ക്രൂഡ് വിലക്കയറ്റം അടക്കമുള്ള ആഗോള ആശങ്കകൾ ഏറ്റുവാങ്ങി വിപണി താഴോട്ടു യാത്ര ചെയ്യുകയാണ്. താഴ്ചയിൽ വ്യാപാരം തുടങ്ങിയ വിപണി തിരിച്ചുകയറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കൂടുതൽ താഴ്ചയിലേക്കു നീങ്ങി.
മെറ്റൽ കമ്പനികൾ ഇന്നും നല്ല നേട്ടത്തിലാണ്. റിയൽറ്റി കുത്തനേ താണു. ബാങ്കുകളും ഐടി യും താഴാേട്ടാണ്.
പ്രതീക്ഷയിലും മികച്ച റിസൽട്ടും ആഗോള പലിശ മാർജിൻ ഉയർന്നതും ബാങ്ക് ഓഫ് ബറോഡ ഓഹരികൾ എട്ടു ശതമാനത്തിലധികം ഉയരാൻ സഹായിച്ചു.
ഡിബി റിയൽറ്റിയിൽ 400 കോടി രൂപ നിക്ഷേപിക്കാനുള്ള നീക്കത്തിൽ നിന്ന് ഗോദ്റെജ് പ്രോപ്പർട്ടീസ് പിന്മാറി. നിക്ഷേപ തീരുമാനത്തെ തുടർന്ന് വെള്ളിയാഴ്ച ഗോദ്റെജ് പ്രോപ്പർട്ടീസിൻ്റെ ഓഹരി വില എട്ടു ശതമാനത്തിലധികം താണിരുന്നു. തുടർന്നാണു പിന്മാറ്റം. ഇന്നു രാവിലെ ഗോദ്റെജ് ഓഹരിവില 10 ശതമാനം കൂടി. പിന്നീടു നേട്ടം കുറഞ്ഞു. ഡിബിയുടെ വില അഞ്ചു ശതമാനം കയറി.
പേ ടിഎം നഷ്ടം വീണ്ടും വർധിച്ചു. ഓഹരിവില വീണ്ടും ഇടിഞ്ഞു.
സീ എൻ്റർടെയ്ൻമെൻറിനെതിരേ പാപ്പർ നടപടികൾ ആവശ്യപ്പെട്ട് ഇൻഡസ് ഇൻഡ് ബാങ്ക് കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചു. സീയുടെ വില അൽപം താണു. ബാങ്കിൻ്റെ ഓഹരി വിലയും താഴ്ന്നു.
പ്രതീക്ഷയിലും മികച്ച റിസൽട്ടിനെ തുടർന്ന് ഗുജറാത്ത് നർമദാ വാലി ഫെർട്ടിലൈസർ കോർപറേഷൻ്റെ ഓഹരി വില 15 ശതമാനം കുതിച്ചു.
സിപ്ള കമ്പനിയുടെ ആഗാേള ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) രാജി വച്ചത് ഓഹരി വില ഒരു ശതമാനത്തിലധികം താഴ്ത്തി.
ഇൻ്റർ ഗ്ലോബ് ഏവിയേഷൻ അപ്രതീക്ഷിതമായി മൂന്നാം പാദത്തിൽ ലാഭം കാണിച്ചതാേടെ ഓഹരി വില എട്ടു ശതമാനത്തിലധികം ഉയർന്നു.
കോവിഡ് വ്യാപനത്തെ തുടർന്ന് ചിക്കൻ ബിസിനസ് മോശമായത് വെങ്കീസ് ഇന്ത്യയുടെയും ഗോദ്റെജ് അഗ്രോ വെറ്റിൻ്റെയും ലാഭം കുത്തനെ ഇടിച്ചു.രണ്ട് ഓഹരികളും താഴാേട്ടുള്ള യാത്ര തുടർന്നു.
ലോക വിപണിയിൽ സ്വർണം 1812 ഡോളറിലേക്കു കയറി. കേരളത്തിൽ പവന് 80 രൂപ കൂടി 36,160 രൂപയായി.
ഡോളർ ഇന്നു നിരക്ക് വ്യത്യാസമില്ലാതെയാണു വ്യാപാരം തുടങ്ങിയത്.