കരുത്തില്ലാതെ ആശ്വാസ റാലി; സൂചികകൾ ചാഞ്ചാടി

ടാറ്റാ മോട്ടാേഴ്‌സും മഹീന്ദ്രയും ബജാജ് ഓട്ടോയും മാരുതി സുസുകിയും ഹീറോ മോട്ടോ കോർപും ഉയർന്നു;

Update:2022-04-19 11:00 IST

പ്രതീക്ഷ പോലെ ചെറിയ ആശ്വാസറാലിയോടെ ഇന്നത്തെ വ്യാപാരം തുടങ്ങി. പക്ഷേ നേട്ടം ഭദ്രമായി മുന്നാേട്ടു കൊണ്ടുപോകാൻ പറ്റിയില്ല. വിശാലവിപണി നേട്ടത്തിൽ തുടർന്നെങ്കിലും മുഖ്യസൂചികകൾ പിന്നോട്ടടിച്ചു. വീണ്ടും തിരിച്ചു കയറി. വീണ്ടും നഷ്ടത്തിലായി. ബാങ്ക് ഓഹരികൾ ചാഞ്ചാടി.

അതേ സമയം മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ തുടക്കം മുതലേ ഒരു ശതമാനത്തിലേറെ നേട്ടത്തിലായിരുന്നു.

ഇൻഫോസിസ് ഇന്നും താഴോട്ടു നീങ്ങി. രാവിലെ ചെറിയ താഴ്ചയിലായിരുന്ന ഇൻഫി മിനിറ്റുകൾക്കകം ഒരു ശതമാനത്തിലധികം ഇടിഞ്ഞ് 1600 രൂപയിലെത്തി. ടിസിഎസും അര ശതമാനം താഴ്ചയിലായി. മികച്ച റിസൽട്ട് പുറത്തുവിട്ട മൈൻഡ് ട്രീ ഇന്നു താഴോട്ടു പോയി.

എച്ച്ഡിഎഫ്‌സിയും എച്ച്ഡിഎഫ്സി ബാങ്കും തുടർച്ചയായ രണ്ടാം ദിവസവും താഴോട്ടു നീങ്ങി. രണ്ട് ഓഹരികളും രണ്ടു ശതമാനത്തോളം ഇടിഞ്ഞു.വാഹന കമ്പനികൾ ഇന്നു നേട്ടത്തിലായി. ടാറ്റാ മോട്ടാേഴ്‌സും മഹീന്ദ്രയും ബജാജ് ഓട്ടോയും മാരുതി സുസുകിയും ഹീറോ മോട്ടോ കോർപും ഉയർന്നു.

ടാറ്റാ സ്റ്റീൽ, ഹിൻഡാൽകോ, വേദാന്ത, കോൾ ഇന്ത്യ, ജെഎസ്ഡബ്ള്യു സ്റ്റീൽ തുടങ്ങിയവ ഇന്നു നേട്ടമുണ്ടാക്കി. ലോക വിപണിയിൽ ലോഹങ്ങൾക്കു വില കൂടുകയാണ്. ഹിന്ദുസ്ഥാൻ കോപ്പർ അഞ്ചു ശതമാനത്തിലധികം ഉയർന്നു.

ലോക വിപണിയിൽ സ്വർണം 1976 ഡോളറിലാണ്. കേരളത്തിൽ പവന് വില മാറ്റമില്ല.

ഡോളർ ഇന്നും കരുത്തു കാണിച്ചു. മൂന്നു പൈസ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഡോളർ പിന്നീട് ആറു പൈസ നേട്ടത്തോടെ 76.32 രൂപയിലെത്തി.
Tags:    

Similar News