ഓഹരി വിപണി : ചാഞ്ചാട്ടത്തോടെ ഇടിവ് തുടരുന്നു

ആഗോള ആശങ്കകൾ ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുന്നത് ഇങ്ങനെ;

Update:2022-03-02 11:12 IST

താഴ്ന്നു തുടങ്ങി; വീണ്ടും താണു, പിന്നീടു നഷ്ടം ഗണ്യമായി കുറച്ചു. വീണ്ടും താണു.

ആഗോള ആശങ്കകളുടെ പിന്നാലെ ഇന്ത്യൻ വിപണി ഇന്നലെ വലിയ ചാഞ്ചാട്ടം കാണിച്ചു. ഒരു ശതമാനം താഴ്ന്നു വ്യാപാരം തുടങ്ങിയ മുഖ്യസൂചികകൾ ഇടയ്ക്കു നഷ്ടം ഒന്നര ശതമാനത്തോളമാക്കി. പിന്നീടാണു കുറച്ചു തിരിച്ചു കയറിയത്. വീണ്ടും താഴ്ന്നു. ബാങ്ക്, ധനകാര്യ സൂചികകൾ രാവിലെ രണ്ടു ശതമാനത്തിലേറെ ഇടിഞ്ഞു.
ക്രൂഡ് ഓയിൽ വില 110 ഡോളർ കടന്നത് ഒഎൻജിസി, ഓയിൽ ഇന്ത്യ തുടങ്ങിയവയുടെ വില നാലു ശതമാനത്തിലധികം ഉയർത്തി. ഓയിൽ ഇന്ത്യ എട്ടു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ഓയിൽ മാർക്കറ്റിംഗ് കമ്പനികളും ഉയരത്തിലായി.
മാരുതി സുസുകി അടക്കം വാഹന കമ്പനികളുടെ ഓഹരികൾ താഴ്ചയിലായി. ഉൽപാദനവും വിൽപ്പനയും കുറവായതാണു കാരണം. ബജാജ് ഓട്ടോ അഞ്ചു ശതമാനത്തിലധികം ഇടിഞ്ഞു.
യുദ്ധത്തെ തുടർന്നു യൂറോപ്പിൽ സ്റ്റീൽ വില രണ്ടു ദിവസം കൊണ്ട് 10 ശതമാനം കയറി. ഇന്ത്യൻ സ്റ്റീൽ കയറ്റുമതിക്കാർക്കു കൂടുതൽ ലാഭകരമായ കയറ്റുമതി സാധിക്കും. സ്റ്റീൽ കമ്പനി ഓഹരികൾക്ക് ഇന്നും വില കൂടി. അലൂമിനിയം വിലക്കയറ്റം ഹിൻഡാൽകോ, വേദാന്ത ഓഹരികളെ ഉയർത്തി.
2021-22 ലെ ജിഡിപി വളർച്ച 8.4 ശതമാനമായിരിക്കുമെന്നു സിറ്റി വിലയിരുത്തി. നേരത്തേ 9 ശതമാനം പ്രതീക്ഷിച്ചിരുന്നതാണ്. ജനുവരി-മാർച്ച് വളർച്ച 2.9 ശതമാനമേ ഉണ്ടാകൂ എന്ന് അവർ കണക്കാക്കുന്നു. 4.8 ശതമാനമാണ് എൻഎസ്ഒ കണക്കാക്കിയിട്ടുള്ളത്. ജിഡിപി വളർച്ച കുറയുന്നതു കമ്പനികളുടെ വിറ്റുവരവും ലാഭക്ഷമതയും കുറയ്ക്കും.
ലോക വിപണിയിൽ സ്വർണം ഔൺസിന് 1937 ഡോളറിലാണ്. കേരളത്തിൽ പവന് 800 രൂപ വർധിച്ച് 38,160 രൂപയിലെത്തി. കഴിഞ്ഞ വർഷം ജനുവരി ആറിനു ശേഷമുള്ള ഏറ്റവും കൂടിയ വിലയാണിത്.
രൂപയ്ക്കു വലിയ ഇടിവ്. ഡോളർ 42 പൈസ നേട്ടത്തോടെ 75.76 രൂപയിൽ വ്യാപാരം തുടങ്ങി.

Tags:    

Similar News