ഈ ലോജിസ്റ്റിക്‌സ് കമ്പനിയുടെ ഓഹരികള്‍ ബുള്ളിഷാകാനുള്ള കാരണങ്ങള്‍ അറിയാം
ചെലവ് ചുരുക്കിയും കടം കുറച്ചും ബ്ലൂ ഡാര്‍ട്ട് എക്‌സ്പ്രസ് വരുമാനത്തില്‍ 20.7 % വര്‍ധനവ്
നാല് പതിറ്റാണ്ട് മുന്‍പ് ആരംഭിച്ച ബ്ലൂ ഡാര്‍ട്ട് (Blue Dart Express Limited) നൂതന സാങ്കേതിക വിദ്യ ഉപയോഗപെടുത്തി അതി വേഗം വികസിക്കുന്ന ഇന്ത്യന്‍ ലോജിസ്റ്റിക്‌സ് കമ്പനിയാണ്. ഡ്രോണുകള്‍ ഉപയോഗിച്ച് പ്രതിരോധ കുത്തിവയ്പ്പുകള്‍ വിദൂര കോണുകളില്‍ എത്തിക്കാനുള്ള വിതരണ പരീക്ഷണങ്ങള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ തെലിംഗാന സര്‍ക്കാരിന്റെ 'ആകാശത്ത് നിന്ന് മരുന്ന്' എന്ന പദ്ധതിയുടെ ഭാഗമായി നടത്തി. ഇന്ത്യയില്‍ 35000 സ്ഥലങ്ങളില്‍ ഉല്‍പന്നങ്ങള്‍ വിതരണം നടത്തുകയും 220 രാജ്യങ്ങളില്‍ ശൃംഖല വികസിപ്പിച്ചും ലോജിസ്റ്റിക്‌സ് രംഗത്ത് ശക്തമായ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ് ബ്ലൂ ഡാര്‍ട്ട്.
2021-22 ലെ നാലാം പാദത്തില്‍ വരുമാനം 20.7 % വര്‍ധിച്ച് 1,166 കോടി രൂപ യായി. പ്രതികൂല ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിലും മികച്ച വളര്‍ച്ച കൈവരിക്കാന്‍ ബ്ലൂ ഡാര്‍ട്ടിന് സാധിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ കടം 2845 ദശലക്ഷം രൂപയില്‍ നിന്ന് 157 ദശലക്ഷം രൂപയായി കുറക്കാന്‍ സാധിച്ചു.
ഇ കോമേഴ്സ് രംഗത്ത് നിന്നുള്ള ശക്തമായ ഡിമാന്റ് ബ്ലൂ ഡാര്‍ട്ടിന്റെ വളര്‍ച്ചക്ക് സഹായകരമാകുന്നുണ്ട്. ചരക്ക് കൈകാര്യം ചെയ്യുന്ന ചെലവ് 8 ശതമാനവും, ജീവനക്കാരുടെ ചെലവില്‍ 20 ശതമാനവും കുറവ് വരുത്താന്‍ സാധിച്ചു. ചെറിയ നഗരങ്ങളിലേക്കും ബിസിനസ് വ്യാപിക്കാന്‍ ഉദ്ദേശിക്കുന്നു.
അതിനൂതന ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ ബി ടു ബി, ബി ടു സി (B2 B , B2C ) ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ സാധിക്കുന്നു.
ഇ കോമേഴ്സ് രംഗത്ത് നിന്ന് നിലവില്‍ 25 % വരുമാനം നേടുന്നത് മൊത്തം വരുമാനത്തിന്റെ 40 ശതമാനം വരെ ഉയര്‍ത്താന്‍ സാധിക്കുമെന്ന് കമ്പനി കരുതുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ പി എം ഗതി ശക്തി പദ്ധതിയിലൂടെ അടിസ്ഥാന സൗകര്യ വികസനവും ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍, സമര്‍പ്പിത റയില്‍ ഇടനാഴികള്‍, പുതിയ സാമ്പത്തിക മേഖലകള്‍ സൃഷ്ടിക്കുന്നതും ലോജിസ്റ്റിസ്‌ക് വ്യവസായത്തിന്റെ വളര്‍ച്ചക്ക് അനുകൂല സാഹചര്യം ഉണ്ടാക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം : വാങ്ങുക ( Buy )
ലക്ഷ്യ വില : 9322 രൂപ നിലവില്‍ 6835 രൂപ
(Stock Recommendation by Nirmal Bang Research).
(ഇതൊരു ധനം സ്‌റ്റോക്ക് റെക്കമെന്റേഷന്‍ അല്ല)