വിപണി താഴ്ചയിൽ; പേടിഎം ലിസ്റ്റിംഗ് നഷ്ടത്തിൽ

മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒന്നര ശതമാനത്തോളം താഴ്ന്നു

Update: 2021-11-18 05:43 GMT

മുൻ ദിവസങ്ങളിൽ നിന്നു വ്യത്യസ്തമായി ഇന്നു വിപണി ഉയർന്നു വ്യാപാരം തുടങ്ങി. ബാങ്ക്, ധനകാര്യ ഓഹരികൾ തുടക്കത്തിൽ തിരിച്ചു കയറി. എന്നാൽ മിനിറ്റുകൾക്കകം സൂചികകൾ താഴോട്ടു നീങ്ങി. ഒരു മണിക്കൂറിനകം നിഫ്റ്റി 17,750-നും സെൻസെക്സ് 59,600-നും താഴെയായി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒന്നര ശതമാനത്തോളം താഴ്ന്നു. ബാങ്ക്, ഓട്ടോ, ഫാർമ, ഐടി, മെറ്റൽ, റിയൽറ്റി, ഹെൽത്ത് കെയർ, ഓയിൽ, കൺസ്യൂമർ ഡുറബിൾസ് തുടങ്ങിയ മേഖലകളെല്ലാം ഇടിവിലാണ്. ഇന്നു കൂടുതൽ താഴ്ചയിലേക്കു സൂചികകൾ നീങ്ങുമെന്നാണു സൂചന. പ്രതിരോധ മേഖലകൾക്കു താഴെയാണ് മുഖ്യസൂചികകളും ബാങ്ക് നിഫ്റ്റിയും

യൂറോപ്പിൽ കോവിഡ് മൂന്നാം തരംഗം പടരുന്നത് വിപണി ആശങ്കയോടെയാണു കാണുന്നത്. പ്രതിദിന ആഗോള രോഗബാധയിൽ 70 ശതമാനവും ഇപ്പോൾ യൂറോപ്പിലാണ്. യൂറോപ്യൻ സാമ്പത്തിക വളർച്ചയെ അതു ബാധിക്കുമെന്നു ഭയമുണ്ട്.ക്രൂഡ്, ഗ്യാസ് വിലയിടിവിനു ഇതു കാരണമായി.
ക്രൂഡ് ഓയിൽ വില താഴുന്നത് ഒഎൻജിസി, റിലയൻസ്, ഓയിൽ ഇന്ത്യ, എച്ച്ഒഇസി, ഗുജറാത്ത് സ്റ്റേറ്റ് പെട്രോ, മഹാനഗർ ഗ്യാസ്, ഗുജറാത്ത് ഗ്യാസ്, പെട്രോനെറ്റ് എൽഎൻജി തുടങ്ങിയവയ്ക്കു വിലയിടിച്ചു.
ഐടി കമ്പനികൾക്ക് ഇന്നു പൊതുവേ ക്ഷീണമാണ്. ടിസിഎസ്‌, ഇൻഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്സിഎൽ, എൽ ആൻഡ് ടി ഇൻഫോടെക്, മൈൻഡ് ട്രീ തുടങ്ങിയവയെല്ലാം താഴോട്ടു നീങ്ങി.
സെൻസാർ ടെക്നോളജീസ് ഓഹരി ഇന്നു കുത്തനേ താണു. അപാക്സ് പാർട്നേഴ്സ് സെൻസാറിൽ ഉണ്ടായിരുന്ന 11 ശതമാനം ഓഹരി വിറ്റഴിച്ചതാണ് ഓഹരി വില എട്ടു ശതമാനത്തോളം ഇടിയാൻ കാരണം.
മാക്രാേടെക് ഡവലപ്പേഴ്സ് ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്മെൻറ് (ക്യുപൈ വഴി 4000 കോടി രൂപ സമാഹരിച്ചു. ഇതുയോഗിച്ചു കടം ഗണ്യമായി കുറച്ചു. പലിശ ബാധ്യത 500 കോടി രൂപ കണ്ടു കുറയും. കഴിഞ്ഞ ദിവസം 1445 രൂപ വരെ ഉയർന്ന ഓഹരി വില ഇന്ന് അഞ്ചു ശതമാനത്തോളം താണു.
രാജ്യത്തെ ഏറ്റവും വലിയ ഐപിഒ നടത്തിയ പേടിഎം (വൺ 97 കമ്യൂണിക്കേഷൻസ്) 10 ശതമാനം ഡിസ്കൗണ്ടിൽ 1929 രൂപയ്ക്കു ലിസ്റ്റ് ചെയ്തു. 2150 രൂപയ്ക്കാണ് ഇഷ്യു നടത്തിയത്. ഓഹരി വില പിന്നീട് താഴ്ന്ന തോടെ നിക്ഷേപകർക്ക് നഷ്ടം 20 ശതമാനം.
ലാഭകരമായ ഒന്നല്ല പേടിഎമ്മിൻ്റെ ബിസിനസ് മോഡൽ എന്ന മക്കാറി റിസർച്ച് റിപ്പോർട്ടും ഇന്നു പുറത്തുവന്നു.
1180 രൂപയ്ക്ക് ഐപിഒ നടത്തിയ സഫയർ ഫുഡ്സിൻ്റെ ഓഹരി 16 ശതമാനം ഉയർന്ന് 1369 രൂപയിൽ ലിസ്റ്റ് ചെയ്തു.
ലോക വിപണിയിൽ സ്വർണവില 1865-1866 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 80 രൂപ കൂടി 36,800 രൂപയിലെത്തി.


Tags:    

Similar News