വിപണിയെ ഹാപ്പിയാക്കി ശക്തി കാന്ത ദാസ്; പലിശ ഉടനേ കൂട്ടില്ല; ഉദാര നയം തുടരും
ഓഹരി കയറി; രൂപ താണു;
വിലക്കയറ്റം സാരമില്ല; ക്രമേണ കുറയും. വളർച്ചയാണു മുഖ്യം. അതിനാൽ നിരക്കുകൾ കൂട്ടുന്നില്ല. പണലഭ്യത ഇന്നത്തേതുപോലെ തുടരണം. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇന്ന് പ്രഖ്യാപിച്ച പണനയത്തിൻ്റെ കാതൽ അതാണ്.
ഓഹരിവിപണി അനുകൂലമായി പ്രതികരിച്ചു. മുഖ്യസൂചികകളും ബാങ്ക് നിഫ്റ്റിയും ഉയർന്നു. മാർച്ചിലോ സമീപമാസങ്ങളിലോ പലിശ വർധിക്കില്ലെന്നു വിപണി ഇപ്പാേൾ ആശ്വസിക്കുന്നു.
എന്നാൽ വിദേശനാണ്യ വിപണി എതിരായി പ്രതികരിച്ചു. ഡോളർ 75 രൂപയ്ക്കു മുകളിലേക്കു കയറി. പിന്നീട് അൽപം താണു.
കടപ്പത്രങ്ങൾക്കു വില കൂടി. 10 വർഷ സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം (yield) 6.75 ശതമാനത്തിനു താഴെയായി. പിന്നീട് 6.78 ശതമാനമായി. കഴിഞ്ഞ ദിവസങ്ങളിൽ നിക്ഷേപനേട്ടം 6.84 ശതമാനം വരെ കയറിയിരുന്നു.
വിലക്കയറ്റം റിസർവ് ബാങ്ക് കണക്കുകൂട്ടിയതുപോലെയാണു നീങ്ങുന്നതെന്നു ദാസ് പറഞ്ഞു. സെപ്റ്റംബറിനു ശേഷം വിലക്കയറ്റം നാലു ശതമാനത്തിൻ്റെ ചുറ്റുവട്ടത്തേക്കു താഴുമെന്ന് അദ്ദേഹം പറയുന്നു.
2022-23 ലെ ജിഡിപി വളർച്ച 7.8 ശതമാനമാകുമെന്നു ഗവർണർ പറഞ്ഞു. ചില്ലറ വിലക്കയറ്റം 4.5 ശതമാനമാകും. ഇതു നേരത്തേ കണക്കാക്കിയതിലും കുറവാണ്.
റീപോ നാലു ശതമാനം, റിവേഴ്സ് റീപോ 3.35%, ബാങ്ക് റേറ്റ് 4.25% എന്നിവ മാറ്റമില്ലാതെ തുടരും.
വിലക്കയറ്റം ഉയർന്നു നിൽക്കുമ്പോൾ പലിശ കൂട്ടാതെയും പണലഭ്യത ചുരുക്കാതെയും ഉളള പണനയം വിലക്കയറ്റം വർധിപ്പിക്കും എന്നു ധനകാര്യ യാഥാസ്ഥിതികർ കരുതുന്നു.
രാവിലെ ചെറിയ ഉയരത്തിൽ തുടങ്ങി വീണ്ടും കയറുകയും പിന്നീടു താഴുകയും ചെയ്ത സൂചികകൾ പണനയത്തിനു മുമ്പുള്ള ആശങ്കകൾ പ്രകടമാക്കി.
ഗവർണർ ദാസ് പണനയം പ്രഖ്യാപിക്കാൻ തുടങ്ങുമ്പോൾ സെൻസെക്സ് 58,435.36 ലും നിഫ്റ്റി 17,445.15-ലും ആയിരുന്നു. പ്രഖ്യാപനം അവസാനിച്ചപ്പോൾ ഇവ യഥാക്രമം 58,838.36 ലും 17,574.15 ലും ആയി.
ലാഭവും ലാഭമാർജിനും പ്രതീക്ഷിച്ചയേക്കാൾ വളരെ കുറവായതിനെ തുടർന്ന് എസിസിയുടെയും സെയിലിൻ്റെയും ഓഹരി വിലകൾ ആദ്യം കുറഞ്ഞു; പിന്നീടു കയറി.
ലാഭം കുത്തനേ ഇടിഞ്ഞ നൈകായുടെ ഓഹരി ആറു ശതമാനത്തോളം താഴ്ന്നു. സൊമാറ്റോ, പോളിസി ബസാർ എന്നിവയും താഴോട്ടാണ്. പേ ടിഎം അൽപം ഉയർന്നു.
വിറ്റുവരവിൽ 76 ശതമാനം ഇടിവും അപ്രതീക്ഷിതമായ കനത്ത നഷ്ടവും സോലാറ ആക്റ്റീവ് ഫാർമയുടെ ഓഹരി വില 20 ശതമാനം ഇടിയാൻ കാരണമായി. 139 കോടിയുടെ നഷ്ടമാണു കമ്പനി വരുത്തിയത്.
അഡാനി വിൽമർ ഇന്നും 16 ശതമാനം ഉയർന്നു. എട്ടാം തീയതി ലിസ്റ്റ് ചെയ്ത കമ്പനി ഓഹരി ഇതിനകം 64 ശതമാനം ഉയർന്നു.
സുന്ദരം ക്ലേറ്റൻ്റെ ഓട്ടോ പാർട്സ് ബിസിനസ് പ്രത്യേക കമ്പനിയാക്കുമെന്നും ബോണസ് ഇഷ്യു നടത്തുമെന്നും ഉള്ള അറിയിപ്പ് ഓഹരി വില ഉയർത്തി. ഓഹരി ഒന്നിനു 116 നോൺ കൺവേർട്ടബിൾ നോൺ റെഡീമേബിൾ പ്രിഫറൻസ് ഓഹരികളാണ് നൽകുക.
ലോക വിപണിയിൽ സ്വർണം 1834 ഡോളറിലാണ്. കേരളത്തിൽ പവന് 200 രൂപ കൂടി 36,640 രൂപയിലെത്തി.
ഡോളർ ഏഴു പൈസ നേട്ടത്തിൽ 74.88 രൂപയിൽ വ്യാപാരം തുടങ്ങി.