ലയനത്തില്‍ കത്തിക്കയറി ഗുജറാത്ത് ഗ്യാസ്, ഹോംലോണില്‍ ജിയോഫിന്‍ കുതിപ്പ്, കേരള ഓഹരികള്‍ക്ക് സമ്മിശ്രദിനം; വിപണിക്ക് തിങ്കളാഴ്ച്ച നല്ലദിനം

കേരള ഓഹരികളില്‍ കല്യാണ്‍ ജുവലേഴ്‌സ് നേട്ടം കൊയ്തപ്പോള്‍ ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികളില്‍ ഇടിവ്‌

Update:2024-09-02 17:54 IST
പുതിയ വാരത്തിന് റെക്കോഡ് നേട്ടത്തോടെ തുടക്കം കുറിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍. എഫ്.എം.സി.ജി, ബാങ്ക് ഓഹരികളിലെ റാലിയാണ് വില്‍പ്പന സമ്മര്‍ദ്ദത്തിനിടെയിലും ഇന്ന് വിപണിയെ റെക്കോഡിലെത്തിച്ചത്.
ഇന്ന് ഒരുവേള 82,725.28 വരെ ഉയര്‍ന്ന സെന്‍സെക്സ് 194 (0.24 ശതമാനം) നേട്ടത്തോടെ 82,559.84ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 25,333 പോയിന്റ് വരെ ഉയര്‍ന്ന ശേഷം 42.80 പോയിന്റ് (0.17 ശതമാനം) നേട്ടത്തോടെ 25,278.70ല്‍ എത്തി. ഇരു സൂചികകളടേയും ഏറ്റവും ഉയര്‍ന്ന ക്ലോസിംഗ് നിലവാരമാണിത്.
കരുത്തുറ്റ സാമ്പത്തിക വളര്‍ച്ചാ കണക്കുകളും യു.എസ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും വിപണിയ്ക്ക് മുന്നേറ്റത്തിന് കരുത്തു പകരുന്നുണ്ട്.
ബി.എസ്.ഇയില്‍ ഇന്ന് 4,187 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതില്‍ 1,776 ഓഹരികള്‍ നേട്ടത്തിലും 2,262 ഓഹരികള്‍ നഷ്ടത്തിലുമായി. 149 ഓഹരികളുടെ വിലയില്‍ മാറ്റമില്ല. മൂന്ന് ഓഹരികള്‍ അപ്പര്‍സര്‍ക്യൂട്ട് തൊട്ടപ്പോള്‍ നാല് ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലേക്ക് പോയി. 332 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടപ്പോള്‍ 34 ഓഹരികള്‍ 52 ആഴ്ചയിലെ താഴ്ച്ചയിലായി.

വിവിധ സൂചികകളുടെ ഇന്നത്തെ പ്രകടനം

സൂചികകളുടെ പ്രകടനം

നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഓഹരികള്‍ താഴെയായിരുന്നു. ബാങ്കിംഗ് സൂചികകള്‍ 0.17 ശതമാനം ഉയര്‍ന്ന് പച്ചയില്‍ ദിനം അവസാനിപ്പിച്ചു. ഐ.ടി, പൊതുമേഖല ബാങ്കുകള്‍, എഫ്.എം.സി.ജി സൂചികകള്‍ പോസിറ്റീവ് തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രാജ്യത്ത് വാഹന വില്പനയില്‍ ഓഗസ്റ്റില്‍ വലിയ ഇടിവുണ്ടായെന്ന വാര്‍ത്ത ഓട്ടോ സൂചികകളെ ചുവപ്പിലേക്ക് മാറ്റി. മീഡിയ, മെറ്റല്‍, ഫാര്‍മ സൂചികകളും മോശം പ്രകടനത്തോടെ താഴ്ന്നു.

ലയനത്തില്‍ കുതിച്ച് ഗുജറാത്ത് ഗ്യാസ്

വിപണിയിലെ ഇന്നത്തെ താരം ഗുജറാത്ത് ഗ്യാസ് ലിമിറ്റഡ് ആണ്. ഗുജറാത്ത് സര്‍ക്കാരിന്റെ കീഴിലുള്ള മൂന്നു കമ്പനികളെ ഗുജറാത്ത് ഗ്യാസില്‍ ലയിപ്പിക്കുമെന്ന വാര്‍ത്തകളാണ് വിപണിക്ക് ആവേശമായത്. ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോളിയം കോര്‍പറേഷന്‍ (ജി.എസ്.പി.സി), ജി.എസ്.പി.എല്‍, ജി.എസ്.പി.സി എനര്‍ജി എന്നീ കമ്പനികളാണ് ഗുജറാത്ത് ഗ്യാസിനോട് ചേരുന്നത്. ഒരുഘട്ടത്തില്‍ 13.69 ശതമാനം വരെ ഉയര്‍ന്ന ഓഹരികള്‍ 11.91 ശതമാനം നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. 2025 ഓഗസ്‌റ്റോടെ ലയനം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റിലയന്‍സിന്റെ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ സബ്‌സിഡിയറി കമ്പനിയായ ജിയോഫിന്‍ ഓഹരികളും ഇന്ന് കുതിച്ചു. 8.18 ശതമാനം ഉയരത്തിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. ഹോംലോണ്‍ ബിസിനസിലേക്ക് ഇറങ്ങുമെന്ന് വാര്‍ഷിക പൊതുയോഗത്തില്‍ മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നു. ഹോംലോണിനൊപ്പം പ്രൊപ്പര്‍ട്ടിയും ആസ്തികളും പണയംവച്ച് ലോണ്‍ നല്‍കുമെന്ന് കമ്പനി പ്രഖ്യാപിച്ചതും ഓഹരികള്‍ ഉയരത്തില്‍ പറക്കാന്‍ കാരണമായി.

