ചുവപ്പിലേക്ക് വീണ് ഓഹരി വിപണി, ടാറ്റ മോട്ടോഴ്‌സിനും എൻ.ടി.പി.സിക്കും ഇടിവ്, കേരളാ ഓഹരികളില്‍ കൊച്ചിന്‍ മിനറല്‍സിന് നേട്ടം

നിഫ്റ്റി എഫ്.എം.സി.ജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചികകള്‍ മാത്രമാണ് പച്ചവെളിച്ചം കണ്ടത്

Update:2024-09-11 17:59 IST
ബെഞ്ച്മാർക്ക് സൂചികകൾ ഉയർന്ന തലങ്ങളിൽ ലാഭ ബുക്കിംഗിന് സാക്ഷ്യം വഹിച്ചപ്പോള്‍ ബുധനാഴ്ച വിപണി ചുവപ്പിലേക്ക് വീണു. നിഫ്റ്റി 0.49 ശതമാനം ഇടിഞ്ഞ് 24,918.45 ലും സെൻസെക്സ് 0.49 ശതമാനം നഷ്ടത്തില്‍ 81,523.16ലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 122 പോയിന്റിന്റേയും സെൻസെക്സ് 398 പോയിന്റെയും നഷ്ടമാണ് രേഖപ്പെടുത്തിയത്.
ബജാജ് ഓട്ടോ (3.88%), ഏഷ്യൻ പെയിൻ്റ്‌സ് (2.19%), ബജാജ് ഫിനാൻസ് (1.44%), ബ്രിട്ടാനിയ (0.57%), ശ്രീറാം ഫിനാൻസ് (0.55%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ടാറ്റ മോട്ടോഴ്‌സ് (-5.55%), ഒഎൻജിസി (-3.57%), വിപ്രോ (-2.15%), ഹിൻഡാൽകോ (-1.87%), എസ്ബിഐ (-1.73%) തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
ബിഎസ്ഇയിൽ വ്യാപാരം നടത്തിയ 4,044 ഓഹരികളില്‍ 2,434 ഓഹരികൾ നഷ്ടത്തിലായിരുന്നപ്പോള്‍ 1,504 ഓഹരികള്‍ നേട്ടത്തിലായിരുന്നു. 105 ഓഹരികള്‍ മാറ്റമില്ലാതെ തുടർന്നു.
52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിൽ രേഖപ്പെടുത്തിയ ഓഹരികളുടെ എണ്ണം 299 ഉം 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയവ 29 ഉം ആയിരുന്നു. അപ്പർ സർക്യൂട്ടിൽ 316 ഓഹരികളും ലോവർ സർക്യൂട്ടിൽ 244 ഓഹരികളും വ്യാപാരം നടത്തി.
വിവിധ സൂചികകളുടെ പ്രകടനം
വിശാല വിപണിയില്‍ ഇന്ന് ഭൂരിഭാഗം സൂചികകളും ചുവപ്പിലേക്ക് വീഴുന്ന കാഴ്ചയാണ് കണ്ടത്. നിഫ്റ്റി എഫ്.എം.സി.ജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചികകള്‍ മാത്രമാണ് പച്ചവെളിച്ചം തൊട്ടത്.
നിഫ്റ്റി സ്മാള്‍ ക്യാപ് 0.81 ശതമാനത്തിന്റെയും നിഫ്റ്റി മിഡ് ക്യാപ് 0.17 ശതമാനത്തിന്റെയും നഷ്ടം രേഖപ്പടുത്തി. ഓയില്‍ ഇന്ത്യ, ഐ.ഒ.സി, ഒ.എന്‍.ജി.സി ഓഹരികള്‍ക്ക് അടിപതറിയപ്പോള്‍ നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് 1.92 ശതമാനത്തിന്റെ ഇടിവുമായി നഷ്ടകണക്കില്‍ മുന്നിട്ടു നിന്നു. നിഫ്റ്റി പി.എസ്.യു ബാങ്ക് 1.75 ശതമാനത്തിന്റെ ഇടിവുമായി നഷ്ട പട്ടികയില്‍ രണ്ടാമതായി.
വിവിധ സൂചികകളുടെ പ്രകടനം

 

