കരുതലോടെയുള്ള ആവേശത്തിൽ വിപണി; ശക്തികാന്ത ദാസ് പറയുന്നതിൽ ശ്രദ്ധ; വിദേശികൾ വിൽപന തുടരുന്നു
ആശങ്കകൾ നിലനിൽക്കുമ്പോഴും വിപണിയിൽ ഉത്സാഹം; ശക്തി കാന്ത ദാസ് എന്തു പറയും; തിളക്കമില്ലാതെ നൈക
അന്തരീക്ഷം, ആശങ്കകൾ ഉള്ളിൽ വഹിക്കുന്ന പ്രശാന്തിയുടേത്. പുറമേ കാണുന്ന ഉത്സാഹം അല്ല ഉള്ളിൽ. മുംബൈയിലും വാഷിംഗ്ടണിലുമുണ്ടാകാൻ പോകുന്ന ചില അറിയിപ്പുകളും യുക്രെയ്ൻ അതിർത്തിയിലെ സംഭവങ്ങളുമാണ് വിപണി ജാഗ്രതയോടെ ശ്രദ്ധിക്കുന്നത്. എല്ലാം വിപണിഗതിയെ മാറ്റാൻ തക്ക കാര്യങ്ങളാണ്.
ഇന്നലെ ലോകമെങ്ങും ഓഹരി വിപണികൾ ഉണർവിലായിരുന്നു. ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് ഉയർന്നു നിൽക്കുന്നു. ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണു വ്യാപാരം തുടങ്ങിയത്. സിംഗപ്പുർ എക്സ്ചേഞ്ചിൽ നിഫ്റ്റിയുടെ ഡെറിവേറ്റീവ് നേട്ടത്തിലാണ്. പൊതുവേ വിപണി ഉയർന്നു നീങ്ങാവുന്ന അന്തരീക്ഷം.
ഇന്നലെ സെൻസെക്സ് 657.39 പോയിൻ്റ് (1.14%) ഉയർന്ന് 58,465.97 ലും നിഫ്റ്റി 197.05 പോയിൻ്റ് (1.14%) ഉയർന്ന് 17,463.8 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 1.23 ശതമാനം കയറിയപ്പോൾ സ്മോൾ ക്യാപ് സൂചിക 0.57 ശതമാനമേ ഉയർന്നുള്ളൂ. ഓട്ടോ (2.19%), ഐടി (1.34%), മെറ്റൽ (1.58%), ബാങ്ക് (1.53%) തുടങ്ങിയ മേഖലകൾ മികച്ച നേട്ടം ഉണ്ടാക്കി.
വിദേശ നിക്ഷേപകർ ഇന്നലെയും വിൽപനക്കാരായിരുന്നു. 892.64 കോടിയുടെ ഓഹരികൾ അവർ വിറ്റു. ഇതോടെ ഈ മാസത്തെ വിൽപന 8088.55 കോടി രൂപയായി. സ്വദേശി ഫണ്ടുകൾ 1793.35 കോടിയുടെ ഓഹരികൾ വാങ്ങി.
വിപണി ബുള്ളിഷ് ആണെന്നു സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിഫ്റ്റി 17,640 മറികടന്നാൽ 18,000-ലേക്കും തുടർന്നു പുതിയ റിക്കാർഡിലേക്കും യാത്ര തുടങ്ങാം. ഇന്നു നിഫ്റ്റിക്ക് 17,375 ലും 17,290 ലും താങ്ങ് കാണുന്നു. ഉയരുമ്പോൾ 17,515- ഉം 17,565-ഉം തടസങ്ങൾ ആകും.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,555 വരെ ഉയർന്നു. ഇന്നു രാവിലെ 17,525 ലേക്കു താഴ്ന്നു. ഇന്ത്യൻ വിപണി ചെറിയ ഉയർച്ചയിലാകും വ്യാപാരം തുടങ്ങുക എന്നാണ് ഇതിലെ സൂചന.
