ആവേശത്തോടെ മുന്നേറ്റം; കുതിപ്പിന് മുന്നിൽ മെറ്റൽ, ഐടി, ഓയിൽ -ഗ്യാസ് ഓഹരികൾ

ഫെഡറൽ ബാങ്ക് ഓഹരി 109 രൂപയ്ക്കു മുകളിലായി

Update:2022-07-20 11:21 IST

ആഗോള ആവേശം ഏറ്റെടുത്ത് ഇന്ത്യൻ വിപണി ഒരു ശതമാനത്തിലധികം നേട്ടത്തോടെ വ്യാപാരം തുടങ്ങി. പിന്നീട് അൽപം കൂടി കയറി. നിഫ്റ്റി 200 ഉം സെൻസെക്സ് 700- ഉം പോയിൻ്റ് ഉയർന്നു.

മെറ്റൽ, ഐടി, ഓയിൽ -ഗ്യാസ് മേഖലകൾ കുതിപ്പിനു മുന്നിൽ നിന്നു. ബാങ്ക്, ധനകാര്യ ഓഹരികളും നല്ല നേട്ടത്തിലാണ്. റിയൽറ്റി ഓഹരികൾ പലതും ഇന്നു താഴ്ന്നു.
ഇന്ധന കയറ്റുമതിക്കും ക്രൂഡ് ഓയിൽ ഉൽപാദനത്തിനും ഏർപ്പെടുത്തിയ അധിക നികുതി കുറച്ചത് റിലയൻസ് തുടങ്ങിയ കമ്പനികളെ സഹായിച്ചു. റിലയൻസ് 3%, ഒഎൻജിസി 6%, ഓയിൽ ഇന്ത്യ 8%, എംആർപിഎൽ 5%, ചെന്നൈ പെട്രോ 9%, വേദാന്ത 3.3% എന്നിങ്ങനെ വിവിധ കമ്പനികളുടെ ഓഹരികൾ ഉയർന്നു. റിലയൻസിന് ലാഭ മാർജിൻ ഗണ്യമായി കൂട്ടുന്നതാണു സർക്കാർ നടപടി.
ഫെഡറൽ ബാങ്ക് ഓഹരി 109 രൂപയ്ക്കു മുകളിലായി. ഓഹരി 125-135 മേഖലയിലേക്കു കയറുമെന്നു പല ബ്രോക്കറേജുകളും വിലയിരുത്തിയതിനെ തുടർന്ന് ഓഹരി ക്രമമായ ഉയരുകയാണ്. അഞ്ചു ദിവസം കൊണ്ട് 11 ശതമാനവും ഒരു മാസം കൊണ്ട് 28 ശതമാനവും ഉയർച്ചയാണ് ഓഹരിക്കുള്ളത്.
തൃശൂർ ആസ്ഥാനമായുള്ള സിഎസ്ബി ബാങ്കിൻ്റെ ഓഹരി ഒരു മാസം കൊണ്ടു 17 ശതമാനം ഉയർന്നിട്ടുണ്ട്.
ഡോളർ ഇന്നു കാര്യമായ മാറ്റമില്ലാതെ തുടർന്നു. രാവിലെ 79.93 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 79.97 രൂപയിലേക്കു കയറി. രൂപയെ താങ്ങി നിർത്താൻ റിസർവ് ബാങ്ക് കാര്യമായി പരിശ്രമിക്കുന്നുണ്ട്.
സ്വർണം ലോകവിപണിയിൽ 1712 ഡോളറിലാണ്. കേരളത്തിൽ പവന് 80 രൂപ വർധിച്ച് 37,120 രൂപയായി.


Tags:    

Similar News