ഓഹരി വിപണിയുടെ തുടക്കം താഴ്ചയോടെ, പിന്നീട് നഷ്ടം കുറച്ചു

വിപണി തിരിച്ചുവരവിന് ശ്രമിക്കുന്നു

Update: 2021-07-09 05:55 GMT

പടിഞ്ഞാറും കിഴക്കും നിന്നുള്ള കാറ്റുകൾ വിപണിയെ താഴോട്ടു തള്ളുന്നതായിരുന്നു. വ്യാപാരത്തിൻ്റെ തുടക്കം മുതലേ വിലകൾ ഇടിഞ്ഞു. എന്നാൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ വിപണി തിരിച്ചുവരവിനു ശ്രമിക്കുന്നതായി കാണപ്പെട്ടു. സെൻസെക്സ് നഷ്ടം 100 പോയിൻ്റിനടുത്തേക്കു കുറച്ചപ്പോൾ നിഫ്റ്റി താഴ്ച 20 പോയിൻ്റായി കുറച്ചു.

റിസൾട്ട് പ്രതീക്ഷ പോലെ വന്നില്ലെങ്കിലും ടിസിഎസ് ഓഹരികൾ തുടക്കത്തിൽ വലിയ തകർച്ച നേരിട്ടില്ല. കൂടുതൽ കരാറുകൾ ലഭിച്ചതും മാനേജ്മെൻ്റിൻ്റെ മികച്ച ശുഭപ്രതീക്ഷയുമാണു വിപണിയെ ആകർഷിച്ചത്. വ്യാപാരം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ ടിസിഎസിനു വില കയറി.
പൊതുവേ ഇന്നു ബാങ്ക് - ധനകാര്യ ഓഹരികൾക്ക് ഇടിവായിരുന്നു. കേരള ബാങ്കുകളുടെയും ഓഹരി വില ഇന്നു താഴോട്ടു നീങ്ങി. എന്നാൽ സി എസ് ബിയുടെ ഓഹരി രാവിലെ ഉയർന്നു. റിലയൻസ് ഓഹരി ഒരു ശതമാനത്തിലധികം താഴോട്ടു പോയി.
സ്റ്റീൽ, അലൂമിനിയം, ചെമ്പ് തുടങ്ങിയവയുടെ കമ്പനികൾക്കു വിലനിലവാരം ഇന്ന് ഉയർന്നു. ടാറ്റാ സ്റ്റീലും ഹിൻഡാൽകോയും വേദാന്തയും നല്ല നേട്ടമുണ്ടാക്കി.
കേരള ഗവണ്മെൻ്റുമായി പോരടിക്കുന്ന കിറ്റെക്സ് ഗാർമെൻ്റ്സിനു മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ക്ഷണം വിപണി പോസിറ്റീവായി കണക്കിലെടുത്തു. ഓഹരി വില ഇന്നു രാവിലെ അഞ്ചു ശതമാനത്തോളം ഉയർന്നു. ഒരാഴ്ചകൊണ്ട് എട്ടു ശതമാനം വില വർധനയുണ്ട്.
മലേഷ്യയിലും തായ് ലൻഡിലും റബർ വില താഴുകയാണ്. ചൈനയിലും അമേരിക്കയിലും ടയർ ഡിമാൻഡ് കുറയും എന്ന ആശങ്കയാണു കാരണം.
ഡോളർ ഇന്നു ദുർബലമായി. ആറു പൈസ താണ് 74.64 രൂപയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് 74.62 രൂപയിലേക്കു താണു.
ലോക വിപണിയിൽ സ്വർണം 1803 ഡാേളറിലാണ്. കേരളത്തിൽ പവന് 80 രൂപ വർധിച്ച് 35,800 രൂപയായി.
ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 74 ഡോളറിനു മുകളിൽ തുടരുന്നു.


Tags:    

Similar News