യൂറോപ്യൻ സൂചികകൾ ഇന്നലെ ശരാശരി ഒന്നര ശതമാനം നേട്ടമുണ്ടാക്കി. യുഎസ് വിപണി നല്ല ഉയരത്തിലേക്കു കയറി. ഡൗ ജോൺസ് 35,768-ൽ എത്തി. ഡിസ്നിയും എംജിഎമും പ്രതീക്ഷയിലും നല്ല റിസൽട്ട് പ്രസിദ്ധീകരിച്ചതു വിപണിക്കു കരുത്തായി. ടെക് ഓഹരികൾ ഉയർന്നതോടെ നാസ്ഡാക് 2.1 ശതമാനം നേട്ടവുമായി 14,490 ലെത്തി.
ക്രൂഡ് താഴുന്നില്ല, സ്വർണം കയറി
ലോക വിപണിയിൽ ക്രൂഡ് ഓയിൽ ചെറിയ കയറ്റിറക്കങ്ങളോടെ നീങ്ങുന്നു. സ്പോട്ട് വിപണിയിൽ ബ്രെൻ്റ് 92.4 ഡോളറിലാണ്. ഫ്യൂച്ചേഴ്സിൽ 91.55 ഡോളറിലും. പ്രകൃതി വാതക വില നാലു ഡോളറിൽ തുടരുന്നു.
വ്യാവസായിക ലോഹങ്ങൾ കയറ്റത്തിലാണ്. അലൂമിനിയം രണ്ടു ശതമാനം ഉയർന്ന് ടണ്ണിന് 3266 ഡോളറിലെത്തി. ചെമ്പ് 9881 ഡോളറിലേക്കു കയറി. ഇരുമ്പയിര് നേരിയ താഴ്ചയാേടെ 148 ഡോളറിലാണ്.
സ്വർണം വീണ്ടും കയറി. ഔൺസിന് 1836 ഡോളർ വരെ എത്തിയ ശേഷം രാവിലെ 1833-1835 ഡോളറിലാണു വ്യാപാരം. കേരളത്തിൽ ഇന്നും സ്വർണ വില ഉയർന്നേക്കും.
റിസർവ് ബാങ്ക് എന്തു പറയും?
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് രാവിലെ പത്തിനു പറയുന്നത് എന്താണെന്നാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഇന്നു പകൽ ഇന്ത്യൻ വിപണിയുടെ ചലനം ദാസിൻ്റെ വാക്കുകളുടെ സൂചനയനുസരിച്ചാകും. റിസർവ് ബാങ്കിൻ്റെ പണ നയ കമ്മിറ്റി (എംപിസി) റീപോ നിരക്ക് കൂട്ടാൻ ഇത്തവണ തീരുമാനിക്കില്ല എന്നാണു വിപണിയുടെ നിഗമനം. അതേ സമയം റിവേഴ്സ് റീപോ 3.35 ശതമാനത്തിൽ നിന്നു കൂട്ടും. 3.5 ലേക്കോ 3.75 ലേക്കോ എന്നു മാത്രമേ അറിയാനുള്ളൂ. വിപണിയിൽ പണലഭ്യത ഉറപ്പുവരുത്താനാണ് 2020-ൽ റിവേഴ്സ് റീപോ പതിവിലും താഴ്ത്തി നിശ്ചയിച്ചത്. ബാങ്കുകൾ മിച്ച പണം റിസർവ് ബാങ്കിൽ നിക്ഷേപിക്കുമ്പോൾ നൽകുന്ന ഹ്രസ്വകാല പലിശയാണു റിവേഴ്സ് റീപോ. ഇതു കുറഞ്ഞു നിന്നാൽ റിസർവ് ബാങ്കിൽ പണമിടുന്നത് അനാകർഷകമാകും. അപ്പോൾ ബാങ്കുകൾ ഹ്രസ്വകാല പണ വിപണിയിൽ കൂടുതൽ പണമിറക്കും. അതു ഹ്രസ്വകാല പലിശ നിരക്കു കുറയാൻ സഹായിക്കും. ഈ നിരക്ക് കൂട്ടുമ്പോൾ പണവിപണിയിലെ പലിശനിരക്ക് ഉയരും. ക്രമേണ മറ്റു പലിശ നിരക്കുകളും കയറ്റത്തിലേക്കു മാറും. റിസർവ് ബാങ്ക് റീപോ നിരക്ക് എന്നു മുതൽ വർധിപ്പിക്കും എന്നതിൻ്റെ സൂചനയും ഇന്നു ദാസ് നൽകിയേക്കും.
