കോവിഡിനെ കടന്ന് വിപണി

സൂചികകൾ താഴ്ന്ന ശേഷം തിരിച്ചു കയറി

Update: 2021-04-09 05:31 GMT

കോവിഡ് വ്യാപനവും വാക്സിൻ ദൗർലഭ്യവും രാജ്യത്തു വളർച്ചയെ ബാധിക്കും എന്ന ആശങ്ക വളരുകയാണ്. വിപണി താഴ്ന്നു തുടങ്ങിയത് ഇതിൻ്റെ ഫലമായാണ്. കുറേക്കൂടി താഴ്ന്ന ശേഷം സൂചികകൾ തിരിച്ചു കയറി.

ബാങ്ക്, ധനകാര്യ ഓഹരികളാണു താഴ്ചയിൽ മുന്നിട്ടു നിന്നത്. ബാങ്ക് ഓഹരികൾ തിരിച്ചു കയറിയപ്പോൾ സൂചികകൾ ഉയർന്നു. പിന്നീടു പൊതുമേഖലാ ബാങ്കുകൾ നല്ല ഉയർച്ച കാണിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വലിയ ഉയർച്ച കാണിച്ച ടാറ്റാ സ്റ്റീലിനു ലാഭമെടുക്കലിനെ തുടർന്നു വില താണു. ഇന്ത്യാ ബുൾസ് ഗ്രൂപ്പ് കമ്പനികൾക്ക് ഇന്നു വില വർധിച്ചു.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഇന്നും നല്ല നേട്ടം കുറിച്ചു.
2020-21 ധനകാര്യ വർഷം നികുതി വരുമാനം പുതുക്കിയ എസ്റ്റിമേറ്റിനെ അപേക്ഷിച്ചു ഗണ്യമായി കൂടുതലുണ്ടെന്ന് ധനമന്ത്രാലയം സൂചിപ്പിച്ചു. പ്രത്യക്ഷ നികുതിയിൽ 40,000 കോടിയുടെയും പരോക്ഷ നികുതിയിൽ ഒരു ലക്ഷം കോടിയുടെയും വർധനയാണ് കണക്കാക്കുന്നത്. ഇതു കമ്മി കുറയ്ക്കുമോ എന്നു വ്യക്തമായിട്ടില്ല.
ഡോളർ നിരക്ക് ഇന്നും കൂടി .19 പൈസ വർധിച്ച് 74.77 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്. പിന്നീടു ഡോളർ 74.68 രൂപയിലേക്കു താണു. റിസർവ് ബാങ്ക് വിപണിയിൽ ഇടപെടുന്നതായി സൂചനയുണ്ട്. കടപ്പത്രം തിരിച്ചു വാങ്ങൽ പണപ്പെരുപ്പം കൂട്ടും; അതു രൂപയുടെ കരുത്ത് ചോർത്തും; വിനിമയ നിരക്ക് കുറയും: ഇതാണു കറൻസി വിപണി കണക്കാക്കുന്നത്.
ലോകവിപണിയിൽ സ്വർണവില ഔൺസിന് 1753-1755 ഡോളറിൽ തുടരുന്നു. കേരളത്തിൽ പവനു 400 രൂപ വർധിച്ച് 34,800 രൂപയായി. വിദേശവില കൂടിയതും ഡോളർ നിരക്ക് വർധിച്ചതും ഒന്നിച്ചു വന്നതാണു പവൻ വിലയിൽ വലിയ മാറ്റത്തിനു കാരണം. ഈയാഴ്ച പവന് ആയിരം രൂപ വർധിച്ചു.
കടപ്പത്ര വില വീണ്ടും വർധിച്ചു. 10 വർഷ കടപ്പത്രത്തിലെ നിക്ഷേപനേട്ടം (Yield) ആറു ശതമാനത്തിനു താഴെയായി. ഫെബ്രുവരി 12-നു ശേഷം നിക്ഷേപ നേട്ടം ഇത്രയും കുറയുന്നത് ഇതാദ്യമാണ്.


Tags:    

Similar News