വളർച്ച കുറയും; വിലക്കയറ്റം കൂടും; പലിശ വർധിക്കും: റിസർവ് ബാങ്ക്

പണനയത്തോട് വിപണിയുടെ പ്രതികരണം നെഗറ്റീവ്

Update:2022-04-08 11:37 IST

Photo : Canva

സാമ്പത്തിക വളർച്ച കുറയുമെന്നും വിലക്കയറ്റം പെട്ടെന്നു ശമിക്കില്ലെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. പലിശ നിരക്കിൻ്റെ കാര്യത്തിൽ അപ്രതീക്ഷിതമായ ഒന്നും റിസർവ് ബാങ്ക് ചെയ്തില്ല. എങ്കിലും വിപണി നെഗറ്റീവ് ആയാണു പണനയത്തോടു പ്രതികരിച്ചത്. പലിശ വർധന സാവധാനം ഉണ്ടാകുമെന്നും ദാസ് സൂചിപ്പിച്ചു.

പണനയ കമിറ്റി ഏകകണ്ഠമായാണ് പ്രധാന തീരുമാനങ്ങൾ എടുത്തത്. വാണിജ്യ ബാങ്കുകൾ അടിയന്തര ഘട്ടത്തിൽ ഏകദിനവായ്‌പ എടുക്കുമ്പോൾ റിസർവ് ബാങ്ക് ഈടാക്കുന്ന പലിശയായ റീപോ നിരക്ക് നാലു ശതമാനത്തിൽ തുടരും. ബാങ്കുകൾ മിച്ചം പണം റിസർവ് ബാങ്കിൽ ഇടുമ്പോൾ നൽകുന്ന പലിശയായ റിവേഴ്സ് റീപോ 3.75 ശതമാനമാക്കി. മറ്റു നിരക്കുകളിൽ (ബാങ്ക് റേറ്റ്, എംഎസ്എഫ് ) മാറ്റമില്ല.
വളർച്ചയ്ക്കു വേണ്ടി ഉദാരമായ പണലഭ്യത നിലനിർത്തുന്നത് ഇനി കരുതലോടെയുള്ള ഉദാര നയമായി മാറും. കഴിഞ്ഞ രണ്ടു വർഷം കൊണ്ടു വിപണിയിൽ ലഭ്യമാക്കിയ അധിക പണം ഘട്ടങ്ങളായി ഏതാനും വർഷം കൊണ്ടേ പിൻവലിക്കൂ എന്നു ഗവർണർ പറഞ്ഞു.
2022-23 ധനകാര്യ വർഷം ജിഡിപി വളർച്ച 7.2 ശതമാനം മാത്രമായിരിക്കും എന്നു ഗവർണർ പറഞ്ഞു.നേരത്തേ കണക്കാക്കിയിരുന്നത് 7.8 ശതമാനം വളർച്ചയാണ്. ഓരോ പാദത്തിലും പ്രതീക്ഷിക്കുന്ന വളർച്ച ഇങ്ങനെ: ഒന്ന് 16.2%, രണ്ട് 6.2%, മൂന്ന് 4.1%, നാല് 4%.
വിലക്കയറ്റ പ്രതീക്ഷ 5.7 ശതമാനമാക്കി.2021 - 22 ൽ 4.5 ശതമാനമായിരുന്നു പ്രതീക്ഷ. ക്രൂഡ് ഓയിൽ വില 100 ഡോളർ എന്നു കണക്കാക്കിയാണു റിസർവ് ബാങ്കിൻ്റെ നിഗമനം.
റിവേഴ്സ് റീപോ നിരക്ക് 3.35 ശതമാനത്തിൽ നിന്ന് 3.75 ശതമാനമാക്കി. കോവിഡ് കാലത്താണ് നിരക്ക് 3.35 ആക്കിയത്. നേരത്തേ റീപോയും റിവേഴ്സ് റീപോയും തമ്മിലുള്ള അകലം 50 ബേസിസ് പോയിൻ്റ് ആയിരുന്നു. അകലം കൂട്ടിയത് മിച്ചമുള്ള പണം റിസർവ് ബാങ്കിൽ ഏൽപിക്കാനുള്ള പ്രവണത തടയാനാണ്. ഇപ്പോൾ അകലം 25 ബേസിസ് പോയിൻ്റ് ആയി കുറച്ചു.
