ഓഹരി വിപണി വീണ്ടും താഴോട്ട്; ഡോളറും സ്വർണവും കയറി.
ഔഷധ, വാഹന, മെറ്റൽ, രാസവള കമ്പനികളുടെ ഓഹരി വില ഇടിയാൻ കാരണമിതാണ്;
താഴ്ന്നു തുടങ്ങി. വീണ്ടും താഴ്ന്നു. യുക്രെയ്ൻ സംഘർഷത്തിൻ്റെ അനന്തരഫലങ്ങളെപ്പറ്റിയുള്ള ആശങ്ക വിപണിയെ ഇടിച്ചുതാഴ്ത്തുന്നു. സെൻസെക്സ് 55,000 നു താഴെ വരെ എത്തിയിട്ട് അൽപം കയറി. നിഫ്റ്റി 16,400 നു താഴെ എത്തിയിട്ട് അൽപം ഉയർന്നു..
റഷ്യക്കെതിരായ ഉപരോധം ഇന്ത്യയുടെ കയറ്റിറക്കുമതികളെയും ബാധിക്കുമെന്ന തിരിച്ചറിവാണു വിപണിയെ ഉലക്കുന്നത്. ഉപരോധത്തിൽ പങ്കാളിയാകാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ പോലും വ്യാപാരം ഇപ്പോഴത്തേതുപോലെ തുടരാനാവില്ല. സ്വിഫ്റ്റ് നെറ്റ് വർക്കിൽ നിന്നു റഷ്യൻ ബാങ്കുകളെ മാറ്റുന്നത് ബദൽ വ്യാപാര സാധ്യതയും കുറയ്ക്കും. രൂപ - റൂബിൾ വ്യാപാരത്തിനുള്ള സാധ്യതയും കുറവാണ്.
റഷ്യൻ കറൻസി റൂബിളിൻ്റെ വിനിമയ നിരക്ക് ഇന്നു 30 ശതമാനം ഇടിയുമെന്ന് വിദേശ വിപണികളിലെ വ്യാപാരം സൂചിപ്പിക്കുന്നു. ബാങ്കിംഗ് ഉപരോധം റഷ്യൻ സമ്പദ്ഘടനയെ വല്ലാത്ത പരുവത്തിലേക്കു തള്ളിയിടുമെന്നാണു വിലയിരുത്തൽ. റഷ്യയുമായി കൂടുതൽ ഇടപാടുകളുള്ള കമ്പനികളുടെ ഓഹരികൾ കൂടുതൽ ഇടിഞ്ഞത് ഈ സാഹചര്യത്തിലാണ്. ഔഷധ, വാഹന, മെറ്റൽ, രാസവള കമ്പനികൾ ഈ വിഭാഗത്തിൽ പെടുന്നു. ബയോകോൺ, ഡോ.റെഡ്ഡിസ്, റെയിൻ ഇൻഡസ്ട്രീസ് തുടങ്ങിയവ ഇന്നു ഗണ്യമായി താണു.
ഫ്യൂച്ചർ റീട്ടെയിലിൻ്റെ ബിഗ് ബസാർ ഷോപ്പുകൾ റിലയൻസ് ഏറ്റെടുക്കുന്നത് ഫ്യൂച്ചറിൻ്റെ ഓഹരി വില എട്ടു ശതമാനം ഉയർത്തി. റിലയൻസ് ഓഹരി തുടക്കത്തിൽ ഒന്നര ശതമാനത്തിലേറെ താണിട്ടു തിരിച്ചു കയറി.
സ്വർണം രാജ്യാന്തര വിപണിയിൽ 1908 ഡോളറിലാണ്. കേരളത്തിൽ പവന് 520 രൂപ കൂടി 37,600 രൂപയായി.
ഡോളർ നിരക്ക് ഇന്നു കയറി. 46 പൈസ നേട്ടത്തിൽ 75.75 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്.