നിരക്ക് മാറ്റമില്ലാതെ പണനയം; ഓഹരി വിപണി സന്തോഷത്തിൽ

വളർച്ച പ്രതീക്ഷ നിലനിർത്തി; വിലക്കയറ്റം കൂടും; വിപണിയിലെ അധിക പണലഭ്യത കുറയ്ക്കും

Update:2021-12-08 11:15 IST

നിരക്കുകളിൽ മാറ്റമില്ലാതെയും വേണ്ട കാലത്തോളം ഉദാരമായ നയം തുടരുമെന്നു പ്രഖ്യാപിച്ചും ഗവർണർ ശക്തി കാന്ത ദാസ് റിസർവ് ബാങ്കിൻ്റെ പണനയം പ്രഖ്യാപിച്ചു. വിപണി സന്തോഷത്തിലായി.

റീപോ നിരക്ക് നാലും റിവേഴ്‌സ് റീപോ 3.35 ഉം ശതമാനത്തിൽ തുടരും. ബാങ്ക് റേറ്റും എംഎസ്എഫ് റേറ്റും 4.25 ശതമാനത്തിൽ തുടരും. കരുതൽ പണ അനുപാതം നാലു ശതമാനം തുടരും. നിരക്ക് തീരുമാനം ഏകകണ്ഠമായിരുന്നു. വേണ്ട കാലത്തോളം ഉദാര പണനയം തുടരാൻ തീരുമാനിച്ചതിനോട് ഒരാൾ മാത്രം വിയോജിച്ചു.
വളർച്ച നിരക്ക് രണ്ടാം പകുതിയിൽ നേരിയ തോതിൽ കുറയുമെന്നും വിലക്കയറ്റം മൂന്നും നാലും പാദങ്ങളിൽ അൽപ്പം കൂടുമെന്നും പിന്നീടു താഴുമെന്നും റിസർവ് ബാങ്ക് വിലയിരുത്തി. പലിശ നിരക്ക് എപ്പോൾ കൂടുമെന്നു ഗവർണർ സൂചിപ്പിച്ചില്ല
ഈ ധനകാര്യ വർഷത്തെ ജിഡിപി വളർച്ച പ്രതീക്ഷ 9.5 ശതമാനത്തിൽ നിലനിർത്തി. ആദ്യ പകുതിയിൽ 13.7 ശതമാനം വളർച്ച ഉണ്ട്. മൂന്നാം പാദ വളർച്ച പ്രതീക്ഷ 6.8 ൽ നിന്ന് 6.6 ശതമാനമായും നാലാംപാദ പ്രതീക്ഷ 6.1-ൽ നിന്ന് ആറ് ശതമാനം ആയും കുറച്ചു.
അടുത്ത ധനകാര്യ വർഷം ഒന്നാം പാദത്തിൽ 17.2 ശതമാനവും രണ്ടാം പാദത്തിൽ 7.8 ശതമാനവും ജിഡിപി വളർച്ച പ്രതീക്ഷിക്കുന്നു.
ഇക്കൊല്ലത്തെ ചില്ലറ വിലക്കയറ്റം 5.3 ശതമാനം എന്ന പ്രതീക്ഷ മാറ്റമില്ലാതെ നിലനിർത്തി.മൂന്നാം പാദ വിലക്കയറ്റ പ്രതീക്ഷ 4.5 ൽ നിന്ന് 5.1 ശതമാനമായും നാലാം പാദ പ്രതീക്ഷ5.8-ൽ നിന്ന് 5.7 ശതമാനമായും മാറ്റി.
ബാങ്കിംഗ് മേഖലയിലെ അധിക പണലഭ്യത കുറയ്ക്കാൻ ഡിസംബർ 17ന് വേരിയബിൾ റേറ്റ് റിവേഴ്സ് റീപോ ലേലം നടത്തും. 7.5 ലക്ഷം കോടി രൂപ ആലേലം വഴി റിസർവ് ബാങ്ക് തിരിച്ചെടുക്കും. ബാങ്കുകളുടെ പക്കലുള്ള അധിക പണം വാങ്ങി സർക്കാർ കടപ്പത്രം നൽകുന്നതാണ് റിവേഴ്സ് റീപോ ഓപ്പറേഷൻ. നിശ്ചിത നിരക്ക് പ്രഖ്യാപിക്കാതെ നടത്തുന്നതു കൊണ്ടാണു വേരിയബിൾ റേറ്റ് ലേലം ആകുന്നത്.