ഇതേ സമയം ബാങ്കുകൾക്ക് അധിക പണം നിക്ഷേപിക്കാൻ പുതിയൊരു സൗകര്യം (സ്റ്റാൻഡിംഗ് ഡിപ്പോസിറ്റ് ഫസിലിറ്റി) പ്രഖ്യാപിച്ചു.
രാവിലെ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണി പണനയ പ്രഖ്യാപനത്തിനു മുമ്പ് ചാഞ്ചാട്ടത്തിലായിരുന്നു. പ്രഖ്യാപനം തുടങ്ങുമ്പോൾ 59,096 ലായിരുന്ന സെൻസെക്സ് ഇടയ്ക്ക് ഉയർന്നിട്ട് നഷ്ടത്തിലായി. പ്രസംഗം കഴിയുമ്പോൾ 58,948 ൽ എത്തി. പിന്നീടു കുറേ നഷ്ടം നികത്തി. നിഫ്റ്റി നഷ്ടത്തിലായിട്ട് തിരിച്ച് കയറി.
പ്രഖ്യാപനത്തിനു ശേഷം സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (yield) ഏഴു ശതമാനത്തിനു മുകളിലായി. പലിശ നിരക്ക് ഉയരുമെന്നാണ് ഇതിലെ സൂചന.
പണനയപ്രഖ്യാപനം രൂപയ്ക്കു കരുത്തായി. ആദ്യം 76 രൂപയ്ക്കു മുകളിലായിരുന്ന ഡോളർ പിന്നീട് 75.75 രൂപയിലേക്കു താണു.
കാർഷികോൽപന്നങ്ങളുടെ വിലക്കയറ്റം രാജ്യത്തെ കർഷക സമൂഹത്തിന് 60,000 കോടി രൂപയുടെ അധികവരുമാനം ഉണ്ടാക്കുമെന്ന് പ്രഭുദാസ് ലിലാധർ പഠന റിപ്പോർട്ടിൽ പറഞ്ഞു. ഇതു ഗ്രാമമേഖലയിൽ കൂടുതൽ ഉപഭോഗത്തിനു വഴിതെളിക്കും.
സാംഗ് യോംഗ് യൂണിറ്റ് വാങ്ങാൻ കരാറായ എഡിസൺ മോട്ടോഴ്സ് പിൻവാങ്ങിയത് മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്‌ക്കു തിരിച്ചടിയായി.
അഡാനി ഗ്രൂപ്പ് കമ്പനികൾ ഇന്നു രാവിലെ താഴ്ചയിലായി. അഡാനി പവറും അഡാനി വിൽമറും അഞ്ചു ശതമാനത്തോളം താണു. അഡാനി ഗ്രീൻ നാലു ശതമാനം ഉയർന്നു.
പാർപ്പിട വിൽപനയുടെ എണ്ണം കുറഞ്ഞത് ഓബറോയ് റിയൽറ്റിയുടെ വില നാലു ശതമാനത്തോളം താഴ്ത്തി. ഇതേ സമയം വിൽപന കുറഞ്ഞെങ്കിലും വരുമാനം വർധിച്ചത് ശോഭ ഡെവലപ്പേഴ്സിൻ്റെ ഓഹരി വില ഉയർത്തി.
ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വില 100 ഡോളറിനു താഴെയായി.
ലോക വിപണിയിൽ സ്വർണം 1928 ഡോളർ ആയി. കേരളത്തിൽ പവന് 200 രൂപ കൂടി 38,600 രൂപ ആയി.

Tags:    

Similar News