തെരഞ്ഞെടുപ്പും തുണച്ചു; വിപണി കുതിച്ചു; സ്വർണ വില ഇടിഞ്ഞു

ബാങ്ക്, ധനകാര്യ ,വാഹന, റിയൽറ്റി ഓഹരികളാണ് വലിയ നേട്ടം കൈവരിച്ചത്

Update: 2022-03-10 05:34 GMT

Representational Image From Pixabay

ആഗോള സൂചനകൾ നൽകിയ ആവേശം ഇന്നു രാവിലെ മികച്ച തുടക്കത്തിനു വിപണിയെ സഹായിച്ചു. എന്നാൽ പ്രീ ഓപ്പണിലെ അത്ര ഉയർച്ച റെഗുലർ വ്യാപാരത്തിൻ്റെ തുടക്കത്തിൽ ഉണ്ടായില്ല.

യുപിയിൽ ബിജെപിയുടെ വൻ വിജയം ഉറപ്പായതോടെ സൂചികകൾ വീണ്ടും ഉയർന്നു. നിഫ്റ്റി 16,700 നു മുകളിലും സെൻസെക്സ് 55,950 നു മുകളിലും കയറി.
ഇന്നലത്തേതുപോലെ മെറ്റൽ ഒഴിച്ചുള്ള മേഖലകളെല്ലാം നല്ല മുന്നേറ്റം കാഴ്ചവച്ചു. ബാങ്ക്, ധനകാര്യ ,വാഹന, റിയൽറ്റി ഓഹരികളാണ് വലിയ നേട്ടം കൈവരിച്ചത്.
ക്രൂഡ് ഓയിൽ വില കുറഞ്ഞത് ഒഎൻജിസിയുടെയും ഓയിൽ ഇന്ത്യയുടെയും വില ഇടിച്ചു. പ്രകൃതി വാതക വിലയിടിവിൻ്റെ പേരിൽ ഗെയിലും കൽക്കരിയുടെ വില കുറയുന്നതിനാൽ കോൾ ഇന്ത്യയും താഴോട്ടു പോയി. അതേസമയം ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്കു വില ഉയർന്നു. അവയുടെ നഷ്ടം കുറയും എന്നതാണു കാരണം. നാളെ മുതൽ ഇന്ധന വില കൂട്ടുമെന്ന പ്രതീക്ഷയുമുണ്ട്.
ലോക വിപണിയിൽ സ്വർണ വില 1978 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 38,560 രൂപയായി വില ഇടിഞ്ഞു. ഇന്നലെ രാവിലത്തെ 40,560 രൂപയിൽ നിന്നു 2000 രൂപ കുറവാണ് ഇന്നു വില. ലോകവിപണിയിൽ വില ഇനിയും കുറഞ്ഞേക്കും.
ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില അൽപം ഉയർന്നു. ബ്രെൻ്റ് ഇനം വീപ്പയ്ക്കു 115 ഡോളർ കടന്നു. രാവിലെ 111 ആയിരുന്നു.
രൂപ ഇന്നും കരുത്തു നേടി. ഡോളർ 32 പൈസ താണ് 76.24 രൂപയിലെത്തി.


Tags:    

Similar News