ടത്തിലേക്കു നീങ്ങി. ഫാർമ കമ്പനികളും ഹെൽത്ത് കെയർ കമ്പനികളും മാത്രം ഉയർന്നു.
സോപ്പ്, അലക്കു പൊടി തുടങ്ങിയവയുടെ വില വർധിപ്പിച്ചത് ഹിന്ദുസ്ഥാൻ യൂണിലിവറിൻ്റെയും ഐടിസിയുടെയും, ലാഭം കൂടാൻ സഹായിക്കും. സസ്യ എണ്ണകൾ മുതൽ എല്ലാ അസംസ്കൃത പദാർഥങ്ങൾക്കും വില കുത്തനേ കൂടിയ സാഹചര്യത്തിലാണു വിലവർധന. പക്ഷേ, ഇന്ന് ഈ രണ്ട് ഓഹരികളും നല്ല താഴ്ചയിലാണ്.
അപ്പോളോ ഹോസ്പിറ്റൽസിൻ്റെ ഉപകമ്പനി ആയ അപ്പോളോ ഹെൽത്തും ആമസോണും ഔഷധവിതരണത്തിൽ സഖ്യമുണ്ടാക്കാൻ ധാരണയിലെത്തി. അപ്പോളോയ്ക്കു ബിസിനസ് വർധിക്കാൻ ഇതു സഹായിക്കും. ആമസോൺ 50 കോടി ഡോളർ മുടക്കി അപ്പോളോ ഹെൽത്തിൻ്റെ 20 ശതമാനം ഓഹരി എടുക്കും. ഇന്നത്തെ തകർച്ചയ്ക്കിടയിൽ അപ്പോളോ ഓഹരികളെ ഉയർത്തി നിർത്തിയത് ഈ സഖ്യനീക്കമാണ്.
അമേരിക്കയും മറ്റും റിസർവിൽ നിന്ന് ക്രൂഡ് ഓയിൽ വിൽക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ ഒപെക് രാജ്യങ്ങളും റഷ്യയും ഉൽപാദനം കൂട്ടൽ മരവിപ്പിക്കാൻ ശ്രമിക്കുമെന്നു വോൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയതു. അടുത്ത ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒപെക് യോഗം ഉണ്ട്. മാസം നാലു ലക്ഷം വീപ്പ വീതം ഉൽപാദനം കൂട്ടാനാണു ജൂലൈയിൽ ഒപെക് തീരുമാനിച്ചത്. ഉൽപാദനം കുറച്ചാൽ ക്രൂഡ് വില കൂടും. ഇന്നു രാവിലെ ക്രൂഡ് വില ഒന്നേമുക്കാൽ ശതമാനത്തിലേറെ ഇടിഞ്ഞു. ബ്രെൻ്റ് ഇനം 80.32 ഡോളറായി താണു.
കോവിഡ് വ്യാപനം വ്യോമഗതാഗതത്തെ ബാധിക്കുമെന്ന ആശങ്ക വ്യോമയാന കമ്പനികളുടെ (ഇൻറർ ഗ്ലോബ്, സ്പൈസ് ജെറ്റ് ) ഓഹരി വില ഇടിച്ചു. ഹോട്ടൽ, മൾട്ടിപ്ലെക്സ് ഓഹരികളും താഴ്ചയിലാണ്.
റിലയൻസിൻ്റെ ഗ്യാസിഫിക്കേഷൻ - സ്പെഷാലിറ്റി കെമിക്കൽസ് നീക്കം ലാഭം വർധിപ്പിക്കുമെന്നു ബ്രേക്കറേജുകൾ വിലയിരുത്തിയെങ്കിൽ വിപണി തകർച്ച ഇന്നു കമ്പനിയുടെ ഒന്നി വില ഇടിയാൻ കാരണമായി.
പ്രിസിഷൻ എൻജിനിയറിംഗ് മേഖലയിലെ മികച്ച കമ്പനിയായ എംടാർ ടെക്നോ മികച്ച ലാഭ വർധനയോടെ രണ്ടാം പാദ റിസൽട്ട് പുറത്തിറക്കി. പക്ഷേ ഓഹരി വില മൂന്നു ശതമാനം ഇടിഞ്ഞു.
ഡോളർ വീണ്ടും നേട്ടമുണ്ടാക്കി. രാവിലെ 14 പൈസ നേട്ടത്തിൽ 74.65 രൂപയിലെത്തി ഡോളർ.
ലോക വിപണിയിൽ സ്വർണം 1799 ഡാേളറിലേക്ക് ഉയർന്നു. കേരളത്തിൽ പവന് 120 രൂപ വർധിച്ച് 35,880 രൂപയായി.

Tags:    

Similar News