ഗവർണറുടെ പ്രഖ്യാപനം വിപണിയുടെ പ്രതീക്ഷകൾക്ക് അനുസൃതമായിരുന്നു. അതിനാൽ കാര്യമായ ചലനം ഉണ്ടായില്ല. പ്രഖ്യാപനം തുടങ്ങുമ്പോൾ നിഫ്റ്റി 17,390 ലും സെൻസെക്സ് 58,380- ലും ആയിരുന്നു. പ്രഖ്യാപനങ്ങൾ തീരുമ്പോൾ നിഫ്റ്റി 17,410-ലും സെൻസെക്സ് 58,418-ലും ആയി. കഴിഞ്ഞ ദിവസങ്ങളിൽ വിപണിക്കുണ്ടായ നഷ്ടങ്ങൾ നികത്തുന്ന കയറ്റമാണ് ഇന്നലെയും ഇന്നുമായി ഉണ്ടായത്.
യുഎഇയിലെ സംയുക്ത സംരംഭം അടക്കം പല പുതിയ നീക്കങ്ങളുടെയും പശ്ചാത്തലത്തിൽ റിലയൻസ് ഓഹരി ഇന്നു രാവിലെ രണ്ടു ശതമാനത്തോളം ഉയർന്നു. പിന്നീടു ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദം വില താഴ്ത്തി.
ഈയിടെ ഐപിഒ നടത്തി ലിസ്റ്റ് ചെയ്ത ഒരു ഡസനിലേറെ കമ്പനികളിൽ ആങ്കർ നിക്ഷേപകരുടെ ഓഹരികൾ വിൽക്കുന്നതിനുള്ള വിലക്ക് കാലാവധി ഈ ആഴ്ചകളിൽ കഴിയും. നൈക (എഫ്എസ്എൻ ഇ കോമേഴ്സ് ), ഫിനോ പേമെൻ്റ്സ്, എസ് ജെ എസ് എൻ്റർപ്രൈസസ്, പിബി ഫിൻ ടെക്, സിഗാച്ചി, സഫയർ ഫുഡ്സ്', പേടിഎം, ലേറ്റൻ്റ് വ്യൂ, ഗോ ഫാഷൻ, ടാർസൺസ് തുടങ്ങിയവ ഈ പട്ടികയിലുണ്ട്. പല കമ്പനികളിലും അഞ്ചു മുതൽ 15 വരെ ശതമാനം ഓഹരി ആങ്കർ നിക്ഷേപകരുടെ കൈയിലുണ്ട്. ഇവർ വിൽക്കുന്നതു കണക്കിലെടുത്ത് പല ഓഹരികളുടെയും വില താഴോട്ടു നീങ്ങിയിട്ടുണ്ട്.
നൈകയിൽ കാലാവധി ഇന്നവസാനിച്ചു. കഴിഞ്ഞ അഞ്ചു ദിവസം കൊണ്ട് 17 ശതമാനം താണ ഓഹരി ഇന്നു രാവിലെ നാലു ശതമാനം ഇടിഞ്ഞു.
ഒരു ഇടപാടുകാരനു നൽകാനുള്ള കുടിശികയുടെ പേരിൽ സ്പൈസ്ജെറ്റ് അടച്ചുപൂട്ടാനുള്ള മദ്രാസ് ഹൈക്കോടതിയുടെ ഇന്നലത്തെ വിധി ഇന്നലെത്തന്നെ സ്റ്റേ ചെയ്യപ്പെട്ടു. എങ്കിലും ഓഹരി വില ഇന്നു താഴുകയാണ്. കേസിൽ അനുകൂല വിധി കിട്ടുമെന്നു മാനേജ്മെൻ്റ് കരുതുന്നു.
ഇൻഡിഗോയുടെ ഉടമകളായ ഇൻ്റർ ഗ്ലോബ് ഏവിയേഷനിൽ പ്രൊമോട്ടർമാർ ധാരണയിലെത്തിയതിനെ തുടർന്ന് ഓഹരി വില ഉയർന്നു. ഇന്നലെ 1850 രൂപയിൽ നിന്ന് 1939 രൂപയിലേക്ക് ഓഹരി വില കയറി. ഇന്ന് 1972 വരെ എത്തിയിട്ട് അൽപം താണു.


Tags:    

Similar News