ബാങ്ക് ഓഹരികൾ എന്തുകൊണ്ട് താഴുന്നു?

മുഖ്യസൂചികകൾ താഴുമ്പോഴും മിഡ്, സ്മോൾ ക്യാപ് ഓഹരികൾ ഉയരുന്നു;

Update:2021-11-16 11:19 IST

റിലയൻസും ബാങ്ക് - ധനകാര്യ കമ്പനികളും മുഖ്യ സൂചികകളെ വലിച്ചു താഴ്ത്തുന്നതാണ് ഇന്നു രാവിലെ ഓഹരി വിപണിയിൽ കണ്ടത്. റിലയൻസ് ഓഹരി 1.55 ശതമാനം താണു. എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യൻ പെയിൻ്റ്സ് എന്നിവയും ഒരു ശതമാനത്തിലേറെ താണു.

ബാങ്ക് ഓഹരികളിൽ നിന്ന് വിദേശ നിക്ഷേപകർ വൻതോതിൽ പിൻവാങ്ങുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്.ഇന്ന് ആ പ്രവണത കൂടുതൽ ശക്തമായി. പലിശ കൂടുന്നതും കടപ്പത്ര വില താഴുന്നതും ബാങ്ക് ഓഹരികൾക്കു തിരിച്ചടിയായി. കിട്ടാക്കടങ്ങൾ വർധിക്കുന്നത് ധനകാര്യ കമ്പനികളിലെ താൽപര്യം കുറച്ചു.ബാങ്കിതര ധനകാര്യ കമ്പനികളുടെ എൻപിഎ (നിഷ്ക്രിയ ആസ്തി) നിർണയത്തിനു റിസർവ് ബാങ്ക് കൂടുതൽ കർശന വ്യവസ്ഥകൾ കൊണ്ടുവന്നതും ഈ മേഖലയ്ക്ക് ക്ഷീണമായി.
മുഖ്യസൂചികകൾ താഴുമ്പോഴും മിഡ്, സ്മോൾ ക്യാപ് ഓഹരികൾ ഉയരുകയായിരുന്നു. താഴുന്ന ഓഹരികളുടെ ഇരട്ടി ഓഹരികൾ ഉയരുന്നതായിരുന്നു വിശാല വിപണിയിലെ നില. റിയൽറ്റി, ഐടി കമ്പനികൾ നല്ല കുതിപ്പ് നടത്തി. മാരുതിയും ടാറ്റാ മോട്ടാേഴ്സും മൂന്നു ശതമാനം ഉയർന്നു.
അമേരിക്കൻ വിപണിയിൽ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്സ്) ലിസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ട് കോഫോർജ് (പഴയ എൻഐഐടി ടെക്നോളജീസ്) ഓഹരിയെ ആറു ശതമാനത്തിലധികം ഉയർത്തി. ഈ വർഷം ഇതുവരെ 114 ശതമാനം നേട്ടമുണ്ടാക്കിയ ഓഹരിയാണിത്.
ഇന്നലെ റിക്കാർഡ് നേട്ടത്തിൽ ലിസ്റ്റ് ചെയ്ത സിഗാച്ചി ഇൻഡസ്ട്രീസ് ഇന്നു രാവിലെ അഞ്ചു ശതമാനം ഉയർന്നു. പോളിസി ബസാർ ഉടമകളായ പിബി ഫിനാൻഷ്യൽസ് 16 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
ക്രൂഡ് ഓയിൽ വീണ്ടും കയറ്റത്തിലായി. ബ്രെൻ്റ് ഇനം 82.8 ഡോളറിലെത്തി.
സ്വർണം 1867-1868 ഡോളറിലേക്ക് ഉയർന്നു.. കേരളത്തിൽ പവന് 200 രൂപ വർധിച്ച് 36,920 രൂപയായി. ജൂൺ മൂന്നിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.
ഡോളർ ഉയർന്നു. മൂന്നു പൈസ നേട്ടത്തിൽ 74.51 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്.


Tags:    

Similar News