ആഗോള ആശങ്കകളിൽ ഓഹരികൾ ഇടിയുന്നു; രൂപയും താഴോട്ട്

കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരി വില താഴാൻ കാരണം ഇതാണ്

Update:2022-02-11 11:00 IST

ആഗോള വിപണികളുടെ വഴിയേ ഇന്ത്യൻ വിപണിയും താഴ്ന്നു. അമേരിക്കൻ വിലക്കയറ്റം കുതിച്ചതിനെ തുടർന്ന് പലിശനിരക്ക് വേഗം ഉയരും എന്ന നിഗമനത്തിലാണ് ഓഹരികൾ ഇടിയുന്നത്.

ഇന്ത്യയിൽ പലിശ വർധന തൽക്കാലം നീട്ടി വയ്ക്കാനുള്ള റിസർവ് ബാങ്ക് തീരുമാനത്തെ തുടർന്നുണ്ടായ നേട്ടമത്രയും വ്യാപാരത്തുടക്കത്തിലേ ഇല്ലാതായി. ഒരു ശതമാനം നഷ്ടത്തിൽ തുടങ്ങിയ വ്യാപാരം പിന്നീടു കൂടുതൽ നഷ്ടത്തിലേക്കു നീങ്ങി.
വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോഴേക്കു സെൻസെക്സ് 58,000 നു താഴെയായി. നിഫ്റ്റി 17,325 നു താഴെയും.
രൂപയും ഇടിഞ്ഞു. ഡോളർ വ്യാപാരം തുടങ്ങിയത് 43 പൈസ നേട്ടത്തിൽ 75.38 രൂപയിലാണ്. രൂപ വീണ്ടും താഴ്ന്ന് ഡോളറിന് 76 രൂപയ്ക്കു മുകളിലാകുമെന്നാണ് നിഗമനം.
ഇന്നലെ പണനയത്തെ തുടർന്നു സർക്കാർ കടപ്പത്രങ്ങൾക്കു വില കൂടുകയും കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (yield) കുറയും ചെയ്തിരുന്നു. ഇന്ന് അതു മാറി. കടപ്പത്ര വില താഴ്ന്നു. നിക്ഷേപനേട്ടം വീണ്ടും ഉയർന്നു. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 6.76 ശതമാനമായി.
കടപ്പത്ര വില താഴുന്നതും പലിശ കൂടുന്നതും ബാങ്കുകൾ, ധനകാര്യ കമ്പനികൾ തുടങ്ങിയവയുടെ വില താഴ്ത്തി. ഐടി ഓഹരികളും താഴ്ചയിലാണ്.
മൂന്നാം പാദത്തിൽ ലാഭവും ലാഭ മാർജിനും കുറഞ്ഞത് കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരിയെ താഴ്ത്തി. വില രണ്ടര ശതമാനത്തോളം താണു. ഗുജറാത്ത് പിപവാവും ഇതേ കാരണത്താൽ താഴാേട്ടു പോയി.
പോളിസി ബസാറിൻ്റെ (പിബി ഫിൻടെക്ക്) പ്രൊമോട്ടർമാർ ഗണ്യമായ ഓഹരികൾ വിറ്റതായ റിപ്പോർട്ട് ഓഹരി വില 10 ശതമാനത്തിലധികം ഇടിയാൻ കാരണമായി. 1.4 ശതമാനം ഓഹരിയാണ് അവർ വിറ്റത്. ലിസ്റ്റ് ചെയ്ത ശേഷം ഓഹരി 42 ശതമാനം ഇടിഞ്ഞിട്ടുണ്ട്.
നഷ്ടം വർധിച്ചതിനെ തുടർന് സൊമാറ്റോ ഓഹരി വില ആറു ശതമാനത്തിലധികം ഇടിഞ്ഞു
സലാേറ ആക്റ്റീവ് ഫാർമയുടെ ഓഹരി ഇന്നും 16 ശതമാനം ഇടിഞ്ഞു. രണ്ടു ദിവസം കൊണ്ട് ഓഹരി 31 ശതമാനം താഴ്ചയിലായി. മൂന്നാം പാദത്തിൽ കമ്പനി അപ്രതീക്ഷിതമായി നഷ്ടത്തിലായി. സിഇഒയും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും രാജി വയ്ക്കുകയും ചെയ്തു.
സ്റ്റാഫിംഗ് കമ്പനിയായ ക്വെസ് കോർപ് ഇന്ന് ആറു ശതമാനത്തിലധികം ഉയർന്നു. കമ്പനിയുടെ സിഇഒ മാറിയതിനെ തുടർന്ന് ഇന്നലെ ഓഹരിക്കുണ്ടായ ഇടിവ് ഇന്നു മറികടന്നു.
സ്വർണം ലോകവിപണിയിൽ 1825 ഡോളറിലായി. കേരളത്തിൽ സ്വർണ വിലയിൽ മാറ്റമില്ല.


Tags:    

Similar News