നേട്ടത്തില്‍ ഇവര്‍

അദാനി ഓഹരികളെല്ലാം നേട്ടം രേഖപ്പെടുത്തിയ ദിവസം ഏറ്റവും നേട്ടമുണ്ടാക്കിയത് അദാനി പവര്‍ ആണ്. 5.85 ശതമാനം ഉയര്‍ന്നാണ് ഈ അദാനി ഓഹരി ദിവസം അവസാനിപ്പിച്ചത്. തമിഴ്‌നാട് ആസ്ഥാനമായുള്ള കോസ്റ്റല്‍ എനര്‍ജെന്‍ പ്രൈവറ്റ് ലിമിറ്റഡിനെ (സി.ഇ.പി.എല്‍) ഏറ്റെടുത്ത നടപടി പൂര്‍ത്തിയാക്കിയതാണ് അദാനി പവറിന്റെ ഓഹരികളില്‍ പ്രതിഫലിച്ചത്. 3,330.88 കോടി രൂപയുടേതാണ് ഇടപാട്.

നഷ്ടം നേരിട്ടവര്‍

ഇന്‍ഡസ് ടവേഴ്‌സ് ആണ് ഇന്ന് ശതമാന കണക്കില്‍ കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ ഓഹരി. 4.37 ശതമാനമാണ് ടെലികോം ടവര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഇടിവ്. ഫാര്‍മ ഓഹരികളുടെ ഇടിവില്‍ ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തിയത് മാന്‍കൈന്‍ഡ് ഫാര്‍മയ്ക്കാണ്. 3.53 ശതമാനം ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്.

കേരള കമ്പനികള്‍ക്ക് അത്ര പോരാ

കേരള കമ്പനികളെ സംബന്ധിച്ച് അത്ര മികച്ച ദിവസമായിരുന്നില്ല ഇന്ന്. 16 കമ്പനികള്‍ക്ക് മാത്രമാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. 28 കമ്പനികളുടെ ഓഹരികള്‍ താഴേക്ക് പോയി. കല്യാണ്‍ ജുവലേഴ്‌സാണ് കേരള ഓഹരികളില്‍ നേട്ടം കൊയ്തത്. വെള്ളിയാഴ്ച 0.08 ആയിരുന്നു ഉയര്‍ന്നതെങ്കില്‍ തിങ്കളാഴ്ച 3.87 ശതമാനമാണ് ഓഹരികള്‍ ഉയര്‍ന്നത്. വിവാഹ സീസണിന് തുടക്കമായത് കല്യാണിന്റെ വിറ്റുവരവ് വര്‍ധിപ്പിച്ചേക്കുമെന്ന നിഗമനങ്ങളാകും കല്യാണിലേക്ക് നിക്ഷേപകരെ ആകര്‍ഷിച്ചത്.
നേട്ടം കൊയ്ത മറ്റൊരു ഓഹരി മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസ് ആണ്. 3.72 ശതമാനം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍സും (3.24) നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

കേരള കമ്പനികളുടെ പ്രകടനം

സീഫുഡ്, അക്വകള്‍ച്ചര്‍ ഫാമിംഗ്, ചെമ്മീന്‍ കയറ്റുമതി തുടങ്ങിയവയില്‍ ശ്രദ്ധയൂന്നുന്ന കിംഗ്‌സ് ഇന്‍ഫ്ര വെന്‍ച്വേഴ്‌സ് 3.9 ശതമാനം ഇടിഞ്ഞു. ബാങ്കിംഗ് ഓഹരികളില്‍ കാത്തലിക് സിറിയന്‍ ബാങ്ക് (0.73), ഫെഡറല്‍ ബാങ്ക് (0.15) എന്നിവ നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. ധനലക്ഷ്മി ബാങ്കിനും (-0.28), സൗത്ത് ഇന്ത്യന്‍ ബാങ്കിനും (-0.86) ശോഭിക്കാനായില്ല.

ധനകാര്യ സ്ഥാപനങ്ങളില്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ 0.44 ശതമാനം ഇടിഞ്ഞു. മുത്തൂറ്റ് മൈക്രോഫിന്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് എന്നിവയും മോശം പ്രകടനം നടത്തി. ജിയോഫിന്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത് ഈ ഓഹരികളെ സ്വാധീനിച്ചിരിക്കാം.

തുടര്‍ച്ചയായി ഇടിവു രേഖപ്പെടുത്തുന്ന കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ 2.15 ശതമാനമാണ് താഴ്ന്നത്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ (-1.28), ഹാരിസണ്‍സ് മലയാളം (-1.92) ഓഹരികളും നിരാശപ്പെടുത്തി.

Tags:    

Similar News