താഴ്ചയിൽ നിന്നു കയറി, ബാങ്ക്, ധനകാര്യ ഓഹരികൾ ക്ഷീണത്തിൽ
കോവിഡ് നിയന്ത്രണങ്ങൾ ഈ ഓഹരികൾക്ക് തിരിച്ചടിയാകുന്നു
വിപണി ദിശാബോധമില്ലാതെ ചാഞ്ചാടുന്നു. ഡിസംബർ സീരീസ് ഡെറിവേറ്റിവുകളുടെ സെറ്റിൽമെൻ്റ് ഇന്നു കഴിഞ്ഞ ശേഷമേ വിപണി കരുത്തു നേടൂ. ഇന്ന് അൽപം താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണി പിന്നീടു നേട്ടത്തിലായി. ഒരു മണിക്കൂർ പിന്നിടുമ്പോൾ സെൻസെക്സ് 150 പോയിൻ്റ് ഉയരത്തിലാണ്. ബാങ്ക്, ധനകാര്യ, മെറ്റൽ, ഓട്ടോ, റിയൽറ്റി ഓഹരികൾ ഇന്നു രാവിലെ ക്ഷീണത്തിലാണ്.
തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവയുടെ ജിഎസ്ടി വർധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിക്കുമെന്നു സൂചന. ഇന്നു ചേരുന്ന ജിഎസ്ടി കൗൺസിൽ ഇക്കാര്യം ചർച്ച ചെയ്യും. 1000 രൂപയിൽ താഴെ വിലയുള്ള വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കും നിലവിലുള്ള അഞ്ചു ശതമാനം നികുതി തുടരാനാകും തീരുമാനിക്കുക. നികുതി 12 ശതമാനമാക്കാനാണ് ഉദ്ദേശിച്ചിരുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ കൂടിയതോടെ മൾട്ടിപ്ളെക്സുകൾ, റീട്ടെയിൽ ശൃംഖലകൾ, ഹോട്ടലുകൾ തുടങ്ങിയവയുടെ വില കുറഞ്ഞു.
വായ്പ നൽകി ഏഴു മാസത്തിനകം അത് എഴുതിത്തള്ളി എന്ന വാർത്ത പുറത്തു വന്നതോടെ ആർബിഎൽ ബാങ്ക് ഓഹരി എട്ടു ശതമാനത്തോളം ഇടിഞ്ഞു.
റാണെ ഗ്രൂപ്പിന്റെ ജർമൻ സംയുക്ത സംരംഭത്തിൽ ജർമൻ ഗ്രൂപ്പായ സെഡ് എഫ് ഭൂരിപക്ഷ ഓഹരി എടുക്കുമെന്ന തീരുമാനം റാണെ ഹോൾഡിംഗ്സിൻ്റെ ഓഹരി വില ഒൻപതു ശതമാനത്തോളം ഉയർത്തി.
ഡോളർ ഇന്നു വീണ്ടും ദുർബലമായി. 15 പൈസ നഷ്ടത്തിൽ 74.58 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്.
രാജ്യാന്തര വിപണിയിൽ സ്വർണവില 1801 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 200 രൂപ കുറഞ്ഞ് 35,920 രൂപയായി.