ഓഹരി വിപണിയിൽ വീണ്ടും ചാഞ്ചാട്ടം; ബാങ്കുകൾ മുന്നേറി
വോഡഫാേൺ ഐഡിയയുടെ വില ഇന്നും കൂടി
വിപണി ദിശാബോധം ഇല്ലാത്ത ചാഞ്ചാട്ടത്തോടെയാണ് ഇന്നു തുടങ്ങിയത്. മിഡ് ക്യാപ് ഓഹരികൾ പിടിച്ചു നിന്നു. മുഖ്യ സൂചികകൾ നഷ്ടത്തിലായപ്പോഴും മിഡ് ക്യാപ് സൂചിക നേട്ടത്തിലായിരുന്നു. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ നിഫ്റ്റിയും സെൻസെക്സും നഷ്ടത്തിലാണ്.
ബാങ്കുകൾ മാത്രം ഇന്നു തുടക്കം മുതൽ മികച്ച നേട്ടം കാണിച്ചു. ഫാർമ ഓഹരികൾ ഇന്നും താഴ്ചയോടെയാണ് വ്യാപാരം നടത്തുന്നത്. ഇൻഫിയും ടിസിഎസും അടക്കം ഐടി കമ്പനികളും താഴോട്ടു നീങ്ങി.
ലോഹങ്ങളുടെ വിലയിടിവ് വേദാന്ത, ഹിൻഡാൽകോ തുടങ്ങിയവയെ താഴ്ത്തി.
കേന്ദ്ര കാബിനറ്റ് രക്ഷാ പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ വോഡഫാേൺ ഐഡിയയുടെ വില ഇന്നും കൂടി. ആശ്വാസ പാക്കേജിൻ്റെ ഗുണം ഭാരതി എയർടെലിനും കിട്ടും എന്നതുകൊണ്ട് എയർടെൽ ഓഹരി വില റിക്കാർഡ് നിലവാരത്തിലായി.
എസെൽ ഗ്രൂപ്പിൻ്റെ ഡിഷ് ടിവിയുടെ ഇപ്പാേഴത്തെ മാനേജ്മെൻറിനെ മാറ്റാൻ ബാങ്കുകൾ ശ്രമിക്കുന്നു. അവകാശ ഇഷ്യു വഴി പണം സമാഹരിക്കാനുള്ള ഡിഷ് ടിവി മാനേജ്മെൻ്റിൻ്റെ ശ്രമം യെസ് ബാങ്ക് തടഞ്ഞിരിക്കുകയാണ്. എംഡിയെയും ഡയറക്ടർമാരെയും മാറ്റാനാണു ബാങ്കുകൾ ശ്രമിക്കുന്നത്. യെസ് ബാങ്കിനു കമ്പനിയിൽ 25.63 ശതമാനം ഓഹരിയുണ്ട്
പാമോയിൽ അടക്കം ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിച്ചുങ്കം കുറയ്ക്കുമെന്ന മാധ്യമ റിപ്പോർട്ട് സസ്യഎണ്ണ കമ്പനികളുടെ വില ഉയർത്തി.
ഡോളർ വീണ്ടും ഉയർന്നു. എട്ടു പൈസ നേട്ടത്തിൽ 73.49 -ൽ വ്യാപാരം തുടങ്ങിയ ഡോളർ പിന്നീട് 73.64 രൂപയിലേക്ക് കയറി.
സ്വർണം ലോകവിപണിയിൽ 1798 ഡോളറിലേക്ക് ഉയർന്നു. കേരളത്തിൽ പവന് 240 രൂപ കുറഞ്ഞ് 35,280 രൂപയായി.