റിക്കാർഡുകൾക്കു മുകളിൽ സൂചികകൾ; അഡാനി ഗ്രൂപ്പിനു തിരിച്ചടി വന്നത് എന്തുകൊണ്ട്?
ഇന്ത്യൻ ഓഹരി വിപണിയിലെ മുഖ്യ സൂചികകൾ പുത്തൻ ഉയരങ്ങൾ താണ്ടുന്നു
ആവേശത്തോടെ തുടങ്ങി. ആവേശം നിലനിർത്തിക്കൊണ്ടു വീണ്ടും കയറ്റം. ഇന്ത്യൻ ഓഹരി വിപണിയിലെ മുഖ്യസൂചികകൾ പുത്തൻ ഉയരങ്ങൾ താണ്ടുകയാണ് ഇന്നു രാവിലെ.
എല്ലാ ബിസിനസ് മേഖലകളും ഉയരത്തിലേക്കു നീങ്ങുകയായിരുന്നു രാവിലെ. നിഫ്റ്റി 15,800 മറികടന്നു നിലയുറപ്പിച്ചു. സെൻസെക്സ് 52,556 ൻ്റെ പഴയ റിക്കാർഡിനു മുകളിലെത്തി.
സ്വകാര്യ ബാങ്കുകൾ, ധനകാര്യ കമ്പനികൾ, ലോഹ കമ്പനികൾ തുടങ്ങിയവ ഇന്നത്തെ കയറ്റത്തിൻ്റെ മുന്നിൽ നിന്നു. കോൾ ഇന്ത്യ അഞ്ചു ശതമാനത്തോളം ഉയർന്നു.
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ 1.6 ശതമാനം കുതിപ്പ് സൂചികകളുടെ ഉയർച്ചയിൽ വലിയ പങ്കു വഹിച്ചു .
അഡാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾക്ക് ഇന്നു തിരിച്ചടി നേരിട്ടു. കഴിഞ്ഞ വർഷം വിപണി മൂല്യം 4600 കോടി ഡോളർ വർധിച്ചതാണ്. ഗ്രൂപ്പ് കമ്പനികളുടെ വലിയ ഭാഗം ഓഹരികൾ ചില മൗറീഷ്യസ് ഫണ്ടുകളുടെ പക്കലാണെന്നും വളരെ കുറച്ച് ഓഹരികളേ സ്വതന്ത്ര വിപണനത്തിന് ഉള്ളുവെന്നും റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നാണിത്. ഗുജറാത്തുകാരനായ അഡാനിയുടെ രാഷ്ടീയബന്ധങ്ങൾ ഒന്നും പരാമർശിക്കാതെയായിരുന്നു റിപ്പോർട്ട്. അഡാനി ഗ്രൂപ്പിൻ്റെ വിപണിമൂല്യം വർധിച്ചതിൽ അവിഹിതം സംശയിക്കാവുന്ന ധ്വനിയാണു റിപ്പോർട്ടിലുളളത്. വിപണിമൂല്യം വർധിച്ചത് ഗൗതം അഡാനിയുടെ സമ്പത്ത് റിലയൻസ് സാരഥി മുകേഷ് അംബാനിയുടെ സമ്പത്തിൻ്റെ മൂല്യത്തിന് അടുത്തെത്തിച്ചിരുന്നു. അഡാനി വിമാനത്താവള നടത്തിപ്പു ബിസിനസിൻ്റെ ഐ പി ഒ നടത്താൻ ഒരുങ്ങുമ്പോഴാണ് ഈ റിപ്പോർട്ട്.
രൂപ ഇന്ന് നേട്ടത്തിൽ തുടങ്ങി. ഡോളർ 12 പൈസ താഴ്ന്ന് 72.93 രൂപയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് 72.91 രൂപയിലേക്കു താണു.
സ്വർണം രാജ്യാന്തര വിപണിയിൽ 1900 ഡോളറിനു മുകളിൽ കയറാനുള്ള ശ്രമത്തിലാണ്. കേരളത്തിൽ പവന് 240 രൂപ വർധിച്ച് 36,880 രൂപയായി.