ടാറ്റാ മോട്ടോഴ്സ് ഓഹരിയുടെ വീഴ്ചയുടെ ചുഴിയില്‍പ്പെട്ട് നിഫ്റ്റി ഓട്ടോ 1.24 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി മീഡിയ 1.50 ശതമാനത്തിന്റെയും നിഫ്റ്റി മെറ്റല്‍ 1.40 ശതമാനത്തിന്റെയും നിഫ്റ്റി റിയാലിറ്റി 1.16 ശതമാനത്തിന്റെയും നഷ്ടം രേഖപ്പെടുത്തി.
നിഫ്റ്റി എഫ്.എം.സി.ജി 0.28 ശതമാനത്തിന്റെയും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 0.10 ശതമാനത്തിന്റെയും നേട്ടത്തില്‍ ക്ലോസ് ചെയ്തു.
നേട്ടത്തിലായവരും നഷ്ടത്തിലായവരും

ഷോപ്പേഴ്സ് സ്റ്റോപ്പ് ഓഹരി 8 ശതമാനത്തിലധികം ഉയർന്ന് പുതിയ ആജീവനാന്ത ഉയരം രേഖപ്പെടുത്തി. ഏകദേശം 20 ലക്ഷം ഓഹരികളാണ് ബുധനാഴ്ച കൈമാറ്റം ചെയ്യപ്പെട്ടത്. ഇത് ഒരു മാസത്തെ പ്രതിദിന ശരാശരിയായ 76,000 ഓഹരികളേക്കാൾ പലമടങ്ങ് കൂടുതലാണ്. ഷോപ്പേഴ്സ് സ്റ്റോപ്പ് ഓഹരി 886 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

നേട്ടത്തിലായവര്‍

അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചുപൂട്ടിയതിന് ശേഷം പ്രവർത്തനം പുനരാരംഭിച്ചതായി ഗോവ കാർബൺ കമ്പനി അറിയിച്ചതിനെത്തുടർന്ന് ഓഹരികൾ 3 ശതമാനത്തിലധികം ഉയർന്നു. ഗോവ കാർബൺ ഓഹരി 802.50 രൂപയിലാണ് ക്ലോസ് ചെയ്തത്.

ഇന്റർനാഷണൽ ബ്രോക്കറേജ് ആയ യു.ബി.എസ് സെക്യൂരിറ്റീസ് ടാറ്റ മോട്ടോഴ്‌സിന്റെ 'വിൽപ്പന' കോൾ നിലനിർത്തിയതിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരികൾ 5.7 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ ആഡംബര വാഹനമായ ജാഗ്വാർ ലാൻഡ് റോവറിന്റെയും ആഭ്യന്തര പാസഞ്ചർ വാഹന വിഭാഗത്തിന്റെയും മാർജിൻ സ്ലിപ്പേജ് നഷ്ടത്തിന് ആക്കം കൂട്ടി. ടാറ്റാ മോട്ടേഴ്സ് ഓഹരി 976.40 ലാണ് ക്ലോസ് ചെയ്തത്.
പൊതുമേഖലാ എണ്ണക്കമ്പനികളായ ഓയിൽ ഇന്ത്യ, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി) എന്നിവയുടെ ഓഹരികൾ യഥാക്രമം 4.31 ശതമാനത്തിന്റെയും 2.94 ശതമാനത്തിന്റെയും നഷ്ടം രേഖപ്പെടുത്തി. 
അസംസ്‌കൃത എണ്ണ വിലയിലുണ്ടായ ഇടിവാണ് ഓഹരികളുടെ നഷ്ടത്തിനുളള കാരണം.
നഷ്ടത്തിലായവര്‍

 