വിലക്കയറ്റം കൂടിയാൽ
വീണ്ടും രാത്രി യുഎസ് ചില്ലറ വിലക്കയറ്റ കണക്കു വരുന്നു. ഡിസംബറിൽ ഏഴു ശതമാനമായിരുന്ന വിലക്കയറ്റം 7.3 ശതമാനമാകുമെന്നു നിരീക്ഷകർ കരുതുന്നു. നാലു പതിറ്റാണ്ടിലെ റിക്കാർഡിനു മുകളിലേക്ക് ജനുവരിയിലെ വിലക്കയറ്റം എത്തിയാൽ മാർച്ചിലെ ഫെഡ് യോഗം കുറഞ്ഞ പലിശ നിരക്ക് 0.5 ശതമാനത്തിലേക്ക് ഉയർത്തുമെന്നു വിപണി ഭയപ്പെടുന്നു. ഇന്നുതന്നെ യു എസ് തൊഴിലില്ലായ്മ കണക്കും വരാനുണ്ട്. അതു കുറവാണെന്നു കണ്ടാൽ പലിശ നിരക്കിലെ വർധന കൂടുതലാകുമെന്നു നിഗമനം.
യുക്രെയ്നിൽ ഉപരോധ നീക്കം
യുക്രെയ്നിലെ സംഘർഷം പരിഹാരമില്ലാതെ നീങ്ങുകയാണ്. ആണവ വിഷയത്തിലെ യുഎസ് -ഇറാൻ ചർച്ചകളും നടന്നു വരുന്നു. രണ്ടും ഇന്ധനവിലയെ നേരിട്ടു ബാധിക്കുന്ന കാര്യങ്ങളാണ്. യുക്രെയ്ൻ സംഘർഷം മൂർച്ഛിച്ചാൽ ക്രൂഡ് ഓയിൽ വില വീപ്പയ്ക്കു 120 ഡോളറിനു മുകളിൽ എത്തുമെന്നു പ്രമുഖ നിക്ഷേപ ബാങ്കുകൾ വിലയിരുത്തുന്നു. ഓഹരി വിപണികൾ തകർച്ചയിലാകും. റഷ്യ യുക്രെയ്നിൽ കയറിയാൽ റഷ്യയുടെ എണ്ണ കയറ്റുമതി വിലക്കുന്നതും വിദേശനാണ്യ വിനിമയം അസാധ്യമാക്കുന്നതും ആധുനിക മെസേജിംഗ് - കമ്യൂണിക്കേഷൻ സംവിധാനങ്ങൾ മുടക്കുന്നതും അടക്കമുള്ള കനത്ത ഉപരോധങ്ങളാണു പാശ്ചാത്യർ നടപ്പാക്കാൻ ആലോചിക്കുന്നത്.
നൈകാ തിളങ്ങിയില്ല
ഓൺലൈൻ ഫാഷൻ വിപണിയിൽ തിളങ്ങുന്ന നൈകായുടെ മൂന്നാം പാദ ഫലം ഒട്ടും തിളങ്ങിയില്ല. അറ്റാദായത്തിൽ 59 ശതമാനം ഇടിവ്. കമ്പനിയുടെ പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന വ്യാപാരം വാർഷികാടിസ്ഥാനത്തിൽ 49 ശതമാനവും തലേ പാദത്തെ അപേക്ഷിച്ച് 26 ശതമാനവും വർധിച്ചു. കമ്പനിയുടെ വരുമാനം 36 ശതമാനം കൂടി 1098 കോടി രൂപ എത്തിയെങ്കിലും അറ്റാദായം 29 കോടി മാത്രം.
This section is powered by Muthoot Finance