വീണ്ടും ചാഞ്ചാട്ടം; ലോഹങ്ങൾ താഴോട്ട്; മാരുതിക്കു ക്ഷീണം
മുത്തൂറ്റ് ഫിനാൻസിൻ്റെ ഓഹരി വില മൂന്നു ശതമാനത്തിലധികം താഴ്ന്നു;
പ്രീ ഓപ്പണിൽ നല്ല ഉയർച്ച കാണിച്ചെങ്കിലും വിപണി പിന്നീടു താഴോട്ടാണു നീങ്ങിയത്. റെഗുലർ വ്യാപാരം തുടങ്ങിയ ശേഷം അധിക സമയം നേട്ടം തുടർന്നില്ല. മിക്ക ഏഷ്യൻ വിപണികളും നല്ല തുടക്കത്തിനു ശേഷം നഷ്ടത്തിലായത് വിപണിയെ സ്വാധീനിച്ചു.
തുടക്കത്തിൽ താഴ്‌ചയിലായിരുന്ന ബാങ്ക് സൂചിക കുറേ കഴിഞ്ഞ് നേട്ടത്തിലായി. ഇതിനു പിന്നാലെ സെൻസെക്സും നിഫ്റ്റിയും നേട്ടത്തിലേക്കു മാറി. പിന്നീടു ബാങ്ക് സൂചികയും മുഖ്യസൂചികകളും താഴാേട്ടു തന്നെ നീങ്ങി.
ചൈനീസ് വിപണിയിൽ വ്യാവസായിക ലോഹങ്ങൾക്കു വില താഴ്ന്നത് മെറ്റൽ ഓഹരികൾക്കു വിലയിടിച്ചു. സ്റ്റീലിനും വില താണു.
മുത്തൂറ്റ് ഫിനാൻസിൻ്റെ ഒരു ശതമാനം ഓഹരി ബൾക്ക് ഇടപാടിൽ കൈമാറ്റം ചെയ്തു എന്ന വാർത്ത ഓഹരി വില മൂന്നു ശതമാനത്തിലധികം താഴ്ത്തി.
മാരുതി സുസുകി ഓഹരികൾ വിറ്റൊഴിയാൻ വിദേശ ബ്രോക്കറേജ് സിഎൽഎസ്എ ശിപാർശ ചെയ്തത് ഓഹരി വില രണ്ടു ശതമാനത്തോളം ഇടിച്ചു. ഒരു മാസത്തിനുള്ളിൽ മാരുതി ഓഹരി 11 ശതമാനത്തിലധികം താണു. കമ്പനിയുടെ വിപണി പങ്ക് താഴ്ന്നു വരുന്നതും ഇലക്ട്രിക് വാഹന കാര്യത്തിൽ പിന്നിലായതും കമ്പനിയെപ്പറ്റിയുള്ള പ്രതീക്ഷകൾ താഴാനിടയാക്കി.
ഇന്നലെ പത്തു ശതമാനം ഉയർന്ന പേയ്ടിഎം (വൺ 97 കമ്യൂണിക്കേഷൻസ്) ഇന്ന് ഒരു ശതമാനത്തിലധികം താഴ്ന്നു. കഴിഞ്ഞ ദിവസം ബിഎസ്ഇ അധികൃതർ പേയ്ടിഎമ്മിൽ നിന്ന് ഓഹരി വിലയിടിവിനെപ്പറ്റി വിശദീകരണം തേടിയിരുന്നു.
രാജ്യാന്തര വിമാന സർവീസ് മെച്ചപ്പെടുന്ന സൂചന ഇൻ്റർ ഗ്ലോബ് ഏവിയേഷൻ്റെ (ഇൻഡിഗോ) വില അഞ്ചു ശതമാനത്തോളം വർധിപ്പിച്ചു.
രാജ്യാന്തര വിപണിയിൽ സ്വർണം 1961 ഡോളറിലാണ്. കേരളത്തിൽ പവന് 200 രൂപ വർധിച്ച് 38,560 രൂപയായി.
ഡോളർ ഇന്നു പിൻവാങ്ങി. 20 പൈസ കുറഞ്ഞ് 76.16 രൂപയിലാണ് ഡോളർ വ്യാപാരം തുടങ്ങിയത്. പിന്നീട് 76.13 രൂപയിലേക്കു താണു.