മാര്‍ജിന്‍ വര്‍ധിക്കും, വിപണി വിഹിതം മെച്ചപ്പെടും, ഹാവെല്‍സ് ഇന്ത്യ ഓഹരികള്‍ പരിഗണിക്കാം

വരുമാനം 13% വര്‍ധിച്ചു, മാര്‍ജിന്‍ 1.8 % ഇടിഞ്ഞു. 2023 -24 ല്‍ പ്രവര്‍ത്തന ഫലം മെച്ചപ്പെടും

Update:2023-01-25 15:06 IST

ഇലക്ട്രിക്കല്‍ കണ്‍സ്യൂമര്‍ വിഭാഗത്തില്‍ ഇന്ത്യയിലെ പ്രമുഖ കമ്പനിയാണ് ഹാവെല്‍സ് ഇന്ത്യ (Havells india Ltd). ഫാന്‍, ഗൃഹോപകരണങ്ങള്‍, ലൈറ്റുകള്‍, കേബിളുകള്‍, എയര്‍ കൂളര്‍, വാട്ടര്‍ ഹീറ്റര്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നുണ്ട്.

2022 -23 ഡിസംബര്‍ പാദത്തില്‍ വരുമാനം 13 % വര്‍ധിച്ച് 4119 കോടി രൂപയായി. കേബിളുകള്‍, ലോയിഡ് ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പന വര്‍ധിച്ചതാണ് വരുമാനം കൂടാന്‍ കാരണം. നികുതിക്കും പലിശയ്ക്കും മുന്‍പുള്ള മാര്‍ജിന്‍ (EBITDA marjin ) 1.8 % കുറഞ്ഞ് 10.3 ശതമാനമായി. അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനവ് ചെലവില്‍ സമ്മർദ്ദം  ഉണ്ടാക്കും. വിപണിയില്‍ കൂടുതല്‍ മത്സരം നേരിടുന്നതും മാര്‍ജിനില്‍ കുറവ് ഉണ്ടാകാന്‍ കാരണമായി.
ലൈറ്റിംഗ്, ഫിക്‌സ്ചര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗതില്‍ വളര്‍ച്ച 3 -5 ശതമാനമായി കുറഞ്ഞു. ഊര്‍ജ സംരക്ഷണത്തിനുള്ള സ്റ്റാര്‍ റേറ്റിംഗ് ഫാനുകള്‍ക്ക് നിര്‍ബന്ധമാക്കിയത് കൊണ്ട് ഉല്‍പ്പാദന ചെലവ് വര്‍ധിക്കുകയാണ്. റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ മുന്നേറ്റം ഉണ്ടാകുന്നത് കൊണ്ട് ഹാവെല്‍സ് കമ്പനിയുടെ വ്യാവസായിക ബിസിനസ് മെച്ചപ്പെടുമെന്ന് കരുതുന്നു.
കേബിളുകള്‍, സൗരോര്‍ജ പ്ലാന്റ്റുകള്‍, സ്വിച്ച് ഗിയര്‍, കണ്‍ട്രോള്‍ ഗിയര്‍ തുടങ്ങിയവയാണ് വ്യാവസായിക വിഭാഗത്തില്‍ നിന്ന് വരുമാനം നേടികൊടുക്കുന്നത്. രണ്ടാം നിര നഗരങ്ങളില്‍ ശക്തമായ സാന്നിധ്യം ഉള്ളത് കൊണ്ട് ബിസിനസ് മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 2021 -22 മുതല്‍ 2024 -25 കാലയളവില്‍ 16 % വരുമാന വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും.
വായു ശുദ്ധീകരിക്കാനുള്ള നൂതനമായ എയര്‍ പ്യൂരിഫയര്‍ മെഡിറ്റെറ്റ് എന്ന ബ്രാന്‍ഡില്‍ പുറത്തിറക്കിയിട്ടുണ്ട്. ബാക്റ്റീരിയ, സൂക്ഷ്മ അണുക്കള്‍ എന്നിവയെ നശിപ്പിക്കാന്‍ ശേഷി ഉള്ളതാണ് പുതിയ മെഷീന്‍. ഇതിന് വ്യാവസായിക, വാണിജ്യ മേഖലയില്‍ സ്വീകാര്യത കൂടുമെന്ന് കരുതുന്നു.
അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവ് മിതപ്പെട്ടത് കൊണ്ട് മാര്‍ജിന്‍ മെച്ചപ്പെടും. പുതിയ നൂതന ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കും. അതിലൂടെ വരുമാനം വര്‍ധനവും പ്രതീക്ഷിക്കുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില- 1311 രൂപ

നിലവില്‍ - 1180 രൂപ

( Stock Recommendation by Geojit Financial Services )



Tags:    

Similar News