അസംസ്‌കൃത എണ്ണ വില ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതിനെ തുടര്‍ന്ന് പെയിന്റ് കമ്പനികളായ ഇൻഡിഗോ പെയിന്റ്സ്, ഷാലിമാർ പെയിന്റ്സ്, കൻസായി നെറോലാക്ക്, ഏഷ്യൻ പെയിന്റ്സ്, ബർഗർ പെയിന്റ്സ് എന്നിവയുടെ ഓഹരികൾ 1-3 ശതമാനം വരെ ഉയർന്നു. കുറഞ്ഞ അസംസ്‌കൃത വസ്തുക്കളുടെ വില ഈ ബിസിനസുകൾക്ക് വലിയ ലാഭവിഹിതമാണ് നല്‍കുന്നത്.
ബി.എം.ഡബ്ല്യു ഗ്രൂപ്പിന്റെ 2024 മാർഗനിർദേശം പാലിക്കാത്തതിനെ തുടര്‍ന്ന് സംവർദ്ധന മദർസൺ ഇന്റർനാഷണൽ ഓഹരികൾ ഏകദേശം 3 ശതമാനം ഇടിഞ്ഞു. സംവർദ്ധന മദർസണിന്റെ വരുമാനത്തിലേക്ക് ഏകദേശം അഞ്ച് ശതമാനം സംഭാവന ചെയ്യുന്നത് ബി.എം.ഡബ്ല്യുയാണ്. ഓഹരി 184.13 രൂപയിലാണ് ക്ലോസ് ചെയ്തത്.
സെഞ്ച്വറി ടെക്സ്റ്റൈൽസ് ആൻഡ് ഇൻഡസ്ട്രീസ് ഓഹരി നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ 7 ശതമാനം ഉയർന്ന് 2,689 രൂപ എന്ന പുതിയ റെക്കോർഡിലെത്തി. 4 ശതമാനം ഉയർച്ചയാണ് ബുധനാഴ്ച ഓഹരി കാഴ്ചവെച്ചത്. ആദിത്യ ബിർള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനി മുംബൈയിലെ വർലിയിൽ ഏകദേശം 10 ഏക്കർ പാട്ടഭൂമിയുടെ ഉടമസ്ഥാവകാശം വാഡിയ ഗ്രൂപ്പ് ചെയർമാൻ നുസ്ലി വാഡിയയിൽ നിന്ന് 1,100 കോടി രൂപയ്ക്ക് സ്വന്തമാക്കിയതിനെ തുടർന്നായിരുന്നു ഈ കുതിപ്പ്.
കൊച്ചിന്‍ മിനറല്‍സിന് നേട്ടം, ഹാരിസണ്‍സ് മലയാളത്തിന് വീഴ്ച
കേരള കമ്പനികള്‍ക്ക് ഇന്ന് വിപണിയില്‍ സമ്മിശ്ര ദിനമായിരുന്നു. 17 ഓഹരികള്‍ക്ക് മാത്രമാണ് നേട്ടത്തില്‍ ക്ലോസ് ചെയ്യാന്‍ സാധിച്ചത്. 27 ഓഹരികള്‍ നഷ്ടത്തില്‍ കലാശിച്ചു.
ഇന്ന് നേട്ടം കൊയ്തവരില്‍ മുന്നിലുള്ളത് എറണാകുളം ആലുവയിലെ എടയാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കെമിക്കല്‍ ഉത്പന്ന നിര്‍മ്മാതാക്കളായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (Cochin Minerals and Rutile/CMRL) ആണ്. 5.49 ശതമാനം വര്‍ധിച്ചാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. ജൂണ്‍ പാദത്തില്‍ 88.35 കോടി രൂപയുടെ വിറ്റുവരവും 5.95 കോടി രൂപ ലാഭവും നേടിയ കമ്പനിയാണിത്. സ്‌കൂബി ഡേ ഗാര്‍മെന്റ്‌സ് 3.79 ശതമാനം ഉയര്‍ന്ന് വ്യാപാരം അവസാനിച്ചു.
കേരളാ ഓഹരികളുടെ പ്രകടനം

 

ജൂണ്‍ 19ന് ലിസ്റ്റ് ചെയ്ത ആഡ്‌ടെക് സിസ്റ്റംസ് ഇന്നും നേട്ടം സമ്മാനിച്ചു. 1.98 ശതമാനം ഉയര്‍ച്ചയോടെയാണ് 
തിരുവനന്തപുരം ആസ്ഥാനമായ കമ്പനി
 ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 105 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം.
കേരളത്തില്‍ നിന്നുള്ള ബാങ്കിംഗ് ഓഹരികളില്‍ സി.എസ്.ബി നേട്ടം കൊയ്തു, 2.26 ശതമാനം. ധനലക്ഷ്മി ബാങ്ക് 1.02 ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തപ്പോള്‍ ഫെഡറല്‍ ബാങ്ക് ഓഹരികള്‍ (-1.08) ശതമാനം താഴ്ന്നു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ മിക്ക ഓഹരികളും നെഗറ്റീവ് ആണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞയാഴ്ചകളില്‍ മുന്നേറിയ ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ്, എഫ്.എ.സി.ടി ഓഹരികള്‍ക്ക് ഇന്ന് ക്ഷീണത്തോടെ അവസാനിപ്പിക്കേണ്ടി വന്നു. ഹാരിസണ്‍സ് മലയാളമാണ് ഏറ്റവും കൂടുതല്‍ ഇടിവ് നേരിട്ടത്, 4.65 ശതമാനം. ജിയോജിത്ത് (-3.32), ഫാക്ട് (-2.57) എന്നിവയ്ക്കും നഷ്ടം നേരിട്ടു.
Tags:    

Similar News