സൂചികകൾക്കു സാവധാനം ഉയർച്ച, ഒഎൻജിസി വീണ്ടും താഴോട്ട്
മിഡ് ക്യാപ് ഓഹരികൾ ഗണ്യമായ നേട്ടമുണ്ടാക്കി;
ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയിട്ടു ക്രമമായി ഉയർന്നു. ഇന്ത്യൻ വിപണി തുടർച്ചയായ മൂന്നാം ദിവസവും കയറ്റത്തിലാണ്. നിഫ്റ്റി 17,400നു മുകളിലായി. വിശാല വിപണി നല്ല നേട്ടത്തിലാണ്. മിഡ് ക്യാപ് ഓഹരികൾ ഗണ്യമായ നേട്ടമുണ്ടാക്കി.
കടം പുനർക്രമീകരിച്ച് കമ്പനിയുടെ അക്കൗണ്ടുകൾ എൻപിഎ യിൽ നിന്നു മാറിയതായി കമ്പനി അറിയിച്ചതിനെ തുടർന്ന് ജയിൻ ഇറിഗേഷൻ്റെ ഓഹരി വില നാലു ശതമാനത്തോളം ഉയർന്നു. 2019 -ൽ കുത്തനെ ഇടിഞ്ഞ ഓഹരിവില ഇപ്പോഴും പഴയ റിക്കാർഡിൻ്റെ മൂന്നിലൊന്നിൽ താഴെയാണ്.
വ്യാവസായിക ലോഹങ്ങളുടെ വിലയിടിവ് ടാറ്റാ സ്റ്റീൽ, ഹിൻഡാൽകോ, വേദാന്ത, സെയിൽ, ജിൻഡൽ സ്റ്റീൽ, ജെഎസ്ഡബ്ള്യു സ്റ്റീൽ തുടങ്ങിയവയുടെ ഓഹരിവില വീണ്ടും താഴ്ത്തി.
ക്രൂഡ് ഓയിൽ വിലയിടിവിനെ തുടർന്ന് ഒഎൻജിസി തുടർച്ചയായി താഴാേട്ടു പോകുകയാണ്. അഞ്ചു ദിവസം കൊണ്ട് വില ഒൻപതു ശതമാനം ഇടിഞ്ഞു. ഇന്നു മാത്രം നാലു ശതമാനത്തിലധികം താഴ്ന്നു.
ചൈനയിലെ ലോക്ക്ഡൗൺ ഔഷധ നിർമാണ കമ്പനികൾക്ക് ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയൻ്റ്സ് (എപിഐ) ലഭിക്കുന്നതിനു ബുദ്ധിമുട്ടായി. പല കമ്പനികൾക്കും ഏതാനും ദിവസത്തേക്കുള്ള രാസഘടകങ്ങളേ സ്റ്റോക്കുള്ളു.
ആദായ നികുതി വകുപ്പിൻ്റെ റെയ്ഡിനെ തുടർന്നു വിലയിടിഞ്ഞ ഹീറോ മോട്ടോ കോർപ് ഓഹരി ഇന്നു രണ്ടര ശതമാനത്തിലധികം ഉയർന്നു. 1000 കോടിയുടെ വെട്ടിപ്പു നടന്നെന്ന മാധ്യമ റിപ്പോർട്ടുകൾ കമ്പനി നിഷേധിച്ചു.
സിറ്റി ബാങ്കിൻ്റെ ക്രെഡിറ്റ് കാർഡ് അടക്കം ഇന്ത്യയിലെ കൺസ്യൂമർ ബിസിനസ് ആക്സിസ് ബാങ്കിനു വിൽക്കുമെന്ന സൂചനയിൽ ആക്സിസ് ഓഹരി മൂന്നു ശതമാനത്തോളം നേട്ടമുണ്ടാക്കി.
ലോക വിപണിയിൽ പഞ്ചസാര വില കുറഞ്ഞു തുടങ്ങി. ഇന്ത്യയിലും ബ്രസീലിലും ഉൽപാദനം കൂടുന്നതാണു കാരണം.
ലോകവിപണിയിൽ സ്വർണം 1923 ഡോളറായി താണു. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 38,120 രൂപയായി.
രൂപ ഇന്നും നല്ല നേട്ടമുണ്ടാക്കി. ഡോളർ 32 പൈസ താണ് 75.66 രൂപയിലാണു വ്യാപാരം തുടങ്ങിയത്. ഡോളർ സൂചിക താഴ്ന്നതും വിദേശ നിക്ഷേപകരുടെ പണം പിൻവലിക്കൽ കുറഞ്ഞതുമാണു കാരണം.