വൈദ്യുത വാഹനങ്ങള്‍ക്കുള്ള ലൂബ്രിക്കന്റുകളിലേക്കും കടന്നു, ഈ ഓഹരി എങ്ങോട്ട്?
പ്രവര്‍ത്തന വരുമാനം 7% വര്‍ധിച്ചു, പുതിയ ഉത്പന്നങ്ങള്‍ക്ക് മികച്ച സ്വീകാര്യത
115 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഓട്ടോമൊബൈല്‍, വ്യാവസായിക ഓയില്‍ നിര്‍മാതാക്കളാണ് കാസ്‌ട്രോള്‍ ഇന്ത്യ (Castrol (India) Ltd). ഇന്ത്യയില്‍ ഒരു നിമിഷത്തില്‍ 6 ലിറ്റര്‍ ലൂബ്രിക്കന്റ് വിറ്റഴിക്കപ്പെടുന്നു. 2023-24 ഡിസംബര്‍ പാദത്തില്‍ മെച്ചപ്പെട്ട പ്രവര്‍ത്തന ഫലം പുറത്തുവന്നതോടെ ഓഹരിയില്‍ പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ട്. 1,05,000 റീറ്റെയ്ല്‍ ഔട്ട്‌ലെറ്റുകളില്‍ കാസ്‌ട്രോള്‍ ഉത്പന്നങ്ങള്‍ ലഭ്യമാണ്. 420 വിതരണക്കാര്‍ കമ്പനിക്കുണ്ട്.
1. 2023-24 ഡിസംബര്‍ പാദത്തില്‍ പ്രവര്‍ത്തന വരുമാനം 7% വര്‍ധിച്ച് 1,264 കോടി രൂപയായി. നികുതിക്ക് മുന്‍പുള്ള ലാഭം 31 ശതമാനം വര്‍ധിച്ച് 324 കോടി രൂപയായി. ഡിസംബര്‍ പാദത്തില്‍ 550 ലക്ഷം ലിറ്റര്‍ ലൂബ്രിക്കന്റ്‌സ് വിറ്റഴിച്ചു.
2. പുതിയതായി പുറത്തിറക്കിയ മാഗ്‌നെറ്റിക് എസ്.യു.വി-530, കാസ്‌ട്രോള്‍ സി.ആര്‍.ബി എസെന്‍ഷ്യല്‍ എന്നീ ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ മികച്ച പ്രതികരണം ലഭിച്ചു.
3. പുതിയ ബ്രാന്‍ഡ് പ്രചാരണ പരിപാടി സംഘടിപ്പിച്ചു. ഗ്രാമീണ മേഖലയില്‍ സി.എസ്.ടി ആര്‍.എല്‍. എക്‌സ്പ്രസ് (CSTRL Express) എന്ന സേവനം ജിയോ- ബി.പി ഇന്ധന സ്റ്റേഷനുകളില്‍ ആരംഭിച്ചു. ഇത് എതിരാളികളായ കമ്പനികള്‍ ആരും നടപ്പാക്കാത്ത തന്ത്രമാണ്.
4. ടി.വി.എസ് ആരംഭിച്ച കെ.ഐ മൊബിലിറ്റി സൊല്യൂഷന്‍സ് എന്ന ഓട്ടോമൊബൈല്‍ ഡിജിറ്റല്‍ ആഫ്റ്റര്‍ മാര്‍ക്കറ്റ് കമ്പനിയില്‍ 7 ശതമാനം ഓഹരി പങ്കാളിത്തം കരസ്ഥമാക്കി.
5. വൈദ്യുത വാഹനങ്ങള്‍ക്ക് വേണ്ട ലൂബ്രിക്കന്റ് രംഗത്തേക്കും കടന്നു. സി.എസ്.ടി.ആര്‍.എല്‍ ഓണ്‍ എന്ന ബ്രാന്‍ഡില്‍ ടാറ്റ എം.ജി ഹെക്റ്റര്‍ വൈദ്യുത വാഹനങ്ങള്‍ക്ക് വേണ്ട എണ്ണ നിര്‍മിച്ചു നല്‍കുന്നുണ്ട്.
6. ബാറ്ററി, ഡാറ്റ മാനേജ്മെന്റ് ഉത്പന്നങ്ങള്‍ പുറത്തിറക്കാന്‍ ആഗോള തലത്തില്‍ 500 കോടി രൂപയുടെ നിക്ഷേപം നടത്തി. എല്ലാ വര്‍ഷവും 100 കോടി രൂപ മൂലധന ചെലവ് നടത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
7. കഴിഞ്ഞ മൂന്ന് വര്‍ഷമായി ആസ്തിയില്‍ നിന്നുള്ള ആദായം 26.6 ശതമാനമാണ്. ഡിസംബര്‍ പാദത്തില്‍ 550 ലക്ഷം ലിറ്റര്‍ ലൂബ്രിക്കന്റ്‌സ് വിറ്റഴിച്ചു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- വാങ്ങുക (Buy)
ലക്ഷ്യ വില- 230 രൂപ
നിലവില്‍ വില- 198.20 രൂപ
Stock Recommendation by Motilal Oswal Financial Services
(Equity investing is subject to market risk. Always do your own research or consult a financial expert before investing)