ഈ ബ്രോക്കിംഗ് ഓഹരി 40% വരെ ഉയരാം
ഇടക്കാല ലാഭവിഹിതമായി ഒരു ഓഹരിക്ക് 35.85 രൂപയും, ഇപ്പോള്‍ അന്തിമ ലാഭവിഹിതം 4 രൂപയും പ്രഖ്യാപിച്ചു.
സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയായ എയ്ഞ്ചല്‍ വണ്‍ (Angel One) 2022 -23 ല്‍ മികച്ച സാമ്പത്തിക ഫലമാണ് പുറത്തുവിട്ടത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നിക്ഷേപകര്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്കാന് സാധിച്ചിട്ടുണ്ട്. ഓഹരിയില്‍ ഏപ്രില്‍ മാസം ഇടിവ് ഉണ്ടായെങ്കിലും മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഓഹരി 40% വരെ കയറാന്‍ സാധ്യത ഉണ്ട്. ഇതിനു ചില അനുകൂല ഘടകങ്ങൾ ഉണ്ട്.
1. 2022 -23 ല്‍ നാലാം പാദത്തില്‍ അറ്റാദായം 30% വര്‍ധിച്ച് 270 കോടി രൂപയായി. പ്രവര്‍ത്തന ചെലവുകള്‍ പ്രതീക്ഷിച്ചതിലും കുറവായിരുന്നു, 273 കോടി രൂപ (19 % വര്‍ധന). ഇടക്കാല ലാഭവിഹിതമായി ഒരു ഓഹരിക്ക് 35.85 രൂപയും, ഇപ്പോള്‍ അന്തിമ ലാഭവിഹിതം 4 രൂപയും പ്രഖ്യാപിച്ചു.
2. ഒരു ഉപയോക്താക്താവില് നിന്നുള്ള ശരാശരി വരുമാനം 414 രൂപയില്‍ നിന്ന് 427 രൂപയായി വര്‍ധിച്ചു. അവധി വ്യാപാരത്തില്‍ നിന്നുള്ള വരുമാനം മൊത്തം വരുമാനത്തിന്റെ 82 ശതമാനത്തില്‍ നിന്ന് 87 ശതമാനമായി വര്‍ധിച്ചു.
3. ചെലവ് വരുമാന അനുപാതം 45.1 ശതമാനത്തില്‍ നിന്ന് 42.5 ശതമാനമായി കുറഞ്ഞു. ജീവനക്കാരുടെ വേതന ചെലവുകള്‍ 32% കുറഞ്ഞ് 80 കോടി രൂപയായി. ഭരണ ചെലവുകള്‍ ത്രൈമാസ അടിസ്ഥാനത്തില്‍ 28% വര്‍ധിച്ച് 197 കോടി രൂപയായി.
4. കമ്പനി പുറത്തിറക്കിയ സൂപ്പര്‍ ആപ്പ് വഴി കൂടുതല്‍ ബിസിനസ് നേടാന്‍ കഴിയുന്നുണ്ട് - മ്യൂച്വല്‍ ഫണ്ട് എസ് . ഐ . പി നിക്ഷേപം ഇരട്ടിച്ചു. ഇന്‍ഷുറന്‍സ് വിതരണം, റീറ്റെയ്ല്‍ വായ്പകള്‍ എന്നിവ ആപ്പിലൂടെ നല്കാന് സാധിക്കുന്നുണ്ട്.
5. പുതുതായി 1.3 ദശലക്ഷം ഉപഭോക്താക്കളെ നേടിയിട്ടുണ്ട്, മൊത്തം 1.38 കോടി (വിപണി വിഹിതം 12 %). അവധി വ്യാപാരത്തില്‍ വിപണി വിഹിതം 22.8 ശതമാനമായി (മുന്‍ പാദത്തില്‍ 21.6 %). കമ്മോഡിറ്റി വിഭാഗത്തില്‍ 55.2 ശതമാനമായി ഉയര്‍ന്നു (നേരത്തെ 52.4% ആയിരുന്നു).
6. ഫെബ്രുവരിയില്‍ മ്യൂച്വല്‍ ഫണ്ട് ആരംഭിക്കാന്‍ സെബി അനുമതി ലഭിച്ചു. അടുത്ത വര്‍ഷം ആരംഭിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.
മികച്ച ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയും, പുതിയ ബിസിനസ് ആരംഭിക്കുന്നതിലൂടെയും 2023-24, 2024 -25 കാലയളവില്‍ മികച്ച വരുമാന വളര്‍ച്ച പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -1800 രൂപ
നിലവില്‍ - 1221 രൂപ
Stock Recommendation by Motilal Oswal Investment Services
(Equity investing is subject to market risk. Always do your own research before investing.)